ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പരിശീലകസ്ഥാനത്തേക്കു മടങ്ങിയെത്തിയിരിക്കുന്ന മഹേല ജയവര്‍ധനെ. മുന്‍ സൗത്താഫ്രിക്കന്‍ താരം മാര്‍ക്ക് ബൗച്ചറിനെ പുറത്താക്കിയാണ് തങ്ങള്‍ക്കു ഏറ്റവും വിശ്വസ്തനായ ജയവര്‍ധനെയെ കോച്ചായി മുംബൈ തിരികെ കൊണ്ടുവന്നിട്ടുള്ളത്. കഴിഞ്ഞ സീസണില്‍ ടീമിന്റെ ദയനീയ പ്രകടനവും ടീമിനകത്തെ പ്രശ്‌നങ്ങളുമാണ് അദ്ദേഹത്തെ തിരികെ വിളിക്കാന്‍ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചതെന്നാണ് സൂചനകള്‍.
മുഖ്യ കോച്ചായുള്ള ജയവര്‍ധനെയുടെ മടങ്ങിവരവ് മുംബൈയുടെ ആരാധകരെയും വലിയ ആവേശത്തിലാക്കിയിരിക്കുകയാണ്. ടീമിനെ വീണ്ടും ചാംപ്യന്‍ പട്ടത്തിലേക്കു നയിക്കാന്‍ അദ്ദേഹത്തിനു സാധിക്കുമെന്നാണ് അവര്‍ ഉറച്ചു വിശ്വസിക്കുന്നത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു മുംബൈ കൂപ്പുകുത്തിയിരുന്നു.
രോഹിത് ശര്‍മയെ നീക്കി ഹാര്‍ദിക് പാണ്ഡ്യയെ നായകസ്ഥാനമേല്‍പ്പിച്ചതു മുതല്‍ മുംബൈ ടീമിനകത്തു ആഭ്യന്തര പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നു. ഇതു ടീമിനകത്തു വലിയ ഭിന്നിപ്പുണ്ടാക്കുകയും ചെയ്തു. സീസണില്‍ മുംബൈയുടെ ദയനീയ പ്രകടനത്തിന്റെ കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നതു ഇതാണ്.
ഇവയെല്ലാം പരിഹരിച്ച് മുംബൈയെ പഴയെ മുംബൈയാക്കി മാറ്റുകയെന്ന വലിയ ദൗത്യമാണ് ജയവര്‍ധനെയ്ക്കുള്ളത്. വരാനിരിക്കുന്നവ സീസണില്‍ ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി മെഗാ ലേലത്തില്‍ ചില മുന്‍ കളിക്കാരെ അദ്ദേഹം തിരികെ കൊണ്ടുവന്നേക്കും. ജയവര്‍ധനെ തിരികെ വാങ്ങാനിടയുള്ള ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ട്രെന്റ് ബോള്‍ട്ട്
ന്യൂസിലാന്‍ഡിന്റെ ഇടംകൈയന്‍ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. അദ്ദേഹത്തെ കൈവിട്ടതിനു ശേഷം ജസ്പ്രീത് ബുംറയ്ക്കു മികച്ചൊരു പേസ് ബൗളിങ് പങ്കാളിയെ കണ്ടെത്താാന്‍ മുംബൈയ്ക്കായിട്ടില്ല. 2021ലെ സീസണിനു ശേഷമാണ് ബോള്‍ട്ടിനെ മുംബൈ ഒഴിവാക്കിയത്. തുടര്‍ന്നു മെഗാ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് അദ്ദേഹത്തെ സ്വന്തമാക്കുകയായിരുന്നു.
കഴിഞ്ഞ മൂന്നു സീസണുകളിലും റോയല്‍സ് പേസാക്രമണത്തിന്റെ കുന്തമുനയായി ബോള്‍ട്ട് മാറിയിരുന്നു. പക്ഷെ മെഗാ ലേലത്തിനു മുമ്പ് അദ്ദേഹത്തെ റോയല്‍സ് നിലനിര്‍ത്തുമോയെന്ന കാര്യം സംശയമാണ്. അങ്ങനെ വന്നാല്‍ ലേലത്തില്‍ എന്തു വില കൊടുത്തും ബോള്‍ട്ടിനെ തിരികെ വാങ്ങാന്‍ മുംബൈ കോച്ച് മഹേല ജയവര്‍ധനെ ശ്രമിക്കുമെന്ന കാര്യമുറപ്പാണ്.
ക്രുനാല്‍ പാണ്ഡ്യ
സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയാണ് ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് തിരികെ വാങ്ങാനിടയുള്ള രണ്ടാമത്തെ താരം. ട്രെന്റ് ബോള്‍ട്ടിനൊപ്പം 2021ലെ സീസണിനു ശേഷം മുംബൈ കൈവിട്ട താരമാണ് അദ്ദേഹം. തുടര്‍ന്നു ക്രുനാലിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കുകയും ചെയ്തു. അടുത്ത സീസണില്‍ അദ്ദേഹത്തെ എല്‍എസ്ജി നിലനിര്‍ത്താനിടയില്ലെന്നാണ് സൂചനകള്‍.
കഴിഞ്ഞ മൂന്നു സീസണുകളിലായി മികച്ചൊരു സ്പിന്നറുടെ അഭാവം മുംബൈയ്ക്കുണ്ട്. ഈ കുറവ് നികത്താന്‍ ക്രുനാലിനു കഴിയും. വിക്കറ്റുകളെടുക്കുന്നതിനൊപ്പം ലോവര്‍ ഓര്‍ഡറില്‍ ബാറ്റിങിലും നിര്‍ണായക സംഭാവനകള്‍ നല്‍കാനും അദ്ദേഹത്തിനു സാധിക്കും.
മുംബൈയില്‍ നേരത്തേ ബാറ്റിങിലും ബൗളിങിലും വലിയ ഇംപാക്ടുണ്ടാക്കിയിരുന്ന താരമാണ് ക്രുനാല്‍. അതിനാല്‍ അദ്ദേഹത്തെ വീണ്ടും തന്റെ ടീമില്‍ കാണാന്‍ ജയവര്‍ധനെയും ആഗ്രഹിക്കുമെന്നുറപ്പാണ്.

നിതീഷ് റാണ
സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് റാണയാണ് ലേലത്തില്‍ മഹേല ജയവര്‍ധനെ തിരികെ വാങ്ങാന്‍ സാധ്യതയുള്ള മൂന്നാമത്തെയാള്‍. 2017ലെ ഐപിഎല്ലില്‍ മുംബൈ ചാംപ്യന്‍മാരായപ്പോള്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ സീസണിനു ശേഷം റാണയെ മുംബൈ കൈവിട്ടു. 2018ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെത്തിയ അദ്ദേഹം പിന്നീട് അവര്‍ക്കൊപ്പം തന്നെയാണ്.
2023ലെ ഐപിഎല്ലില്‍ സ്ഥിരം ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ കെകെആറിനെ റാണ നയിക്കുകയും ചെയ്തു. അടുത്ത സീസണിലും അദ്ദേഹം കെകെആറിലുണ്ടാവുമോയെന്ന കാര്യം സംശയമാണ്. അതിനാല്‍ ലേലത്തില്‍ റാണയ്ക്കു മേലും ജയവര്‍ധനെയുടെ ഒരു കണ്ണുണ്ടാവും.