ഐപിഎല്‍ മെഗാ താരലേലം കഴിഞ്ഞതോടെ മുഴുവന്‍ ടീമുകളും അടുത്ത സീസണിലേക്കുള്ള പ്ലെയിങ് ഇലവനെക്കുറിച്ച് ആലോചന തുടങ്ങിക്കഴിഞ്ഞു. രണ്ടു ദിവസങ്ങളായി സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന താരലേലത്തില്‍ ആകെ വിറ്റുപോയത് 182 കളിക്കാരാണ്. ഇവര്‍ക്കായി പത്തു ഫ്രാഞ്ചൈസികളും കൂടി മുടക്കിയതാവട്ടെ 639.15 കോടി രൂപയുമാണ്. ആകെ 577 താരങ്ങളുടെ പൂളില്‍ നിന്നാണ് തങ്ങള്‍ക്കു ആവശ്യമായ 182 കളിക്കാരെ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയിരിക്കുന്നത്.
27 കോടിയുമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമായി മാറിയപ്പോള്‍ 26.75 കോടിി സ്വ്ന്തമാക്കി മറ്റൊരു ഇന്ത്യന്‍ താരമായ ശ്രേയസ് അയ്യര്‍ തൊട്ടു പിന്നിലുമെത്തി. 23.75 കോടി ലഭിച്ച ഇന്ത്യന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരാണ് ലിസ്റ്റിലെ മൂന്നാമനായത്.
ഓപ്പണിങ് ജോടികളെന്നത് ടി20 ഫോര്‍മാറ്റില്‍ ഏതു ടീമിനെ സംബന്ധിച്ചും ഏറെ നിര്‍ണായകമാണ്. കാരണം ഓപ്പണര്‍മാര്‍ നല്‍കുന്ന മികച്ച തുടക്കങ്ങളാണ് പലപ്പോഴും മല്‍സരഗതി നിര്‍ണയിക്കാറുള്ളത്. അതുകൊണ്ടു തന്നെ ഐപിഎല്ലിന്റെ അടുത്ത സീസണില്‍ ഏറ്റവും മികച്ച ഓപ്പണിങ് സഖ്യത്തെ തന്നെ പരീക്ഷിക്കാന്‍ എല്ലാ ടീമുകളും ശ്രമിക്കുമെന്നുറപ്പാണ്. പത്തു ടീമുകളുടെയും ഓപ്പണിങ് കോമ്പിനേഷനുകള്‍ എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

സിഎസ്‌കെ
അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് കഴിഞ്ഞ സീസണിലെ അതേ ഓപ്പണിങ് ജോടിയെ തന്നെയാണ് അടുത്ത സീസണിലും ഇറക്കുക. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനൊപ്പം ന്യൂസിലാന്‍ഡിന്റെ ഡെവന്‍ കോണ്‍വേയായിരിക്കും അവര്‍ക്കായി ഓപ്പണ്‍ ചെയ്യുക, ലേലത്തിലാണ് കോണ്‍വേയെ സിഎസ്‌കെ തിരികെ വാങ്ങിയത്.
ഡിസി
ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി ഓപ്പണ്‍ ചെയ്യുക ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലും ഓസ്‌ട്രേലിയയുടെ യുവ വെടിക്കെട്ട് ഓപ്പണര്‍ ജെയ്ക്ക് ഫ്രേസര്‍ മഗ്യുര്‍ക്കും ചേര്‍ന്നായിരിക്കും. കഴിഞ്ഞ സീസണിലും ഓപ്പണ്‍ ചെയ്ത മഗ്യുര്‍ക്കിനെ ലേലത്തില്‍ ഡിസി തിരികെ വാങ്ങുകയായിരുന്നു. ലേലത്തിലാണ് രാഹുലും അവര്‍ക്കൊപ്പം ചേര്‍ന്നത്.
ജിടി
മുന്‍ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനായി ഓപ്പണ്‍ ചെയ്യുക നായകന്‍ ശുഭ്മന്‍ ഗില്ലും ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ജോസ് ബട്‌ലറും ചേര്‍ന്നായിരിക്കും. രാജസ്ഥാന്‍ റോയല്‍സ് കൈവിട്ട ബട്‌ലറിനെ ലേലത്തിലാണ് ജിടി സ്വന്തമാക്കിയത്.
കെകെആര്‍
നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഓപ്പണിങ് ജോടികള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നും സൗത്താഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡികോക്കും ചേര്‍ന്നായിരിക്കും. ഈ ലേലത്തിലാണ് ഡികോക്ക് കെകെആറിലെത്തിയത്.
എല്‍എസ്ജി
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി ഓപ്പണ്‍ ചെയ്യുക ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മിച്ചെല്‍ മാര്‍ഷും സൗത്താഫ്രിക്കന്‍ നായകനായ എയ്ഡന്‍ മാര്‍ക്രവും ചേര്‍ന്നായിരിക്കും. ലേലത്തിലാണ് ഇരുവരും ലഖ്‌നൗവിന്റെ ഭാഗമായത്.
മുംബൈ
അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണിങ് ജോടികള്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയും ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ വില്‍ ജാക്‌സുമായിരിക്കും. ലേലത്തിലാണ് ജാക്‌സിനെ മുംബൈ വാങ്ങിയത്.
പഞ്ചാബ്
ഇന്ത്യയുടെ അണ്‍ക്യാപ്ഡ് വിക്കറ്റ് കീപ്പറായ പ്രഭ്‌സിമ്രന്‍ സിങും ഓസ്‌ട്രേലിയയുടെ ജോഷ് ഇംഗ്ലിസുമായിരിക്കും പഞ്ചാബ് കിങ്‌സിനു വേണ്ടി ഓപ്പണ്‍ ചെയ്യുക. പ്രഭ്‌സിമ്രന്‍ നേരത്തേ തന്നെ പഞ്ചാബിന്റെ ഭാഗമാണെങ്കില്‍ ലേലത്തിലാണ് ഇംഗ്ലിസിനെ വാങ്ങിയത്.

റോയല്‍സ്
രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണിങ് സഖ്യം നായകന്‍ സഞ്ജു സാംസണും യശസ്വി ജയ്‌സ്വാളുമായിരിക്കും. ജോസ് ബട്‌ലറുടെ അഭാവത്തിലാണ് സഞ്ജു ഓപ്പണിങിലേക്കു വരുന്നത്.
ആര്‍സിബി
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ഓപ്പണ്‍ ചെയ്യുക മുന്‍ നായകന്‍ വിരാട് കോലിയും ഇംഗ്ലണ്ടിന്റെ ഇടിവെട്ട് ബാറ്ററായ ഫില്‍ സാള്‍ട്ടും ചേര്‍ന്നാവും. ലേലത്തിലാണ് ഇംഗ്ലീഷ് വിക്കറ്റ് കീപ്പറെ ആര്‍സിബി സ്വന്തമാക്കിയത്.
എസ്ആര്‍എച്ച്
ചെന്നൈ സൂപ്പര്‍ കിങ്‌സിനെക്കൂടാതെ കഴിഞ്ഞ സീസണിലെ അതേ ഓപ്പണിങ് കോമ്പിനേഷന്‍ നിലനിര്‍ത്തിയ രണ്ടാമത്തെ ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മയും ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡുമാണ് അവര്‍ക്കായി ഓപ്പണ്‍ ചെയ്യുക. ലേലത്തിനു മുമ്പ് എസ്ആര്‍എച്ച് നിലനിര്‍ത്തിയ താരങ്ങളാണ് ഇരുവരും.