ഐപിഎല്ലിന്റെ 18ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ട് തകര്‍ച്ചയിലേക്കു വീഴുമ്പോള്‍ ആരാധകര്‍ വലിയ ആശങ്കയിലാണ്. ആദ്യം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും പിന്നീട് നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടും അവര്‍ക്കു വലിയ പരാജയം നേരിടുകയായിരുന്നു. ഇതോടെ പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്തു തന്നെ റോയല്‍സ് നില്‍ക്കുകയാണ്.
യഥാര്‍ഥത്തില്‍ റോയല്‍ലിന്റെ ഈ വീഴ്ചയ്ക്കു പ്രധാന കാരണക്കാരന്‍ ആരാണ്? നിലവിലെ മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡും താല്‍ക്കാലിക ക്യാപ്റ്റനായ റിയാന്‍ പരാഗുമാണ് ഏറ്റവുമധികം വിമര്‍ശങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. പക്ഷെ ഇവര്‍ രണ്ടു പേരേക്കാള്‍ വില്ലന്‍ ആരുമറിയാതെ അണിയറില്‍ നിന്നും കരുക്കള്‍ നീക്കുകയാണ്. ഇതു ആരാണെന്നു നമുക്കു നോക്കാം.

റോയല്‍സിന്റെ യഥാര്‍ഥ വില്ലന്‍
രാജസ്ഥാന്‍ റോയല്‍സിന്റെ ഇപ്പോഴത്തെ ഈ പതനത്തിനു പ്രധാന കാരണക്കാരന്‍ ടീമിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കൂടിയായ രഞ്ജിത് ബര്‍താക്കൂറാണ്. ടീമിനെ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട എല്ല തീരുമാനങ്ങള്‍ക്കു പിന്നിലും അദ്ദേഹത്തിന്റെ സ്വാധീമുണ്ടെന്നു കാണാം. സീസണിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും തോറ്റ് റോയല്‍സ് ഇപ്പോള്‍ അവസാന സ്ഥാനത്തേക്കു പിന്നിലും ബര്‍താക്കൂറിന്റെ കരങ്ങള്‍ തന്നെയാണ്.
ഐപിഎല്ലിലെ മറ്റുള്ള ഒമ്പതു ഫ്രാഞ്ചൈസികളും ഹോം മാച്ചുകളുടെ ആനുകൂല്യം പരമാവധി ശ്രമിക്കുമ്പോള്‍ അതിനു ശ്രമിക്കാതെ മറ്റൊരു വേദിയില്‍ പോയി കളിക്കുന്ന ഏക ടീം റോയല്‍സാണ്. അവരുടെ ഹോം ഗ്രൗണ്ട് ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയമാണ്. പക്ഷെ സീസണിലെ അഞ്ചു മല്‍സരങ്ങള്‍ മാത്രമേ റോയല്‍സ് അവിടെ കളിക്കുന്നുള്ളൂ. ശേഷിച്ച രണ്ടു ഹോം മാച്ചുകള്‍ അവര്‍ കളിക്കുക അസമിലെ ഗുവാഹത്തിയിലുള്ള ബര്‍സാപര സ്റ്റേഡിയത്തിലാണ്.
കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള സീസണിലെ രണ്ടാമത്തെ മല്‍സരം അവര്‍ കളിച്ചത് ഈ ഗ്രൗണ്ടിലാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ഞായറാഴ്ച നടക്കാനിരിക്കുന്ന അടുത്ത മല്‍സരം അവര്‍ കളിക്കുന്നതും ഇവിടെ തന്നെയാണ്. കഴിഞ്ഞ മല്‍സരത്തില്‍ എട്ടു വിക്കറ്റിനാണ് റോയല്‍സ് തകര്‍ന്നടിഞ്ഞത്. ഇനി സിഎസ്‌കെയുമായുള്ള അടുത്ത മാച്ചിലും ഇതേ വേദിയില്‍ റോയല്‍സ് തോല്‍ക്കുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്.
തങ്ങള്‍ക്കു ഏറെ അനുകൂലമായ വേദിയും പിച്ചുമെല്ലാം ജയ്പൂരിലുളളപ്പോഴാണ് അതു തഴഞ്ഞ് റോയല്‍സ് ടീം ഗുവാഹത്തിയില്‍ വന്നു കളിക്കുന്നത്. ഇതിനു പിന്നില്‍ ബര്‍താക്കൂര്‍ തന്നെയാണെന്നു പറയാം. തന്റെ നാടായ അസ്സമിലേക്കു റോയല്‍സ് ടീമിന്റെ മല്‍സരങ്ങള്‍ കൊണ്ടുവന്നതിനു പിന്നില്‍ അദ്ദേഹമാണ്. ഇതു പക്ഷെ റോയല്‍സ് ടീമിനു വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
പരാഗ് ക്യാപ്റ്റനായത് വെറുതെയല്ല!
സഞ്ജു സാംസണ്‍ പൂര്‍ണ ഫിറ്റല്ലാത്തതു കാരണം ഈ സീസണിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങളില്‍ നായകസ്ഥാനത്തു പിന്‍മാറിയപ്പോള്‍ പകരം റിയാന്‍ പരാഗിനു ക്യാപ്റ്റനായി നറുക്കുവീണതിനു പിന്നിലും രഞ്ജിത് ബര്‍താക്കൂറാണ്. പരാഗിനേക്കാള്‍ ടീമിലെ പ്രധാനപ്പെട്ട താരം യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളായിരുന്നു. പക്ഷെ അദ്ദേഹത്തെ തഴഞ്ഞാണ് പരാഗിനെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്.

ഇതിനു ചരടുവലിച്ചത് ബര്‍താക്കൂറാണ്. അതിനൊരു കാരണം കൂടിയുണ്ട്. പരാന്റെ അച്ഛനും അസ്സമില്‍ നിന്നുള്ള മുന്‍ ക്രിക്കറ്ററുമായ പരാഗ് ദാസിന്റെ സഹോദരന്‍ കൂടിയാണ് അദ്ദേഹം. അതുകൊണ്ടു തന്റെ ജ്യേഷ്ഠന്റെ മകനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു കൊണ്ടുവരാന്‍ ബര്‍താക്കൂര്‍ തീര്‍ച്ചയായും ശ്രമിച്ചിട്ടുണ്ടാവുമെന്നും ഉറപ്പാണ്. ഇപ്പോള്‍ പരാഗിന്റെ മോശം ക്യാപ്റ്റന്‍സിയാണ് ടീമിനെ ശരിക്കും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.