ജയ്പൂര്‍: ഐപിഎല്ലില്‍ നിന്നും പുറത്താവലിന്റെ പടിവാതില്‍ക്കെ എത്തി നില്‍ക്കുകയാണ് പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ്. ഒമ്പതു മല്‍സരങ്ങളില്‍ നാലു പോയിന്റ് മാത്രമുളള റോയല്‍സ് ഇപ്പോള്‍ ഒമ്പതാംസ്ഥാനത്താണ്. ഇനിയുള്ള അഞ്ചു മല്‍സരങ്ങിലും ആധികാരികമായി ജയിച്ചു കയറിയാല്‍ മാത്രമേ ഇനി അവര്‍ക്കു നേരിയ പ്ലേഓഫ് സാധ്യതയുള്ളൂ. അതോടൊപ്പം മറ്റു മല്‍സരഫലങ്ങള്‍ തുണയ്ക്കുകയും വേണം.
തിങ്കളാഴ്ച ഗുജറാത്ത് ടൈറ്റന്‍സുമായാണ് റോയല്‍സിന്റെ അടുത്ത പോരാട്ടം ഹോംഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലാണ് ഈ മല്‍സരം നടക്കാനിരിക്കുന്നത്. പരിക്കു കാരണം കഴിഞ്ഞ രണ്ടു മല്‍സരങ്ങളും നഷ്ടമായ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഈ കളിയില്‍ ടീമിലേക്കു മടങ്ങിയെത്തമെന്നാണ് പ്രതീക്ഷിക്കുന്നത്.
സഞ്ജുവിന്റെ സാന്നിധ്യം ഇനിയുള്ള മല്‍സരങ്ങളിലെല്ലാം റോയല്‍സിനു ഏറെ
പ്രധാനവുമാണ്. അദ്ദേഹം നായകനായി മടങ്ങിയെത്തുന്നതിനൊപ്പം ടീമിന്റെ തന്ത്രങ്ങളിലും ചില മാറ്റങ്ങള്‍ ഉറപ്പായും വരുത്തിയേ തീരൂ. റോയല്‍സ് ടീമില്‍ നിര്‍ബന്ധമായും വരുത്തേണ്ട ഈ മാറ്റങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ഡെത്ത് ഓവറില്‍ മധ്വാള്‍
ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും വലിയ തലവേദനകളിലൊന്ന് ഡെത്ത് ഓവറിലെ ബൗളിങാണ്. കഴിഞ്ഞ സീസണ്‍ വരെ ഡെത്ത് ഓവറില്‍ അവരുടെ ബൗളിങ് പ്രകടനം ഏറെ കൈയടി നേടിയിരുന്നു. പക്ഷെ ഇത്തവണ ഈ മാജിക്ക് ആവര്‍ത്തിക്കാന്‍ അവര്‍ക്കു സാധിക്കുന്നില്ല. സന്ദീപ് ശര്‍മയായിരുന്നു കഴിഞ്ഞ സീസണ്‍ വരെ ഡെത്ത് ഓവറില്‍ അവരുടെ തുറുപ്പുചീട്ട്.
പക്ഷെ ഈ സീസണില്‍ സന്ദീപ് നിരാശപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഒന്നോ, രണ്ടോ ഓവറുകള്‍ നന്നായി എറിഞ്ഞ ശേഷം പിന്നീട് റണ്‍സ് വാരിക്കോരി നല്‍കുകയാണ് അദ്ദേഹം. സന്ദീപിന്റെ സ്ലോ ബോളുകളും ഷോര്‍ട്ട് ബോളുകളുമൊന്നും ഇപ്പോള്‍ പഴയതു പോലെ ഇംപാക്ടുണ്ടാക്കുന്നുന്നില്ല. അതുകൊണ്ടു തന്നെ മറ്റൊരു ഇന്ത്യന്‍ പേസറായ ആകാശ് മധ്വാളിനെ ഇനിയുള്ള മല്‍സരങ്ങളില്‍ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായി റോയല്‍സ് പരീക്ഷിക്കണം.
മെഗാ ലേലത്തില്‍ ടീമിലേക്കു പുതുതായി വന്ന അദ്ദേഹത്തെ കളിപ്പിക്കാന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് തയ്യാറായിട്ടില്ലെന്നത് വലിയ അദ്ഭുതം തന്നെയാണ്. നേരത്തേ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഫൈഫടക്കം നേടി കസറിയിട്ടുള്ള ബൗളറാണ് മധ്വാള്‍. റോയല്‍സിനു ഇനി നഷ്ടപ്പെടാന്‍ ഒന്നും ഇല്ലെന്നിരിക്കെ മധ്വാളിനെ തുടര്‍ന്നുള്ള മല്‍സരങ്ങളിലെങ്കിലും കളിപ്പിച്ചേ തീരൂ.
സഞ്ജു ഓപ്പണിങ് വിടണം
രാജസ്ഥാന്‍ റോയല്‍സ് ടീമിലേക്കു മടങ്ങിയെത്തിയാല്‍ സഞ്ജു സാംസണ്‍ ഇനി ഓപ്പണിങില്‍ ബാറ്റ് ചെയ്യാന്‍ ശ്രമിക്കരുത്. പകരം അദ്ദേഹം മധ്യനിരയിലേക്കു മാറണം. കാരണം മധ്യനിരയാണ് ഈ സീസണില്‍ പലപ്പോഴും റോയല്‍സിനെ ചതിക്കുന്നത്. റിയാന്‍ പരാഗ്, നിതീഷ് റാാണ, ധ്രുവ് ജുറേല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ തുടങ്ങിയവര്‍ക്കൊന്നും കാര്യമായ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല.
അതുകൊണ്ടു തന്നെ സഞ്ജു മധ്യനിരയിലേക്കു വരുന്നത് ബാറ്റിങിനെ കൂടുതല്‍ ശക്തമാക്കും. പ്രത്യേകിച്ചും റണ്‍ചേസുകളില്‍ അതു ടീമിനു നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും. യശസ്വി ജയ്‌സ്വാളും കൗമാര താരം വൈഭവ് സൂര്യവംശിയും ഓപ്പണിങില്‍ ഭേദപ്പെട്ട പ്രകടനം നടത്തിക്കൊണ്ടിരിക്കെ സഞ്ജുവിനു ഇതേക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യവുമില്ല.

ന്യൂബോളില്‍ മഫാക്ക
ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്കൊപ്പം ഈ സീസണില്‍ വ്യത്യസ്ത ന്യൂബോള്‍ കോമ്പിനേഷനുകള്‍ രാജ്സ്ഥാന്‍ റോയല്‍സ് പരീക്ഷിച്ചു കഴിഞ്ഞു. പക്ഷെ ഇവയൊന്നും പ്രതീക്ഷിച്ചതു പോലെ വിജയമായിട്ടില്ല. ആര്‍ച്ചര്‍ വളരെ മികച്ച ബൗളിങ് കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിനു അതേ രീതിയിലുള്ള പിന്തുണ നല്‍കാന്‍ മറുവശത്ത് മറ്റൊരു ബൗളറില്ലെന്നതാണ് പ്രശ്‌നം.
എല്ലാ കോമ്പിനേഷനുകളും പാളിപ്പോയ സ്ഥിതിക്കു ഇനി സൗത്താഫ്രിക്കന്‍ യുവ പേസര്‍ ക്വെന മഫാക്കയെ ന്യൂബോളില്‍ റോയല്‍സിനു പരീക്ഷിച്ചു നോക്കാം. മികച്ച വേഗതയില്‍ പന്തെറിഞ്ഞ് ബാറ്റര്‍മാര്‍ക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ മഫാക്കയ്ക്കു സാധിക്കും. ആര്‍ച്ചര്‍ക്കൊപ്പം അദ്ദേഹം കൂടി ചേരുന്നതോടെ അതു വളരെ മൂര്‍ച്ചയേറിയ പേസ് കോമ്പിനേഷനായി മാറുമെന്നതില്‍ സംശയമില്ല.