ഐപിഎല്ലിന്റെ 18ാം സീസിണില്‍ പുറത്താവലിന്റെ വക്കില്‍ നില്‍ക്കുകയാണ് പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയര്‍സ്. പോയിന്റ് പട്ടികയില്‍ എട്ടാംസ്ഥാനത്തുള്ള അവര്‍ക്കു ഇനിയുള്ള ഓരോ മല്‍സരവും നോക്കൗട്ട് പോലെയാണ്. ആറു കളികളാണ് റോയല്‍സിനു ഇനി ബാക്കിയുള്ളത്. ഇവയിലെല്ലാം ജയിക്കാനായാല്‍ മാത്രം അവര്‍ക്കു പ്ലേഓഫ് കളിക്കാം. മറിച്ചാണെങ്കില്‍ കാര്യങ്ങള്‍ കുഴപ്പത്തിലാവുകയും ചെയ്യും.
ക്യാപ്റ്റന്‍ സഞ്ജു സാംസണിനേറ്റ പരിക്കും താരങ്ങളുടെ മോശം ഫോം ഒട്ടും സന്തുലിതമല്ലാത്ത ടീമുമെല്ലാമാണ് റോയല്‍സിനെ ഈ സീസണില്‍ തളര്‍ത്തിയത്. ഇനി അവര്‍ക്കു ചെയ്യാന്‍ സാധിക്കുന്ന കാര്യം കൈമെയ് മറന്ന് പരമാവധി മികച്ച പ്രകടനം ഇനിയുള്ള കളികളില്‍ നല്‍കാന്‍ ശ്രമിക്കുകയെന്നതാണ്. വ്യാഴാഴ്ച റോയല്‍ ചാാലഞ്ചേഴ്‌സ് ബെംഗളൂരുവുമായി അവരുടെ തട്ടകത്തിലാണ് റോയല്‍സിന്റെ അടുത്ത മല്‍സരം.
പരിക്കേറ്റു വിശ്രമിക്കുന്ന നായകന്‍ സഞ്ജു ഈ മല്‍സരവും കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. അദ്ദേഹത്തിന്റെ അഭാവത്തിലും റോയല്‍സിനു ഈ മല്‍സരവും തുടര്‍ന്നുള്ള കളികളുമെല്ലാം ജയിക്കേണ്ടതുണ്ട്. പക്ഷെ അതിനു വേണ്ടി ബോള്‍ഡായ ചില കോളുകള്‍ റോയല്‍സ് എടുത്തേ തീരൂ. ഇവ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

മധ്വാളിനെ ഇനിയും വൈകിപ്പിക്കരുത്
രാജസ്ഥാന്‍ റോയല്‍സ് ചെയ്യേണ്ട ആദ്യത്തെ കാര്യം ഇന്ത്യന്‍ പേസര്‍ ആകാശ് മധ്വാളിനെ നിര്‍ബന്ധമായും ഇനിയുള്ള മല്‍സരങ്ങളിലെല്ലാം കളിപ്പിക്കുകയെന്നതാണ്. നേരത്തേ മുംബൈ ഇന്ത്യന്‍സിനൊപ്പം ഫൈഫറുള്‍പ്പെടെ നേടി പല മികച്ച പ്രകടനങ്ങളും നടത്തിയിട്ടുള്ള താരമാണ് അദ്ദേഹം. പക്ഷെ റോയല്‍സില്‍ ഇതുവരെ മധ്വാളിനെ ഒരു മല്‍സരം പോലും കളിപ്പിക്കാന്‍ മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ് തയ്യാറായിട്ടില്ല.
ഇപ്പോള്‍ തന്നെ ഏറെ വൈകിക്കഴിഞ്ഞു. ഇനിയും മധ്വാളിനെ തഴഞ്ഞാല്‍ അതു ടീമിനു ഒരു തരത്തിലും ഗുണം ചെയ്യില്ല. ന്യൂബോളിലും ഡെത്ത് ഓവറിലും നന്നായി പന്തെറിയാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. നിലവില്‍ റോയല്‍സിന്റെ വലിയ ദൗര്‍ബല്യങ്ങളിലൊന്നായി ഡെത്ത് ഓവര്‍ ബൗളിങ് മാറിയിരിക്കുകയാണ്.
കഴിഞ്ഞ സീസണ്‍ വരെ ടീമിന്റെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായിരുന്ന സന്ദീപ് ശര്‍മ ഇത്തവണ നനഞ്ഞ പടക്കമായി മാറിക്കഴിഞ്ഞു. ഇനിയും അദ്ദേഹത്തെ വിശ്വസിക്കുന്നത് മണ്ടത്തരാവും. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള അവസാന കളിയില്‍ 20ാം ഓവറില്‍ 27 റണ്‍സാണ് സന്ദീപ് വാരിക്കോരി നല്‍കിയത്.
ഇതു സംഭവിച്ചില്ലായിരുന്നെങ്കില്‍ മല്‍സരം റോയല്‍സ് ജയിച്ചേന. സന്ദീപിന്റെ ബൗളിങിനു ഇപ്പോള്‍ മുമ്പത്തേതു പോലെ മൂര്‍ച്ചവും വൈവിധ്യവുമൊന്നുമില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഒഴിവാക്കി പകരം മധ്വാളിനെ റോയല്‍സിനു പരീക്ഷിക്കാവുന്നതാണ്.
ഹെറ്റ്‌മെയര്‍ വേണ്ട
വെസ്റ്റ് ഇന്‍ഡീസിന്റെ ഇടംകൈയന്‍ ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ രാജസ്ഥാന്‍ റോയല്‍സിനായി മുന്‍ സീസണുകളില്‍ മികച്ച പല ഫിനിഷിങുകളും നടത്തിയിട്ടുള്ള താരമാണ്. ഈ കാരണത്താല്‍ തന്നെയാണ് ഈ സീസണിലും അദ്ദേഹത്തെ അവര്‍ നിലനിര്‍ത്തിയത്. പക്ഷെ ഈ സീസണില്‍ ഹെറ്റ്‌മെയര്‍ ഫിനിഷിങില്‍ തുടരെ ഫ്‌ളോപ്പായി കൊണ്ടിരിക്കുകയാണ്.
ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്‌നൗ സൂ്പ്പര്‍ ജയന്റ്‌സ് എന്നിവരുമായുള്ള അവസാനത്തെ രണ്ടു മല്‍സരങ്ങളിലും കൈയെത്തുംദൂരത്താണ് റോയല്‍സില്‍ നിന്നും വിജയം വഴുതിപ്പോയത്. ഇതിനു പ്രധാന കാരണക്കാരില്‍ ഒരാള്‍ ഹെറ്റ്‌മെയറാണ്.
അദ്ദേഹം ഫിനിഷിങില്‍ മിടുക്ക് കാണിച്ചിരുന്നെങ്കില്‍ രണ്ടു കളിയും റോയല്‍സ് അനായാസം ജയിക്കുമായിരുന്നു. അതുകൊണ്ടു തന്നെ ഇനിയുള്ള മല്‍സരങ്ങളില്‍ ഹെറ്റിക്കു പകരം ശുഭം ദുബെയെ റോയല്‍സിന്റെ ഫിനിഷിങ് ദൗത്യം ഏല്‍പ്പിക്കാം.

പരാഗിനെ ക്യാപ്റ്റനാക്കരുത്
സഞ്ജു സാംസണിന്റെ അഭാവത്തില്‍ യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ് ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചു കൊണ്ടിരിക്കുന്നത്. ഈ സീസണില്‍ നാലു കളില്‍ അദ്ദേഹത്തിനു കീഴില്‍ ടീം ഇറങ്ങുകയും ചെയ്തു. ഇവയില്‍ മൂന്നിലും തോല്‍വിയായിരുന്നു ഫലം. പരാഗ് കഴിവുറ്റ താരമാണെങ്കിലും മികച്ചൊരു ക്യാപ്റ്റനല്ല. ഒരുപാട് നെഗറ്റിവിറ്റി അദ്ദേഹത്തിനു ചുറ്റുമുണ്ട്.
അതുകൊണ്ടു തന്നെ സഞ്ജുവിനു പുറത്തിരിക്കേണ്ടി വരുന്ന മല്‍സരങ്ങളില്‍ പരാഗിനു പകരം മറ്റൊരാളെ റോയല്‍സ് നായകനാക്കണം. നിലവിലെ ടീമില്‍ ഈ റോള്‍ ഏറ്റെടുക്കാന്‍ സാധിക്കുന്നയാള്‍ ഓള്‍റൗണ്ടര്‍ നിതീഷ് റാണയാണ്. 2023ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു അദ്ദേഹം. ഈ അനുഭവസമ്പത്ത് റോയല്‍സില്‍ റാണയെ സഹായിക്കുമെന്നുറപ്പാണ്.