കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു തുടങ്ങിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ എട്ട് വിക്കറ്റിന് 174 റണ്‍സെടുത്തപ്പോള്‍ 22 പന്തും ഏഴ് വിക്കറ്റും ബാക്കിയാക്കി ആര്‍സിബി വിജയം നേടിയെടുക്കുകയായിരുന്നു. ഇത്തവണ വലിയ മാറ്റങ്ങളോടെയിറങ്ങിയ ആര്‍സിബിക്ക് എവേ മത്സരത്തില്‍ ജയിച്ച് തുടങ്ങാനായി എന്നത് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.
നായകനെന്ന നിലയില്‍ രജത് പാട്ടീധാറിനും അഭിമാനിക്കാവുന്ന നേട്ടമാണിതെന്ന് പറയാം. ആര്‍സിബിയുടെ നായകനായുള്ള അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ ടീമിന് തകര്‍പ്പന്‍ ജയം നേടിക്കൊടുക്കാന്‍ രജത്തിന് സാധിച്ചു. ടീമെന്ന നിലയില്‍ സര്‍വാധിപത്യം കാട്ടിയുള്ള ജയമാണ് ആര്‍സിബി നേടിയെടുത്തത്. ബൗളിങ് നിരയിലേക്ക് ഭുവനേശ്വര്‍ കുമാര്‍ കൂടി തിരിച്ചെത്തുന്നതോടെ ആര്‍സിബി കൂടുതല്‍ ശക്തരായി മാറുമെന്ന കാര്യം ഉറപ്പാണ്.
കെകെആറിനെതിരായ മത്സരത്തില്‍ ആര്‍സിബിയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത് ക്രുണാല്‍ പാണ്ഡ്യയുടെ ബൗളിങ് പ്രകടനമായിരുന്നുവെന്ന് പറയാം. നാല് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് ക്രുണാല്‍ നേടിയത്. കെകെആറിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചത് ക്രുണാലിന്റെ ബൗളിങ് പ്രകടനമായിരുന്നു.
ആ മൂന്ന് വിക്കറ്റുകള്‍ മത്സരഫലം മാറ്റി
കെകെആറിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍ ക്വിന്റന്‍ ഡീകോക്കിനെ (4) ആദ്യ ഓവറില്‍ത്തന്നെ ജോഷ് ഹെയ്‌സല്‍വുഡ് മടക്കി. പിന്നാലെ റണ്‍സുയര്‍ത്താന്‍ അജിന്‍ക്യ രഹാനെയും സുനില്‍ നരെയ്‌നും പ്രയാസപ്പെട്ടെങ്കിലും പതിയെ ഇവര്‍ താളം കണ്ടെത്തി. 10ന് മുകളില്‍ റണ്‍റേറ്റിലാണ് ഇവര്‍ കത്തിക്കയറിയത്. ഇതോടെ ആദ്യത്തെ 10 ഓവറില്‍ 107 എന്ന മികച്ച സ്‌കോര്‍ കെകെആറിന് നേടിയെടുക്കാന്‍ സാധിച്ചു. ഇതോടെ 230ന് മുകളിലേക്ക് കെകെആര്‍ സ്‌കോര്‍ പോകുമെന്നാണ് എല്ലാവരും കരുതിയത്.
വെങ്കടേഷ് അയ്യര്‍, ആന്‍ഡ്രേ റസല്‍, റിങ്കു സിങ് തുടങ്ങി വെടിക്കെട്ട് ബാറ്റിങ് നിര ഇറങ്ങാനുള്ളതിനാല്‍ കെകെആര്‍ വലിയ സ്‌കോര്‍ നേടുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. ആര്‍സിബിയുടെ സ്പിന്നര്‍മാര്‍ കെകെആറിനെ പൂട്ടിക്കെട്ടി. പ്രധാനമായും ക്രുണാല്‍ പാണ്ഡ്യയുടെ ബൗളിങ് പ്രകടനം. അജിന്‍ക്യ രഹാനെയുടെ വിക്കറ്റ് കൃത്യ സമയത്താണ് ക്രുണാല്‍ വീഴ്ത്തിയത്. ഇതോടെ കെകെആറിന്റെ റണ്ണൊഴുക്കിന്റെ വേഗം കുറഞ്ഞു.
വെങ്കടേഷ് അയ്യര്‍, റിങ്കു സിങ് എന്നീ രണ്ട് പ്രധാന വിക്കറ്റുകളും വീഴ്ത്താന്‍ ക്രുണാലിനായി. ഈ വിക്കറ്റുകളാണ് കെകെആറിനെ വലിയ സ്‌കോറിലേക്കെത്താതെ പിടിച്ചുനിര്‍ത്തിയത്. കെകെആറിനെ സര്‍പ്രൈസായി തകര്‍ത്തത് ക്രുണാലായതിനാലാണ് താരത്തിന് കളിയിലെ താരമായി മാറാനും സാധിച്ചത്.

സുയാഷ് റസലിനെ മടക്കിയത് നിര്‍ണ്ണായകമായി
കെകെആറിന്റെ മധ്യനിരയില്‍ നിര്‍ണ്ണായക റോളുള്ള താരമാണ് ആന്‍ഡ്രേ റസല്‍. സ്പിന്നിനേയും പേസിനേയും ഒരുപോലെ കടന്നാക്രമിക്കുന്ന റസലിന്റെ ബാറ്റിങ് പ്രകടനം കെകെആറിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണെന്ന് തന്നെ പറയാം. ആര്‍സിബിക്കെതിരേയും റസലിന്റെ പ്രകടനം മത്സരഫലം മാറ്റുമെന്ന് കരുതിയിരിക്കവെയാണ് സുയാഷ് ശര്‍മയുടെ വരവ്. മത്സരത്തില്‍ നന്നായി തല്ലുവാങ്ങിയെങ്കിലും റസലിന്റെ വിക്കറ്റ് നേടാന്‍ സുയാഷിനായി.
മൂന്ന് പന്ത് മാത്രമാണ് റസല്‍ നേരിട്ടത്. റസല്‍ നിന്നിരുന്നെങ്കില്‍ 200ന് മുകളിലേക്ക് കെകെആറിന്റെ സ്‌കോര്‍ പോകുമായിരുന്നുവെന്ന് ഉറപ്പാണ്. എന്നാല്‍ സുയാഷ് റസലിനെ പുറത്താക്കിയത് മത്സരഫലത്തെ മാറ്റിമറിച്ചു. മത്സരത്തിലെ നിശബ്ദനായ ഹീറോയാണ് സുയാഷെന്ന് പറയാം. 200ന് മുകളിലേക്ക് സ്‌കോര്‍ പോയിരുന്നെങ്കില്‍ ആര്‍സിബിക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലായിരുന്നു. എന്നാല്‍ കെകെആറിന്റെ കരുത്തുറ്റ മധ്യനിരയെ സ്പിന്നര്‍മാരെ ഉപയോഗിച്ച് പൂട്ടിയ ആര്‍സിബിയുടെ തന്ത്രം കൈയടി അര്‍ഹിക്കുന്നതാണ്.