ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ എല്ലാവരേയും ഞെട്ടിച്ച് അരങ്ങേറ്റം നടത്തിയിരിക്കുകയാണ് വൈഭവ് സൂര്യവന്‍ഷി. 14ാം വയസില്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തി ഞെട്ടിച്ചിരിക്കുകയാണ് വൈഭവ് സൂര്യവന്‍ഷി. ഇത്തവണത്തെ മെഗാ ലേലത്തില്‍ 1.1 കോടിക്കാണ് വൈഭവിനെ രാജസ്ഥാന്‍ ടീമിലേക്കെത്തിച്ചത്. ആദ്യ മത്സരങ്ങളില്‍ അരങ്ങേറ്റത്തിന് അവസരം നല്‍കിയിരുന്നില്ല. എന്നാല്‍ സഞ്ജു സാംസണിന് പരിക്കേറ്റതോടെ വൈഭവിനെ ഓപ്പണിങ്ങിലേക്ക് രാജസ്ഥാന്‍ കൊണ്ടുവരികയായിരുന്നു.
നേരിട്ട ആദ്യ പന്തില്‍ത്തന്നെ സിക്‌സര്‍ പറത്തിയ വൈഭവ് എല്ലാവര്‍ക്കും തന്റെ പ്രതിഭ എന്താണെന്ന് കാട്ടിക്കൊടുത്തു. 20 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 34 റണ്‍സോടെയാണ് വൈഭവ് അരങ്ങേറ്റ മത്സരത്തില്‍ മിന്നിച്ചത്. ഇത്രയും ചെറുപ്പത്തില്‍ സൂപ്പര്‍ അരങ്ങേറ്റം ലഭിച്ച വൈഭവില്‍ ഇപ്പോള്‍ വലിയ പ്രതീക്ഷയാണ് എല്ലാവര്‍ക്കുമുള്ളത്. എന്നാല്‍ സ്‌കൂള്‍ വിദ്യാഭ്യാസം നേടി നടക്കേണ്ട പ്രായത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഐപിഎല്ലില്‍ കളിക്കാന്‍ സാധിക്കുകയെന്നത് ഒട്ടും എളുപ്പമല്ല.
ഈ ചെറുപ്രായത്തില്‍ ഇത്തരമൊരു നേട്ടത്തിലേക്കെത്താന്‍ വലിയ ത്യാഗങ്ങള്‍ തന്നെ യുവതാരം നേരിട്ടിട്ടുണ്ട്. നാലാം വയസ് മുതല്‍ ക്രിക്കറ്റ് കളിച്ച് തുടങ്ങിയ വൈഭവിന്റെ ക്രിക്കറ്റിലേക്കുള്ള വഴിയെക്കുറിച്ച് വിശദമായി അറിയാം.
ദിവസവും നേരിട്ടത് 600 പന്തുകള്‍
ചെറുപ്രായത്തില്‍ത്തന്നെ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ വൈഭവ് സൂര്യവന്‍ഷി കഠിനമായ പരിശീലനമാണ് നടത്തിയിരുന്നത്. ദിവസവും 600 പന്തുകളാണ് നെറ്റ്‌സില്‍ വൈഭവ് നേരിട്ടത്. 600 പന്തുകള്‍ നേരിടുകയെന്നത് ഒട്ടും എളുപ്പമല്ല. അത്രയേറെ ക്രിക്കറ്റിനെ സ്‌നേഹിച്ചിരുന്ന വൈഭവ് ഏത് വിധേനെയും ക്രിക്കറ്റ് താരമാകണണെന്ന ആഗ്രഹത്തിലായിരുന്നു. ഇത്രയും ചെറിയ പ്രായത്തില്‍ ഇത്തരമൊരു മനോധൈര്യവും ആത്മവിശ്വാസവും കാട്ടുകയെന്നത് തന്നെ വളരെ പ്രയാസമുള്ള കാര്യമാണ്.
അതിവേഗം റണ്‍സുയര്‍ത്താനാണ് വൈഭവിന് ഇഷ്ടം. ഇടം കൈയനായ താരത്തിന് വലിയ സിക്‌സറുകള്‍ നേടുകയെന്നതായിരുന്നു ഏറ്റവും സന്തോഷം നല്‍കിയിരുന്നത്. എന്ത് സംഭവിച്ചാലും താരം പരിശീലനം മുടക്കിയിരുന്നില്ല. വലിയ ക്രിക്കറ്റ് താരമാകണമെന്ന സ്വപ്‌നം മുറുകെപ്പിടിച്ച് മുന്നോട്ട് പോയ വൈഭവ് എന്തായാലും ഐപിഎല്ലിലൂടെ വരവ് ഗംഭീരമാക്കിയിരിക്കുകയാണ്.
ഇഷ്ട ഭക്ഷണങ്ങളെല്ലാം ഒഴിവാക്കി
വൈഭവ് സൂര്യവന്‍ഷിയുടെ പ്രായം പരിഗണിക്കുമ്പോള്‍ ഇഷ്ട ഭക്ഷണങ്ങളെല്ലാം ഉപേക്ഷിക്കുകയെന്നത് അത്ര എളുപ്പമല്ല. പ്രായപൂര്‍ത്തിയാകാത്ത വൈഭവ് ഇപ്പോള്‍ നല്ല ഭക്ഷണങ്ങള്‍ കഴിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായി കഴിയേണ്ട സമയമാണ്. എന്നാല്‍ ഈ സമയത്ത് ഒരു കോടിക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്ന താരമായി മാറാന്‍ വൈഭവിന് സാധിച്ചുവെന്നതാണ് അത്ഭുകരം. ക്രിക്കറ്റ് താരമാകാന്‍ മികച്ച ഫിറ്റ്‌നസ് അത്യാവശ്യമാണ്. ഇതിനായി തനിക്ക് ഇഷ്ടപ്പെട്ട പല ഭക്ഷണങ്ങളും വൈഭവ് ഒഴിവാക്കിയിരുന്നു.

വൈഭവിന് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം ആടിന്റെ ഇറച്ചിയും പിസയുമായിരുന്നു. എന്നാല്‍ ക്രിക്കറ്റ് താരമാകാനായി ഇത് രണ്ടും ഉപേക്ഷിക്കണമെന്നാണ് വൈഭവിനോട് കോച്ച് ആവശ്യപ്പെട്ടത്. ഇത് പ്രകാരം വൈഭവ് ഇത് ഉപേക്ഷിച്ചു. തന്റെ ഇഷ്ട ഭക്ഷണത്തെക്കാള്‍ ക്രിക്കറ്റിനെ സ്‌നേഹിച്ച വൈഭവ് പ്രായത്തില്‍ കൂടുതലുള്ള പക്വത കാട്ടിയിരുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. ആ ത്യാഗങ്ങളൊന്നും വെറുതെയായില്ലെന്ന് തെളിയിക്കുന്നതാണ് വൈഭവിന്റെ ഇപ്പോഴത്തെ പ്രകടനം.
അണ്ടര്‍ 19യിലെ പ്രകടനം വഴിത്തിരിവായി
അണ്ടര്‍ 19 ക്രിക്കറ്റില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് വൈഭവിന്റെ കരിയറില്‍ വഴിത്തിരിവായത്. ഓസ്‌ട്രേലിയക്കെതിരായ നാല് ദിന ടെസ്റ്റ് മത്സരത്തില്‍ 58 പന്തില്‍ സെഞ്ച്വറി നേടിയാണ് താരം എല്ലാവരുടേയും ശ്രദ്ധ നേടുന്നത്. 2024ലെ ഏഷ്യാ കപ്പ് ഫൈനലിലേക്ക് ഇന്ത്യയെ എത്തിച്ചതിന് പിന്നിലും വൈഭവിന്റെ മിടുക്ക് കാണാനാവും. 44 ശരാശരിയില്‍ 176 റണ്‍സാണ് അന്ന് വൈഭവ് നേടിയത്.
ഇതിനോടകം ട്രിപ്പിള്‍ സെഞ്ച്വറിയും നേടാന്‍ താരത്തിനായിട്ടുണ്ട്. പുറത്താവാതെ 332 റണ്‍സാണ് യുവതാരം നേടിയത്. യുവരാജ് സിങ്ങിന്റേയും ബ്രയാന്‍ ലാറയുടേയും മികവ് സംയോജിച്ച താരമാണ് വൈഭവ് എന്നാണ് അദ്ദേഹത്തിന്റെ പരിശീലകന്‍ അഭിപ്രായപ്പെട്ടത്. എന്തായാലും വലിയ ഭാവി ഇപ്പോള്‍ വൈഭവില്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിലേക്കെത്താനാവുമോയെന്നത് കാത്തിരുന്ന് കാണാം.