ഐപിഎല്ലിന്റെ 18ാം സീസണ്‍ അടുത്തയാഴ്ച ആരംഭിക്കാനിരിക്കുകയാണ്. രണ്ടു മാസത്തിലേറെ നീളുന്ന ക്രിക്കറ്റ് പൂരത്തില്‍ കിരീടത്തിനായി അണിനിരക്കുക 10 ടീമുകളാണ്. ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റാണെങ്കിലും ജയത്തോടെ തന്നെ പോസിറ്റീവായി സീസണ്‍ ആരംഭിക്കാനായിരിക്കും ഏതൊരു ഫ്രാഞ്ചൈസിയും ആഗ്രഹിക്കുക.
22ന് നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് കന്നിയങ്കം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡ്ന്‍സിലാണ് ഈ ത്രില്ലിങ് മല്‍സരം. അതിനു പിന്നാലെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശേഷിച്ച എട്ടു ടീമുകളും ആദ്യ റൗണ്ട് മല്‍സരങ്ങള്‍ക്കിറങ്ങും.
ആകെയുള്ള 10 ഫ്രാഞ്ചൈസികളില്‍ അഞ്ചു പേര്‍ക്കു മാത്രമേ ജയവുമായി സീസണ്‍ ആരംഭിക്കാന്‍ ഭാഗ്യമുണ്ടാവുകയുള്ളൂ. ബാക്കിയുള്ളവര്‍ക്കു തുടക്കം പാളുകയും ചെയ്യും. ആദ്യറൗണ്ടില്‍ തോല്‍ക്കാനിടയുള്ള അഞ്ചു ടീമുകള്‍ ആരൊക്കെയാവുമെന്നു നോക്കാം.

ആദ്യ ജയം ആര്‍ക്ക്?
ഐപിഎല്ലിന്റെ പുതിയ സീസണിലെ ആദ്യ വിജയം നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു തന്നെയാവാനാണ് സാധ്യത. കഴിഞ്ഞ സീസണില്‍ ടീമിനെ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഇപ്പോള്‍ കെകെആറിന്റെ ഭാഗമല്ലെങ്കിലും കോര്‍ ഗ്രൂപ്പിനെ അവര്‍ നിലനിര്‍ത്തിയിട്ടുണ്ട്. പുതിയ നായകനായ അജിങ്ക്യ രഹാനെ ഏറെ അനുഭവ സമ്പത്തുള്ള വളരെ മികച്ച ക്യാപ്റ്റന്‍ കൂടിയാണ്.
മാത്രമല്ല റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ ഉദ്ഘാടന മല്‍സരം സ്വന്തം ഗ്രൗണ്ടിലാണെന്നതും കെകെആറിന് പ്ലസ് പോയിന്റാണ്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ മികച്ച കളിക്കാരുടെ സാന്നിധ്യം കെകെആറിനുണ്ട്. സുനില്‍ നരെയ്ന്‍, ക്വിന്റണ്‍ ഡികോക്ക്, റിങ്കു സിങ്, വെങ്കടേഷ് അയ്യര്‍, ആന്ദ്രെ റസ്സല്‍ എന്നിവരങ്ങുന്ന ബാറ്റിങ് ലൈനപ്പ്് ശക്തമാണ്. ബൗളിങിലാവട്ടെ ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, ആന്‍ട്രിച്ച് നോര്‍ക്കിയ എന്നിവരും കെകെആറിലുണ്ട്.
മറുഭാഗത്ത് ആര്‍സിബിയാവട്ടെ അനുഭവസമ്പത്ത് കുറഞ്ഞ രജത് പാട്ടീധാറിനു കീഴിലാണ് ഈ സീസണ്‍ കളിക്കുക. വിരാട് കോലിയെ മാറ്റി നിര്‍ത്തിയാല്‍ ബാറ്റിങില്‍ വമ്പന്‍ താരങ്ങളൊന്നും തന്നെ ആര്‍സിബി നിരയിലില്ല. വെടിക്കെട്ട് താരം ഫില്‍ സാള്‍ട്ട് സമീപകാലത്തു കളിച്ച മല്‍സരങളിലെല്ലാം ഫ്‌ളോപ്പായതും അവര്‍ക്കു ക്ഷീണമാണ്.
ഇവര്‍ക്കു തുടക്കം പാളും
23ന് ഞായറാഴ്ച ഡബിള്‍ ഹെഡ്ഡര്‍ ദിനമാണ്. വൈകീട്ട് 3.30ന് രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. രാത്രി 7.30ന് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള എല്‍ ക്ലാസിക്കോ പോരാട്ടവും അരങ്ങേറും. പരിക്കില്‍ നിന്നും ഇനിയും മുക്തനായിട്ടില്ലാത്ത റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ എസ്ആര്‍എച്ചിനെതിരേ കളിക്കുമോയെന്ന കാര്യം ഇപ്പോഴും ഉറപ്പില്ല.
സഞ്ജുവില്ലെങ്കില്‍ അതു റോയല്‍സിനു വലിയ ക്ഷീണമാവും. ഇതു മാത്രമല്ല, മുന്‍ സീസണുകളെ അപേക്ഷിച്ച് റോയല്‍സിന്റെ ബൗളിങ് നിര ഇത്തവണ ശോകമാണ്. അതുകൊണ്ടു തന്നെ ഹൈദരാബാദിന്റെ ശക്തമായ ബാറ്റിങ് നിരയെ പിടിച്ചുകെട്ടുക അവര്‍ക്കു കടുപ്പമാവും. ആദ്യ കളിയില്‍ റോയല്‍സ് തോല്‍ക്കാനുള്ള സാധ്യതയാണ് കൂടുതലെന്നു പറയേണ്ടി വരും.

സിഎസ്‌കെയ്‌ക്കെതിരേ മുംബൈയും ജയിക്കാനിടയില്ല. വിലക്കു കാരണം നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഈ മല്‍സരം കളിക്കില്ല. പരിക്കില്‍ നിന്നും മോചിതനാവുന്ന ജസ്പ്രീത് ബുംറയും പുറത്തിരിക്കാനാണ് സാധ്യത. സൂര്യകുമാര്‍ യാദവ് സമീപകാലത്തൊന്നും അത്ര മികച്ച ഫോമിലല്ലെന്നതും മുംബൈയ്ക്കു തിരിച്ചടിയാണ്. ഈ കാരണങ്ങളാല്‍ അവര്‍ ആദ്യ കളി തോറ്റേക്കും.
24ന് ഡല്‍ഹി ക്യാപ്പിറ്റല്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമാണ് ഏറ്റുമുട്ടുന്നത്. 25ന് ഗുജറാത്ത് ടൈറ്റന്‍സും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മല്‍സരത്തോടെ ആദ്യറൗണ്ട് പൂര്‍ത്തിയാവുകയും ചെയ്യും. ഡല്‍ഹിക്കെതിരേ റിഷഭ് പന്ത് നയിക്കുന്ന എല്‍എസ്ജിക്കാണ് മുന്‍തൂക്കമുള്ളത്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ ശക്തായ ടീമാണ് അവരുടേത്. അതുകൊണ്ടു തന്നെ ഡിസിയെ അവര്‍ തകര്‍ത്തെറിയാന്‍ സാധ്യതയും കൂടുതലാണ്.
അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ജിടിക്കെതിരേ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്‌സ് വിജയം കൊയ്യാനാണ് സാധ്യത. ക്യാപ്റ്റനെന്ന നിലയില്‍ ശുഭ്മന്‍ ഗില്ലിന്റെ അനുഭവസമ്പത്തിലായ്മ ജിടിക്കു തിരിച്ചടിയാണ്. എന്നാല്‍ ശ്രേയസ് കിടിലന്‍ ക്യാപ്റ്റനാണെന്നതില്‍ സംശയമില്ല. നായകനായ ആദ്യ സീസണില്‍ കെകെആറിനെ ചാംപ്യന്‍മാരാക്കിയ അദ്ദേഹം നേരത്തേ ഡിസിയെ റണ്ണറപ്പുമാക്കിയിട്ടുണ്ട്. പുതിയ ടീമായ പഞ്ചാബിനൊപ്പവും നായകന്റെ റോളില്‍ ശ്രേയസ് മിന്നിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.