ഐപിഎല്ലിന്റെ 18ാം സീസണില്‍ രാജസ്ഥാന്‍ റോയര്‍സിന്റെ വഴി പൂര്‍ണമായും അടഞ്ഞു കഴിഞ്ഞതോടെ ഇനി അടുത്ത അടുത്ത എഡിഷനെക്കുറിച്ച് ആലോചിച്ചു തുടങ്ങാം. പുതിയ ലുക്കില്‍, രാഹുല്‍ ദ്രാവിഡെന്ന പുതിയ കോച്ചിനു കീഴില്‍ വലിയ പ്രതീക്ഷകളോടെയാണ് റോയല്‍സ് ഇത്തവണ ഇറങ്ങിയത്. പക്ഷെ മൂന്നു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെ റോയല്‍സിന്റെ പ്ലേഓഫ് സ്വപ്‌നം പൊലിഞ്ഞിരിക്കുകയാണ്.
മുംബൈ ഇന്ത്യന്‍സിനെതിരേ കഴിഞ്ഞ ദിവസം നടന്ന കളിയിലേറ്റ 100 റണ്‍സിന്റെ വന്‍ തോല്‍വിയാണ് പ്ലേഓഫിലേക്കുള്ള റോയല്‍സിന്റെ വഴി പൂര്‍ണമായും അടച്ചിരിക്കുന്നത്. ഈ സീസണില്‍ കളിച്ച 11 മല്‍സരങ്ങളില്‍ വെറും മൂന്നെണ്ണത്തില്‍ മാത്രമാണ് റോയല്‍സിനു ജയിക്കാനായത്. ഇനി ബാക്കിയുളള മൂന്നു മല്‍സരങ്ങളും ജയിച്ച് മാനം കാക്കാനായിരിക്കും അവരുടെ അടുത്ത ലക്ഷ്യം.
അടുത്ത വര്‍ഷത്തെ ഐപിഎല്ലിനു മുമ്പ് മിനിതാരലേലം നടക്കാനിരിക്കുകയാണ്. അതിനു മുമ്പ് വലിയൊരു അഴിച്ചുപണി തന്നെ റോയല്‍സ് ടീമില്‍ ആവശ്യമാണ്. നിലവില്‍ ടീമിന്റെ ഭാഗമായിട്ടുള്ള ഭൂരിഭാഗം പേരും 2026ല്‍ സ്ഥാനം അര്‍ഹിക്കുന്നവരല്ല. അടുത്ത സീസണിലും റോയല്‍സിന്റെ പിങ്ക് കുപ്പായത്തില്‍ സ്ഥാനമര്‍ഹിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ആരെയൊക്കെ നിലനിര്‍ത്തും?
രാജസ്ഥാന്‍ റോയല്‍സിന്റെ നിലവിലെ സ്‌ക്വാഡില്‍ 19 പേരാണുള്ളത്. ഇതില്‍ 13 പേരും യഥാര്‍ഥത്തില്‍ പുറത്താക്കപ്പെടേണ്ടവരാണ്. വെറും ആറു പേര്‍ മാത്രമേ അടുത്ത സീസണിലും റോയല്‍സില്‍ സ്ഥാനമര്‍ഹിക്കുന്നുള്ളൂ. ഇതില്‍ ആദ്യത്തെയാള്‍ തീര്‍ച്ചയായും ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തന്നെയാണ്. അതിനു ശേഷം രണ്ടാമതായി ടീമില്‍ തുടരേണ്ടയാള്‍ ബാറ്റിങ് സെന്‍സേഷനും ഓപ്പണറുമായ യശസ്വി ജയ്‌സ്വാളാണ്.
മൂന്നാമതായി നിലനിര്‍ത്തപ്പെടേണ്ടയാള്‍ യുവതാരവും ഓള്‍റൗണ്ടറുമായ റിയാന്‍ പരാഗാണ്. അതിനു ശേഷം നാലാമനായി വേണ്ടത് ഭാവി സൂപ്പര്‍ താരമായി മാറാനിടയുള്ള 14 കാരന്‍ വൈഭവ് സൂര്യവംശിയാണ്. ശേഷിച്ച രണ്ടു പേര്‍ ഫാസ്റ്റ് ബൗളര്‍മാരാണ്. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ തന്നെ അടുത്ത എഡിഷനിലും ടീമിന്റെ പേസാക്രണത്തിനു ചുക്കാന്‍ പിടിക്കണം. അദ്ദേഹത്തിനു കൂട്ടായി വേണ്ടത് അണ്‍ക്യാപ്ഡ് ഇന്ത്യന്‍ പേസര്‍ ആകാശ് മധ്വാളുമാണ്.
എന്തുകൊണ്ടു ആറു പേര്‍?
രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത കുറച്ച സീസണുകളിലേക്കുള്ള കോര്‍ ഗ്രൂപ്പായി മാറേണ്ടത് ഈ ആറു പേരാണ്. ഇവരെ കേന്ദ്രീകരിച്ചുള്ള ടീമിനെയാണ് ഇനി റോയല്‍സ് വാര്‍ത്തെടുക്കേണ്ടത്. 2027ല്‍ ഒരു മെഗാ ലേലം ഇനി വരികയാണെങ്കിലും ഈ ആറു പേരെ എന്തു വില കൊടുത്തും റോയല്‍സ് നിലനിര്‍ത്തേണ്ടതുണ്ട്. ബാക്കിയുള്ള പൊസിഷനുകളിലേക്കു ആവശ്യമായ താരങ്ങളെയാണ് ഇനിയുള്ള ലേലങ്ങളില്‍ അവര്‍ നോട്ടമിടേണ്ടത്.
റോയല്‍സിനെ സംബന്ധിച്ച് ഒരിക്കലും മാറ്റി നിര്‍ത്താന്‍ സാധിക്കാത്തയാളാണ് സഞ്ജു. 2019 മുതല്‍ ടീമിന്റെ ഭാഗമായ അദ്ദേഹം ഇപ്പോള്‍ ശരിക്കും റോയല്‍സ് കുടുംബത്തിലെ അംഗം തന്നെയാണ്. ബാറ്റിങിനൊപ്പം ക്യാപ്റ്റന്‍സിയിലും ടീമിനെ മുന്നില്‍ നിന്നു നയിക്കാന്‍ അദ്ദേഹത്തിനു സാധിക്കും.
ദീര്‍ഘകാലമായി റോയല്‍സിന്റെ ഭാഗമായതിനാല്‍ തന്നെ അവരുടെ പ്രവര്‍ത്തന ശൈലിയെക്കുറിച്ചെല്ലാം സഞ്ജുവിനു കൃത്യമായ ധാരണയുണ്ട്. അതു അദ്ദേഹത്തിനു കാര്യങ്ങള്‍ എളുപ്പമാക്കി മാറ്റുകയും ചെയ്യുന്നു. സഞ്ജു കഴിഞ്ഞാല്‍ റോയല്‍സ് ടീമിന്റെ നെടുംതൂണ്‍ യശസ്വി ജയ്‌സ്വാള്‍ തന്നെയാണ്.
അതിനാല്‍ റിയാന്‍ പരാഗിനേക്കാള്‍ റോയല്‍സിന്റെ വൈസ് ക്യാപ്റ്റന്‍സി അര്‍ഹിക്കുന്നതും അദ്ദേഹമാണ്. അടുത്ത സീസണില്‍ പരാഗിനെ മാറ്റി വൈസ് ക്യാപ്റ്റന്‍സി ജയ്‌സ്വാളിനു നല്‍കണം. 14 കാരനായ വൈഭവ് സൂര്യവംശി തീര്‍ച്ചയായും വലിയ പ്രതീക്ഷകള്‍ നല്‍കുന്ന താരാണ്. പക്ഷെ ബാറ്റിങിലെ പക്വതയില്ലായ്മയും എടുത്തുചാട്ടവും പ്രശ്‌നമാണ്. എങ്കിലും കൂടുതല്‍ മല്‍സരങ്ങളില്‍ കളിക്കുന്നതിലൂടെ ഈ പോരായ്മകള്‍ പരിഹരിക്കാന്‍ താരത്തിനു സാധിക്കും.

ഈ സീസണില്‍ ബാറ്റിങില്‍ കാര്യമായി തിളങ്ങാനായില്ലെങ്കിലും പരാഗിന്റെ പ്രതിഭയില്‍ ആര്‍ക്കും സംശയമില്ല. ഒരുപക്ഷെ സഞ്ജുവിന്റെ അഭാവത്തില്‍ ഭൂരിഭാഗം മല്‍സരങ്ങളിലും ക്യാപ്റ്റന്‍സി ഏറ്റെടുക്കേണ്ടി വന്നതിന്റെ സമ്മര്‍ദ്ദം അദ്ദേഹത്തിന്റെ ബാറ്റിങിനെയും ബാധിച്ചിട്ടുണ്ടാലും.
ബൗളിങില്‍ ഇത്തവണ റോയല്‍സിന്റെ ഏറ്റവും വലിയ ആശ്വാസം ജോഫ്ര ആര്‍ച്ചറുടെ പ്രകടനമാണ്. തന്റെ പഴയ ഫോമിലേക്കു അദ്ദേഹം തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. ആകാശ് മധ്വാളിന്റെ കാര്യമെടുത്താല്‍ ഈ സീസണില്‍ ഇതിനകം ഒരു മല്‍സരത്തില്‍ മാത്രമേ കളിപ്പിച്ചിട്ടുള്ളൂവെങ്കിലും അതില്‍ ഗംഭീരമായി തന്നെ പന്തെറിഞ്ഞു. മികച്ച യോര്‍ക്കറുകള്‍ തുടര്‍ച്ചയായി എറിയാന്‍ സാധിക്കുമെന്നതാണ് മധ്വാളിനെ സ്‌പെഷ്യലാക്കുന്നത്.