ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലിനു വരാനിരിക്കുന്ന മെഗാ താരലേലത്തില്‍ റെക്കോര്‍ഡ് തുക തന്നെ ലഭിക്കുമെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ടി20 ഫോര്‍മാറ്റില്‍ രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റിനെ പലരും ട്രോളുന്നത് കാണാറുണ്ടെന്നും പക്ഷെ ഇതൊന്നും ലേലത്തില്‍ അദ്ദേഹത്തിന്റെ ഡിമാന്റ് കുറയ്ക്കില്ലെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ചോപ്ര. ഇതിന്റെ കാരണം അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.
ഐപിഎല്‍ റീട്ടെന്‍ഷന്‍ ലിസ്റ്റ് പ്രഖ്യാപിക്കാനിരിക്കെ രാഹുലിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീം നിലനിര്‍ത്താനിടയില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ലേലത്തിലെ കളിക്കാരുടെ പൂളില്‍ അദ്ദേഹത്തെ ഉറപ്പായും കാണാം. 2022 മുതല്‍ എല്‍എസ്ജിയെ നയിച്ചുകൊണ്ടിരിക്കുകയാണ് രാഹുല്‍. എന്നാല്‍ കഴിഞ്ഞ സീസണില്‍ ടീമുടമ സഞ്ജീവ ഗോയെങ്കയുമായി അദ്ദേഹം ഉടക്കിയിരുന്നു.
സീസണിലെ അവസാനത്തോടു അടുക്കവെ ഒരു മല്‍സരശേഷം എല്‍എസ്ജിയുടെ തോല്‍വിയില്‍ ക്ഷുഭിതനായ ഗോയെങ്ക ഗ്രൗണ്ടില്‍ വച്ച് രാഹുലിനെ പരസ്യമായി ശകാരിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ വൈറലാവുകയും ഗോയങ്കയ്‌ക്കെിരേ രൂക്ഷ വിമര്‍ശനങ്ങളുയരുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം ടീം വിടാനുള്ള ഉറച്ച തീരുമാനമെടുത്തതെന്നാണ് സൂചനകള്‍.

30 കോടി വരെയുറപ്പ്
ഐപിഎല്‍ മെഗാ താരലേലത്തില്‍ കെഎല്‍ രാഹുല്‍ ഉള്‍പ്പെടുകയാണെങ്കില്‍ 25 മുതല്‍ 30 കോടി വരെ രൂപ ഉറപ്പായും അദ്ദേഹത്തിനു ലഭിക്കുമെന്നാണ് ആകാശ് ചോപ്ര പ്രവചിക്കുന്നത്. പ്രത്യേകിച്ചും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കൂടിയാണെന്നതു അദ്ദേഹത്തിന്റെ ഡിമാന്റും വര്‍ധിപ്പിക്കുന്ന കാര്യമാണെന്നും ചോപ്ര വിലയിരുത്തുന്നു.
കഴിഞ്ഞ കുറച്ചു ഐപിഎല്ലുകളില്‍ രാഹുലിന്റെ ബാറ്റിങ് പ്രകടനം അത്ര മികച്ചതല്ല. മാത്രമല്ല സ്ലോ ബാറ്റിങിന്റെ പേരില്‍ അദ്ദേഹം വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. 2023ലെ ഐപിഎല്ലില്‍ 113.22 മാത്രമായിരുന്നു രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ്. എന്നാല്‍ ഈ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ രാഹുല്‍ ഇതു 136.13 ആക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു.
സ്‌ട്രൈക്ക് റേറ്റ് വിട്ടേക്കൂ
കെഎല്‍ രാഹുലിനു മാത്രമല്ല ഡല്‍ഹി ക്യാപ്പിറ്റല്‍സ് കൈവിട്ടേക്കുമെന്നു കരുതുന്ന വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനും മെഗാ ലേലത്തില്‍ വന്‍ ഡിമാന്റുണ്ടാവുമെന്നു ആകാശ് ചോപ്ര ചൂണ്ടിക്കാണിക്കുന്നു. ലേലത്തില്‍ റിഷഭ് പന്തിനു ഒരുപാട് പണം ലഭിക്കും. 25 മുതല്‍ 30 കോടി രൂപ വരെ അവനു വേണ്ടി ഫ്രാഞ്ചൈസികള്‍ മുടക്കാന്‍ തയ്യാറാവും.
കെഎല്‍ രാഹുലിന്റെ കാര്യവും ഇതു പോലെ തന്നെയാണ്. ഇത്ര തന്നെ തുക അദ്ദേഹത്തിനും കിട്ടുമെന്നുറപ്പാണ്. ഓരോ വര്‍ഷത്തെ ഐപിഎല്ലിലും 500-600 റണ്‍സ് സ്‌കോര്‍ ചെയ്യുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് രാഹുല്‍. ചിലയാളുകള്‍ സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ അദ്ദേഹത്തെ കളിയാക്കുന്നുണ്ടാവും.

ഞാന്‍ എവിടെയോ ഒരു മീംസ് (memes) കണ്ടിരുന്നു. 30 വയസ്സ് പിന്നിട്ടയാളും, വിവാഹിതനും, എല്ലാവരും കരിയര്‍ അവസാനിച്ചവെന്നു പറയുകയും ചെയ്യുന്ന ആളുമായതിനാല്‍ രാഹുലിനെ സിഎസ്‌കെ വാങ്ങും. അത്തരം കളിക്കാരാണ് അവരുടെ ടീമിലേക്കു വരാറുള്ളതെന്നായിരുന്നു ഇതിലെ പരിഹാസമെന്നും ചോപ്ര വിശദമാക്കി.
രാഹുലിന്റെ പ്രകടനം
ഐപിഎല്ലില്‍ 132 മല്‍സരങ്ങളുടെ അനുഭവസമ്പത്തുള്ള താരമാണ് കെഎല്‍ രാഹുല്‍. 134.61 സ്‌ട്രൈക്ക് റേറ്റും ടൂര്‍ണമെന്റില്‍ അദ്ദേഹത്തിനുണ്ട്. രാഹുലിന്‌റെ അനുഭവസമ്പത്തും ബാറ്റിങിലെ സ്ഥിരതയുമാണ് ലേലത്തില്‍ ഫ്രാഞ്ചൈസികളെ ആകര്‍ഷിക്കാന്‍ പോവുന്ന പ്രധാന ഘടകമെന്നു ആകാശ് ചോപ്ര പറയുന്നു.
ലേലത്തില്‍ ചിലപ്പോള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിലേക്കും രാഹുല്‍ പോയേക്കും. അതു അദ്ദേഹത്തിന്റെ ഹോം ഫ്രാഞ്ചൈസി കൂടിയാണ്. പഞ്ചാബ്, ഡല്‍ഹി, മുംബൈ എന്നീ ടീമുകളും രാഹുലിനായി രംഗത്തിറങ്ങിയേക്കും. കൊല്‍ക്കത്തയ്ക്കും അദ്ദേഹത്തെ ആവശ്യം വന്നേക്കാമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.