ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചാമ്പ്യന്മാരുടെ നിരയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും കപ്പിലേക്കെത്താന്‍ ആര്‍സിബിക്ക് സാധിച്ചിട്ടില്ല. അടുത്ത സീസണില്‍ വലിയ അഴിച്ചുപണികളോടെ ഇറങ്ങാനാണ് ആര്‍സിബി ലക്ഷ്യമിടുന്നത്. വിരാട് കോലിയെന്ന ഇതിഹാസ താരം ഒരു ഐപിഎല്‍ കിരീടമെങ്കിലും അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ കപ്പിലേക്കെത്താന്‍ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചിട്ടില്ല.
അടുത്ത സീസണില്‍ വലിയ മാറ്റങ്ങളോടെ കപ്പിലേക്കെത്താനാവും ആര്‍സിബി ശ്രമിക്കുക. നായകസ്ഥാനത്ത് നിന്ന് ഫഫ് ഡുപ്ലെസിനെ ആര്‍സിബി ഒഴിവാക്കും. മികച്ച ബാറ്റിങ് പ്രകടനം നടത്തുന്നുണ്ടെങ്കിലും ആര്‍സിബി നായകനെന്ന നിലയില്‍ ഡുപ്ലെസിസ് പരാജയമായിരുന്നു. അതുകൊണ്ടുതന്നെ നായകനെ ഉള്‍പ്പെടെ മാറ്റി വലിയ പൊളിച്ചെഴുത്താണ് ആര്‍സിബി ലക്ഷ്യമിടുന്നത്. അടുത്ത സീസണിലെ ആര്‍സിബിയുടെ സാധ്യതാ ടീം എങ്ങനെയാവുമെന്ന് നോക്കാം.
നായകസ്ഥാനത്തേക്ക് രാഹുല്‍
കെ എല്‍ രാഹുല്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് വിട്ട് ആര്‍സിബിയുടെ നായകനാവുമെന്നാണ് വിവരം. ഇക്കാര്യം രാഹുലിനോട് ചോദിച്ചപ്പോഴും സൂചന ശരിയാണെന്ന തരത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് രാഹുല്‍ എത്തിയാല്‍ അത് ടീമിന് കരുത്താവുമോയെന്നത് കണ്ടറിയണം. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകനായും പഞ്ചാബ് കിങ്‌സിന്റെ നായകനായും രാഹുല്‍ പരാജയമായിരുന്നു. എന്നാല്‍ ആര്‍സിബിയിലേക്കെത്തുമ്പോള്‍ മിന്നിക്കാന്‍ രാഹുലിന് സാധിക്കുമെന്ന് തന്നെ പറയാം.
വിരാട് കോലി ആര്‍സിബിയിലുണ്ടാവുമെന്നുറപ്പാണ്. ആര്‍സിബിയുടെ കെട്ടുറപ്പ് വിരാട് കോലിയിലാണ്. ടീമിന്റെ മൂല്യത്തെ പിടിച്ചുനിര്‍ത്തുന്നത് കോലിയാണെന്നതാണ് വസ്തുത. കോലിക്കൊപ്പം രജത് പാട്ടീധാറും ആര്‍സിബിയില്‍ തുടര്‍ന്നേക്കും. പാട്ടീധാറിനെ നിലനിര്‍ത്തുമ്പോള്‍ ഗ്ലെന്‍ മാക്‌സ് വെല്ലിനേയും നിലവിലെ നായകന്‍ ഫഫ് ഡുപ്ലെസിസിനേയും ആര്‍സിബി കൈവിട്ടേക്കും. പേസ് ഓള്‍റൗണ്ടറായ കാമറൂണ്‍ ഗ്രീനിനെ നിലനിര്‍ത്താനും ആര്‍സിബിക്ക് താല്‍പര്യമുണ്ടെന്നാണ് സൂചന.

ഈ താരങ്ങളെ നോട്ടമിടുന്നു
അവസാന സീസണില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊണ്ടുവരാന്‍ ആര്‍സിബി ശ്രമിച്ചിരുന്നു. എന്നാല്‍ കെകെആര്‍ കോടികള്‍ വാരിയെറിഞ്ഞപ്പോള്‍ ഈ നീക്കം നടന്നില്ല. അടുത്ത സീസണില്‍ സ്റ്റാര്‍ക്ക് കളിച്ചാല്‍ ഒപ്പം കൂട്ടാന്‍ ആര്‍സിബി ശ്രമം നടത്തുമെന്നാണ് വിവരം. ഡല്‍ഹി ഒഴിവാക്കുന്ന ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്കിനേയും ആര്‍സിബി നോട്ടമിട്ടേക്കും. പവര്‍പ്ലേയില്‍ തകര്‍ത്തടിക്കാന്‍ മഗ്യൂര്‍ക്കിനെപ്പോലൊരു താരത്തെ ആര്‍സിബിക്ക് അത്യാവശ്യമാണ്.
ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിനായും ആര്‍സിബി ശ്രമം നടത്തിയേക്കും. ഹാരി ബ്രൂക്ക് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനായി കളിച്ചപ്പോള്‍ പ്രതീക്ഷിച്ച പ്രകടനമല്ല നടത്തിയത്. എന്നാല്‍ പ്രതിഭാശാലിയായ താരമാണ് ബ്രൂക്ക്. അതുകൊണ്ടുതന്നെ ഹാരി ബ്രൂക്കിനെ വാങ്ങാന്‍ ആര്‍സിബി ശ്രമിച്ചേക്കും. പൃഥ്വി ഷായെ ഒപ്പം കൂട്ടാനും ആര്‍സിബിക്ക് താല്‍പര്യമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഡല്‍ഹി താരമായ പൃഥ്വിയെ അടുത്ത സീസണില്‍ ടീം നിലനിര്‍ത്താന്‍ സാധ്യതയില്ല.
സിറാജിനെ നിലനിര്‍ത്തും
എല്ലാ സീസണിലും ആര്‍സിബിയുടെ പ്രധാന പോരായ്മ ബൗളിങ് നിരയുടെ കരുത്ത് കുറവാണ്. ഇത്തവണ ഇക്കാര്യത്തില്‍ ആര്‍സിബി കൂടുതല്‍ ശ്രദ്ധ നല്‍കിയേക്കും. പേസ് നിരയില്‍ മുഹമ്മദ് സിറാജിനെ ആര്‍സിബി നിലനിര്‍ത്താനാണ് സാധ്യത. ടി20യില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സിറാജിനാവില്ല. എന്നാല്‍ സിറാജിനെ ഇത്തവണയും കൈവിടാന്‍ ആര്‍സിബി തയ്യാറായേക്കില്ല.
പേസ് നിരയിലേക്ക് സ്റ്റാര്‍ക്കിനെ ലക്ഷ്യമിടുന്ന ആര്‍സിബി ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ എന്നിവരേയും ഒപ്പം കൂട്ടാന്‍ ശ്രമിച്ചേക്കും. ഇതിനോടകം ആര്‍സിബിയുടെ ഭാഗമാണ് ആകാശ്. സ്പിന്‍ നിരയില്‍ ആരെന്നതാണ് ആര്‍സിബിയുടെ പ്രധാന ചോദ്യം. മായങ്ക് മാര്‍ക്കണ്ഡെയെ കൊണ്ടുവരാന്‍ ആര്‍സിബി ശ്രമിച്ചേക്കും. എന്തായാലും അടുത്ത സീസണിലും കിടിലന്‍ ടീമുമായിത്തന്നെ ആര്‍സിബി വരുമോയെന്നതാണ് കണ്ടറിയേണ്ടത്.