For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഇത് പഴയ രാഹുലല്ല, ആര്‍സിബിക്കെതിരേ തിളങ്ങിയത് എങ്ങനെ? തുറന്ന് പറഞ്ഞ് താരം

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ വിജയക്കുതിപ്പ് തുടര്‍ന്നിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ആര്‍സിബിയുടെ ആറ് വിക്കറ്റിനാണ് ഡല്‍ഹി പരാജയപ്പെടുത്തിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ഏഴ് വിക്കറ്റിന് 163 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹി 13 പന്തും ആറ് വിക്കറ്റും ബാക്കിയാക്കി ജയിക്കുകയായിരുന്നു. റണ്‍സൊഴുകുന്ന ബംഗളൂരുവിനെ പിച്ചില്‍ ബൗളര്‍മാരുടെ ആധിപത്യമാണ് കാണാനായത്.

എന്നാല്‍ ഡല്‍ഹിയെ വിജയത്തിലേക്കെത്തിച്ചത് കെ എല്‍ രാഹുലിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ്. 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്ക് 58 റണ്‍സിനിടെ നാല് വിക്കറ്റാണ് നഷ്ടമായത്. പ്രതീക്ഷിച്ച വേഗത്തില്‍ റണ്‍സുയര്‍ത്താനും ഡല്‍ഹിക്ക് സാധിച്ചില്ല. ഇടക്ക് മഴയും ചാറിയതോടെ ഡല്‍ഹി വലിയ ആശങ്കയിലായിരുന്നു. പക്ഷെ നങ്കൂരമിട്ട് ഡല്‍ഹിയെ രാഹുല്‍ വിജയത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയായിരുന്നു. 53 പന്ത് നേരിട്ട് ഏഴ് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 93 റണ്‍സോടെ രാഹുല്‍ പുറത്താവാതെ നില്‍ക്കുകയായിരുന്നു.

ആര്‍സിബിയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന പ്രകടനമായിരുന്നു ഇത്. രാഹുലിന്റെ തകര്‍പ്പന്‍ പ്രകടനം ഡല്‍ഹിക്കും വലിയ ആത്മവിശ്വാസം നല്‍കുന്നു. ഇപ്പോഴിതാ ആര്‍സിബിക്കെതിരേ ഇത്തരമൊരു മികച്ച പ്രകടനം നടത്താന്‍ സാധിച്ചത് എങ്ങനെയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കെ എല്‍ രാഹുല്‍.

സഹായിച്ചത് പിച്ചിലെ അനുഭവസമ്പത്ത്

കര്‍ണാടകക്കാരനായ ബാറ്റ്‌സ്മാനാണ് കെ എല്‍ രാഹുല്‍. മുന്‍ ആര്‍സിബി താരം കൂടിയായ രാഹുലിനെ സംബന്ധിച്ച് ചിന്നസ്വാമി സ്റ്റേഡിയം ഹോം ഗ്രൗണ്ടാണ്. വലിയ അനുഭവസമ്പത്ത് ഈ ഗ്രൗണ്ടില്‍ രാഹുലിനുണ്ട്. ഇത് ഗുണം ചെയ്തുവെന്നാണ് മത്സരശേഷം രാഹുല്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുന്നത്. 'ഇത് എന്റെ ഗ്രൗണ്ടാണ്. ഇത് എന്റെ വീടാണ്. മറ്റാരെക്കാളും ഇവിടുത്തെ സാഹചര്യം എനിക്കറിയാം. അതുകൊണ്ടുതന്നെ ഇവിടെ കളിക്കുന്നത് ഞാന്‍ വളരെയധികം ആസ്വദിക്കുന്നു.

ഇത് അല്‍പ്പം പ്രയാസമുള്ള വിക്കറ്റായിരുന്നു. എന്നാല്‍ വിക്കറ്റ് കീപ്പറായി 20 ഓവര്‍ നിന്നതോടെ വിക്കറ്റിന്റെ സ്വഭാവം കൃത്യമായി മനസിലാക്കാന്‍ സാധിച്ചു. വിക്കറ്റ് കീപ്പറായി നിന്നപ്പോള്‍ പന്തിന്റെ ദിശയെങ്ങോട്ടാണെന്നും സ്വിങ് എങ്ങോട്ടാണെന്നും മനസിലാക്കി. ഇത് ബാറ്റിങ്ങില്‍ വളരെയധികം സഹായിച്ചു' രാഹുല്‍ പറഞ്ഞു. പിച്ചിന്റെ സ്വഭാവത്തെ മനസിലാക്കി കളിക്കാന്‍ രാഹുലിന് സാധിച്ചു. പൊതുവേ ബാറ്റിങ്ങിന് അനുകൂലമായാണ് ബംഗളൂരുവിലെ പിച്ച്. എന്നാല്‍ ഇത്തവണ ബൗളര്‍മാര്‍ക്കാണ് മുന്‍തൂക്കം ലഭിച്ചത്. എന്നാല്‍ ഈ ഘട്ടത്തിലും നന്നായി ബാറ്റ് ചെയ്യാന്‍ രാഹുലിനായി.

kl rahul rcb vs dc

സ്റ്റബ്‌സിന്റെ പിന്തുണയും നിര്‍ണ്ണായകം

ഡല്‍ഹിയുടെ ടോപ് ഓഡര്‍ തകര്‍ന്നടിഞ്ഞ ശേഷം ഇത്തരമൊരു തിരിച്ചുവരവ് വളരെ പ്രയാസമാണ്. ഫഫ് ഡുപ്ലെസിസ് (1), ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്ക് (7), അഭിഷേക് പുറേല്‍ (7), അക്ഷര്‍ പട്ടേല്‍ (15) എന്നിവരെല്ലാം തുടക്കത്തിലേ പുറത്തായതോടെ വലിയ പ്രതിസന്ധിയിലേക്കാണ് ഡല്‍ഹി പോയത്. എന്നാല്‍ രാഹുലിന്റെ പ്രകടനം ഡല്‍ഹിയെ തിരിച്ചുകൊണ്ടുവരികയായിരുന്നു. രാഹുലിന്റെ മിന്നും പ്രകടനത്തിനൊപ്പം ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെ പ്രകടനത്തേയും വാഴ്‌ത്തേണ്ടതാണ്. അനിവാര്യമായ സമയത്ത് മികച്ചൊരു പ്രകടനമാണ് താരം കാഴ്ചവെച്ചത്. 23 പന്തില്‍ 4 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 38 റണ്‍സാണ് സ്റ്റബ്‌സ് നേടിയത്.

രാഹുലിന് വലിയ ആശ്വാസവും ആത്മവിശ്വാസവും നല്‍കുന്ന പ്രകടനമായിരുന്നു ഇത്. സ്റ്റബ്‌സ് കൂടി നിരാശപ്പെടുത്തിയിരുന്നെങ്കില്‍ ഡല്‍ഹിയുടെ അവസ്ഥ വളരെ പരിതാപകരമാകുമായിരുന്നു. എന്നാല്‍ ഗംഭീര പ്രകടനത്തോടെ കൈയടി നേടി വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ ഡല്‍ഹിക്ക് സാധിക്കുന്നു. ഓരോ മത്സരത്തിലും ഓരോ മാച്ച് വിന്നര്‍മാരെ സൃഷ്ടിച്ച് ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കാന്‍ സാധിക്കുന്നതാണ് ഡല്‍ഹിയുടെ കരുത്ത്.

അച്ചടക്കമുള്ള ബൗളിങ് നിര

ഡല്‍ഹിയുടെ ബൗളിങ് നിര അച്ചടക്കത്തോടെ പന്തെറിയുന്നതാണ് കാണാനാവുന്നത്. മിച്ചല്‍ സ്റ്റാര്‍ക്ക് ആദ്യ ഓവറില്‍ 30 റണ്‍സ് വഴങ്ങിയിട്ടും മൂന്ന് ഓവറില്‍ 35 റണ്‍സ് മാത്രമാണ് വഴങ്ങിയത്. വിപ്രജ് നിഗം, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മുകേഷ് കുമാറും മോഹിത് ശര്‍മയും ഓരോ വിക്കറ്റും വീഴ്ത്തി. അക്ഷര്‍ പട്ടേല്‍ നാല് ഓവറില്‍ 52 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ മറ്റ് ബൗളര്‍മാര്‍ ചേര്‍ന്ന് ഡല്‍ഹിയെ കരയകറ്റുകയായിരുന്നു. ഇത്തവണ കന്നി കിരീട പ്രതീക്ഷ സജീവമാക്കാന്‍ ഡല്‍ഹിക്ക് സാധിക്കുന്നു.

Story first published: Friday, April 11, 2025, 6:33 [IST]
Other articles published on Apr 11, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+