മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. അവസാന സീസണിലെ പാളിച്ചകള്‍ പരിഹരിച്ച് അടിമുടി മാറ്റങ്ങള്‍ക്കാണ് പല ടീമുകളും തയ്യാറെടുക്കുന്നത്. ആരാധകര്‍ പ്രതീക്ഷിക്കാത്ത പല വമ്പന്‍ മാറ്റങ്ങളും വരുന്ന സീസണിന് മുന്നോടിയായി നടക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതില്‍ കെ എല്‍ രാഹുലിന്റെ കൂടുമാറ്റ റിപ്പോര്‍ട്ടുകളും സജീവമായി പുറത്തുവരുന്നുണ്ട്.
അവസാന സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഉടമയായ സഞ്ജീവ് ഗോയന്‍ക കെ എല്‍ രാഹുലിനെ മൈതാനത്ത് വെച്ച് പരസ്യമായി ശാസിച്ചിരുന്നു. ഇത് വലിയ ചര്‍ച്ചയാവുകയും വിവാദമാവുകയും ചെയ്തതോടെ രാഹുല്‍ ടീം വിടുമെന്ന റിപ്പോര്‍ട്ടുകളും സജീവമായി പുറത്തുവന്നിരുന്നു. രാഹുല്‍ ലഖ്‌നൗവിന്റെ നായകസ്ഥാനമൊഴിഞ്ഞ് ആര്‍സിബിയുടെ നായകസ്ഥാനം ഏറ്റെടുത്തേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.
എന്നാല്‍ ഇപ്പോഴിതാ രാഹുല്‍ ലഖ്‌നൗവില്‍ തുടര്‍ന്നേക്കുമെന്നാണ് പുതിയ വിവരം. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഉടമയായ ഗോയന്‍കയുമായി രാഹുല്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ലഖ്‌നൗവിന്റെ നായകനായി തുടരുമെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. രാഹുലിനെ നിലനിര്‍ത്തി മുന്നോട്ട് പോകാന്‍ ലഖ്‌നൗ മാനേജ്‌മെന്റിന് താല്‍പര്യമുണ്ട്. അതുകൊണ്ടുതന്നെ രാഹുലും ടീമില്‍ തുടരാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
രാഹുലിനൊപ്പം മാര്‍ക്കസ് സ്‌റ്റോയിണിസ്, ക്രുണാല്‍ പാണ്ഡ്യ എന്നിവരേയും ലഖ്‌നൗ നിലനിര്‍ത്തിയേക്കുമെന്നാണ് വിവരം. രാഹുല്‍ ലഖ്‌നൗവില്‍ തുടരുന്നതോടെ ആര്‍സിബിയുടെ കണക്കുകൂട്ടലാണ് പാളുന്നത്. ആര്‍സിബിയുടെ നിലവിലെ നായകന്‍ ഫഫ് ഡുപ്ലെസിസാണ്. അടുത്ത സീസണില്‍ ഡുപ്ലെസിസിനെ ആര്‍സിബി നിലനിര്‍ത്തില്ലെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ ആര്‍സിബിക്ക് പുതിയ നായകനെ ആവശ്യമാണ്.

കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ ആരെന്നത് ആര്‍സിബിക്ക് മുന്നിലെ വലിയ ചോദ്യമാണ്. നേരത്തെ ആര്‍സിബിക്കായി കളിച്ചിട്ടുള്ള താരമാണ് രാഹുല്‍. കര്‍ണാടകക്കാരനായ രാഹുല്‍ ആര്‍സിബിയിലേക്കെത്തുമ്പോള്‍ ആരാധക പിന്തുണയും ലഭിക്കുമെന്നുറപ്പാണ്. എന്നാല്‍ രാഹുല്‍ ലഖ്‌നൗവില്‍ തുടരുന്നതോടെ ആര്‍സിബിക്ക് മികച്ചൊരു നായകനെ കണ്ടെത്തേണ്ടതായുണ്ട്. ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് വിട്ടാല്‍ എന്ത് വിലകൊടുത്തും ആര്‍സിബി ഒപ്പം കൂട്ടിയേക്കും.
കോടികള്‍ പ്രതിഫലം നല്‍കി മെഗാ ലേലത്തിന് മുമ്പ് തന്നെ ഹാര്‍ദിക്കുമായി ധാരണയിലെത്താന്‍ ആര്‍സിബി ശ്രമിച്ചേക്കും. എന്നാല്‍ ഈ നീക്കവും എത്രത്തോളം ഫലം കാണുമെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും ആര്‍സിബി അടിമുടി മാറ്റം അടുത്ത സീസണില്‍ വരുത്തിയേക്കും. വിരാട് കോലി, രജത് പാട്ടീധാര്‍, മുഹമ്മദ് സിറാജ് എന്നിവരെ അടുത്ത സീസണില്‍ ആര്‍സിബി നിലനിര്‍ത്തിയേക്കുമെന്നാണ് വിവരം. പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും ആര്‍സിബിക്ക് കപ്പിലേക്കെത്താനായിട്ടില്ല.
എന്നാല്‍ ആര്‍സിബിക്ക് വലിയ ആരാധക പിന്തുണ ഇത്തവണയുമുണ്ട്. വിരാട് കോലിയെ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്ന ആര്‍സിബിക്ക് മികച്ച താരനിരയുടെ ആവശ്യമുണ്ട്. മിക്ക സീസണുകളിലും ബാറ്റിങ്ങിന് അമിത പ്രാധാന്യം നല്‍കുന്ന ആര്‍സിബി ബൗളിങ് നിരയെ മറക്കുന്നു. ഇതാണ് വലിയ തിരിച്ചടി ടീമിന് നല്‍കുന്നത്. മുഹമ്മദ് സിറാജിനെപ്പോലെ ടി20യിലെ ശരാശരി ബൗളറെ കേന്ദ്രീകരിച്ച് ബൗളിങ് നിരയെ ഇറക്കുന്നത് ആര്‍സിബിയെ പിന്നോട്ടടിക്കുന്നു.
അടുത്ത സീസണില്‍ നായകന്‍ ഉള്‍പ്പെടെ വലിയ താരനിരയെത്തന്നെ ആര്‍സിബിക്ക് വേണം. കാമറൂണ്‍ ഗ്രീനെ ആര്‍സിബി വലിയ പ്രതീക്ഷയോടെയാണ് കൊണ്ടുവന്നത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഭേദപ്പെട്ട പ്രകടനവും കാഴ്ചവെച്ചു. എന്നാല്‍ ആര്‍സിബി ഗ്രീനിനെ നിലനിര്‍ത്തുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും രാഹുലിനെ നായകനാക്കാനുള്ള ആര്‍സിബിയുടെ പദ്ധതികള്‍ പൊളിഞ്ഞിരിക്കുകയാണെന്ന് തന്നെ പറയാം.