മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഈ മാസം 24, 25 തീയ്യതികളിലായി നടക്കാന്‍ പോവുകയാണ്. ഇത്തവണ പല സൂപ്പര്‍ താരങ്ങളും ഇത്തവണ ലേലത്തിലേക്കെത്തുന്നതിനാല്‍ വാശിയേറിയ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ജോസ് ബട്‌ലര്‍, ട്രന്റ് ബോള്‍ട്ട് എന്നിവരെല്ലാം എങ്ങോട്ടാണെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഇത്തവണ പല താരങ്ങള്‍ക്കും സര്‍പ്രൈസ് പ്രതിഫലം തന്നെ ലഭിക്കാന്‍ സാധ്യതയുണ്ട്. ടീമുകളുടെ തുകയും ഉയര്‍ത്തിയതിനാല്‍ ഇത്തവണ പുതിയ റെക്കോഡുകളും പ്രതിഫലത്തില്‍ പ്രതീക്ഷിക്കാം. പല സൂപ്പര്‍ താരങ്ങളും ഇത്തവണ പുതിയ തട്ടകത്തിലേക്കെത്താന്‍ ആഗ്രഹിക്കുമ്പോള്‍ ചില താരങ്ങള്‍ ഇത്തവണ പഴയ തട്ടകത്തിലേക്ക് തിരിച്ചുപോയേക്കും. ഇത് ആരൊക്കെയാണെന്ന് അറിയാം.
ശ്രേയസ് അയ്യര്‍ ഡല്‍ഹിയിലേക്ക്
ഡല്‍ഹി ക്യാപിറ്റല്‍സിനെ ഫൈനലിലെത്തിച്ച നായകനാണ് ശ്രേയസ് അയ്യര്‍. എന്നാല്‍ റിഷഭ് പന്ത് വന്നതോടെ ശ്രേയസ് അയ്യരെ ഡല്‍ഹി ഒഴിവാക്കുകയായിരുന്നു. അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ചാമ്പ്യന്മാരാക്കാനും ശ്രേയസിനായി. എന്നാല്‍ ഇത്തവണ മെഗാ ലേലത്തിന് മുമ്പ് ശ്രേയസ് ഒഴിവാക്കപ്പെട്ടു. ഇത്തവണ ലേലത്തില്‍ ഡല്‍ഹി ശ്രേയസിനെ തിരികെ എത്തിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകളുള്ളത്. അങ്ങനെയാണെങ്കില്‍ പഴയ തട്ടകമായ ഡല്‍ഹിയുടെ നായകസ്ഥാനത്തേക്ക് ശ്രേയസ് വീണ്ടും എത്തിയേക്കും.
കെ എല്‍ രാഹുല്‍ ആര്‍സിബിയിലേക്ക്
ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളിലൊരാളാണ് കെ എല്‍ രാഹുല്‍. അവസാന സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകനായിരുന്ന രാഹുലിനെ ഇത്തവണ മെഗാ ലേലത്തിന് മുമ്പ് ടീം ഒഴിവാക്കിയിരുന്നു. ഇതോടെ മെഗാ ലേലത്തിലേക്ക് താരം എത്തിപ്പെട്ടിരിക്കുകയാണ്. ഇത്തവണ വലിയ പ്രതിഫലം നേടാന്‍ സാധ്യതയുള്ള താരമാണ് രാഹുല്‍. ഇത്തവണ രാഹുല്‍ ആര്‍സിബിയിലേക്ക് പോകാനുള്ള സാധ്യതയാണ് കൂടുതല്‍. നേരത്തെ ആര്‍സിക്കായി കളിച്ചിട്ടുള്ള രാഹുല്‍. ഇത്തവണ നായകനായി തിരിച്ചെത്താന്‍ രാഹുലിന് സാധിച്ചേക്കും. കര്‍ണാടകക്കാരനായ രാഹുലിന് സ്വന്തം ടീമിന്റെ നായകനായിത്തന്നെ കളിക്കാന്‍ സാധിക്കുമെന്ന് തന്നെ കരുതാം.

ട്രന്റ് ബോള്‍ട്ട് മുംബൈയിലേക്ക്
മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ സൂപ്പര്‍ പേസര്‍മാരിലൊരാളാണ് ട്രന്റ് ബോള്‍ട്ട്. ഇടം കൈയന്‍ പേസറെ രാജസ്ഥാന്‍ റോയല്‍സാണ് ഇത്തവണ ഒഴിവാക്കിയത്. ബോള്‍ട്ടിനെ തിരിച്ചെത്തിക്കാന്‍ രാജസ്ഥാന്‍ ശ്രമിക്കുമെങ്കിലും ഇത് എളുപ്പമാവില്ല. ബോള്‍ട്ടിനെ സ്വന്തമാക്കാന്‍ എല്ലാ ടീമുകള്‍ക്കും താല്‍പര്യമുണ്ടാവും. എന്നാല്‍ മുംബൈ ബോള്‍ട്ടിനായി സജീവമായി രംഗത്തുണ്ടാവും. അതുകൊണ്ടുതന്നെ ട്രന്റ് ബോള്‍ട്ട് മുംബൈയ്ക്ക് തിരിച്ചെത്താനാണ് സാധ്യത കൂടുതല്‍. ബോള്‍ട്ട് ഇടവേളക്ക് ശേഷം മുംബൈയിലേക്ക് തിരിച്ചെത്തുമോയെന്നത് കണ്ടറിയാം.
ചഹാല്‍ ആര്‍സിബിയിലേക്ക്
സൂപ്പര്‍ സ്പിന്നറായ യുസ് വേന്ദ്ര ചഹാലിനെ ആര്‍സിബി ഒഴിവാക്കിയതിന് ശേഷമാണ് അദ്ദേഹം രാജസ്ഥാനിലേക്കെത്തിയത്. ഇത്തവണ മെഗാ ലേലത്തിന് മുമ്പ് ചഹാല്‍ ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ചഹാലിനെ തിരികെ എത്തിക്കാന്‍ ആര്‍സിബിക്ക് താല്‍പര്യമുണ്ടെന്നാണ് വിവരം. ചഹാലിനെ കൊണ്ടുവരാന്‍ രാജസ്ഥാനും മുംബൈ ഇന്ത്യന്‍സും ശ്രമിച്ചേക്കും. സീനിയര്‍ സ്പിന്നറായ ചഹാലിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. ഇന്ത്യന്‍ ടീമിനൊപ്പം അദ്ദേഹം സജീവമല്ല. എന്നാല്‍ ലേലത്തില്‍ വലിയ മൂല്യമുള്ള താരമാണ് ചഹാലെന്ന് പറയാം.
ബട്‌ലര്‍ മുംബൈയിലേക്ക്
ജോസ് ബട്‌ലറെ രാജസ്ഥാന്‍ റോയല്‍ ഒഴിവാക്കിയത് സര്‍പ്രൈസ് നീക്കമായിരുന്നു. ഇംഗ്ലണ്ടിനെ ടി20 ലോകകപ്പ് കിരീടം ചൂടിച്ച നായകനാണ് ബട്‌ലര്‍. ഒരു സീസണില്‍ നാല് സെഞ്ച്വറിയടക്കം നേടി ഞെട്ടിക്കാനും ബട്‌ലര്‍ക്കായിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ബട്‌ലറെ രാജസ്ഥാന്‍ ഒഴിവാക്കിയതെന്നാണ് എല്ലാവരുടേയും സംശയം. ബട്‌ലറെ ടീമിലെത്തിക്കാന്‍ മുംബൈക്ക് താല്‍പര്യമുണ്ടെന്നാണ് വിവരം. മുന്‍ മുംബൈ ഇന്ത്യന്‍സ് താരമായ ബട്‌ലര്‍ പഴയ തട്ടകത്തിലേക്ക് മടങ്ങിയെത്തുമോയെന്നതാണ് അറിയേണ്ടത്.