ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ എല്ലാ കണക്കുകൂട്ടലുകളും പ്രവചനങ്ങളും തെറ്റിച്ചുകൊണ്ട് കിരീടത്തില്‍ മുത്തമിട്ട ടീമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ്. ശ്രേയസ് അയ്യരുടെ മികച്ച ക്യാപ്റ്റന്‍സിക്കൊപ്പം ഉപദേശകസ്ഥാനത്തു ഗൗതം ഗംഭീറുമെത്തിയതോടെ കെകെആര്‍ വേറെ ലെവലിലേക്കുയരുകയായിരുന്നു. സീസണിന്റെ തുടക്കം മുതല്‍ ഉജ്ജ്വലമായി കളിച്ച അവര്‍ ഇതേ ഫോം അവസാനം വരെ തുടര്‍ന്നു.
ഒടുവില്‍ തികച്ചും ഏകപക്ഷീയമായ കലാശപ്പോരില്‍ സണ്‍റൈസേഴ്‌സ് നാണംകെടുത്തി മൂന്നാം കിരീടത്തില്‍ മുത്തമിടുകയായിരുന്നു. നിലവിലെ ചാംപ്യന്‍മാരെന്ന തലയെടുപ്പോടെയായിരിക്കും അടുത്ത സീസണില്‍ കെകെആര്‍ പോരാട്ടത്തിന് ഇറങ്ങുക. പക്ഷെ കിരീടം നിലനിര്‍ത്താന്‍ അവര്‍ക്കു കഴിഞ്ഞേക്കില്ല. ഇതിനു പിന്നിലെ മൂന്നു പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ടീമില്‍ വരുന്ന മാറ്റം
വരാനിരിക്കുന്ന ഐപിഎല്ലില്‍ കെകെആര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ടീമില്‍ വരുന്ന അഴിച്ചുപണികളായിരിക്കും. കാരണം മെഗാ താരലേലം വരാനിരിക്കുകയാണ്. അതിനു മുമ്പ് പരമാവധി ആറു കളിക്കാരെ മാത്രമേ ഓരോ ടീമിനും നിലനിര്‍ത്താന്‍ സാധിക്കൂയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു കെകെആറിന്റെ താളം തെറ്റിച്ചേക്കും.
കഴിഞ്ഞ തവണ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന കൂടുതല്‍ പേരെയും കെകെആറിനു കൈവിടേണ്ടതായി വരും. ക്യാപ്റ്റന്‍ ശ്രേയസുള്‍പ്പെടെ ഏറ്റവും പ്രധാനപ്പെട്ട കുറച്ചു പേരെ മാത്രമേ അവര്‍ക്കു നിലനിര്‍ത്താനാവുകയുള്ളൂ. ശ്രേയസ്, സുനില്‍ നരെയ്ന്‍, ആന്ദ്രെ റസ്സല്‍, വരുണ്‍ ചക്രവര്‍ത്തി, വെങ്കടേഷ് അയ്യര്‍ എന്നിവരാണ് കെകെആര്‍ നിലനിര്‍ത്താന്‍ സാധ്യതയുള്ള കളിക്കാര്‍.
നിലനിര്‍ത്തേണ്ട ഈ താരങ്ങള്‍ ആരൊക്കെയാവണമെന്നത് കെകെആറിനെ കുഴപ്പിക്കുകയും ചെയ്യും. ലേലത്തില്‍ പുതിയ കളിക്കാര്‍ വരുന്നതോടെ ബാറ്റിങ്, ബൗളിങ് ലൈനപ്പുകളില്ലൊം അവര്‍ക്കു മാറ്റം വരുത്തേണ്ടതായി വരും. പഴയ കളിക്കാരും പുതിയ താരങ്ങളും തമ്മിലുള്ള ഒത്തിണക്കവും പഴയതു പോലെയുണ്ടാവാന്‍ സാധ്യതയില്ല. ഇതു ടീമിന്റെ പഴയ താളം നഷ്ടപ്പെടുത്തിയേക്കുകയും ചെയ്യും.
ഗംഭീറിന്റെ അസാന്നിധ്യം
മുന്‍ ഉപദേശകനായ ഗൗതം ഗംഭീറിന്റെ അസാന്നിധ്യമാണ് കെകെആറിനു തിരിച്ചടിയാവുന്ന രണ്ടാമത്തെ കാര്യം. 2023ലെ ഐപിഎല്ലില്‍ പ്ലേഓഫില്‍ പോലും കടക്കാന്‍ സാധിക്കാതെ പോയ ടീമാണ് കെകെആര്‍. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഗംഭീര്‍ വന്നതോടെ കെകെആര്‍ അടിമുടി മാറുകയായിരുന്നു.

മിച്ചെല്‍ സ്റ്റാര്‍ക്ക്, ഫില്‍ സാള്‍ട്ട് എന്നിവരുള്‍പ്പെടെ ചില കളിക്കാര്‍ പുതുതായി വന്നതൊഴിച്ചാല്‍ കഴിഞ്ഞ തവണത്തെ ഏറെക്കുറെ അതേ ടീമിനെയാണ് മാച്ച് വിന്നിങ് സംഘമായി ഗംഭീര്‍ വാര്‍ത്തെടുത്തത്. ടീമില്‍ അദ്ദേഹം നടത്തിയ ചില പരീക്ഷണങ്ങള്‍ വലിയ വിജയമാവുകയും അതു കെകെആറിനെ കൂടുതല്‍ അപകടകാരികളാക്കി മാറ്റുകയും ചെയ്തു.
എന്നാല്‍ സീസണിനു ശേഷം കെകെആര്‍ വിട്ട ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഈ അഭാവം കെകെആര്‍ എങ്ങനെ നികത്തുമെന്നത് കണ്ടു തന്നെ അറിയണം. ഗംഭീറില്ലാത്തതിനാല്‍ തന്നെ അടുത്ത സീസണില്‍ കെകെആറിന്റെ ഗെയിം പ്ലാന്‍ എങ്ങനെയാവുമെന്നും അതു വിജയിക്കുമോയെന്നും കണ്ടുതന്നെ അറിയണം.
അപ്രവചനീയത, കളിക്കാരുടെ ഫോം
ഐപിഎല്ലിലെ ഓരോ മല്‍സരവും അപ്രവചനീയമാണെന്നു എല്ലാവര്‍ക്കുമറിയാം. ആര്‍ക്കും ആരെയും തങ്ങളുടെതായ ദിവസം തോല്‍പ്പിക്കാന്‍ കഴിയും. കെകെആറിനെ സംബന്ധിച്ച് കളിക്കാരുടെ ഫോം അടുത്ത സീസണില്‍ വളരെ നിര്‍ണായകമായിരിക്കും.
ആന്ദ്രെ റസ്സലും സുനില്‍ നരെയ്‌നുമെല്ലാം ഫോം നിലനിര്‍ത്തിയെങ്കില്‍ മാത്രമേ കെകെആര്‍ കിരീടം നിലനിര്‍ത്തുകയുള്ളൂ. ഇവരടക്കമുള്ള ചില പ്രധാനപ്പെട്ട കളിക്കാര്‍ ഫോമൗട്ടായാല്‍ അതു കെകെആറിന്റെ കണക്കുകൂട്ടലുകള്‍ പാടെ തെറ്റിക്കും.
കഴിഞ്ഞ സീസണിലെ അതേ ഫോമും ഫിറ്റ്‌നസുമെല്ലാം അടുത്ത വര്‍ഷവും താരങ്ങള്‍ നിലനിര്‍ത്തുമോയെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. ചിലര്‍ക്കു ഇതിനിടെ പരിക്ക് ഏറ്റേക്കാം. ചിലരുടെ ഫോമിലും ഇടിവ് സംഭവിച്ചേക്കാം. ഈ കാര്യങ്ങളെല്ലാം വിലയിരുത്തുമ്പോള്‍ അടുത്ത സീസണില്‍ കെകെആര്‍ കിരീടം നിലനിര്‍ത്താനുള്ള സാാധ്യത കുറവാണെന്നു തന്നെ പറയേണ്ടതായി വരും.