ഡല്‍ഹി: കഴിഞ്ഞ സീസണിലെ ചാംപ്യന്‍മാരായ കൊല്‍ക്കക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ റണ്‍മഴയില്‍ മുക്കി കൂറ്റന്‍ ജയം നേടിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ ഹൈദരാബാദ്. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ 110 റണ്‍സിന്റെ വമ്പന്‍ ജയമാണ് പാറ്റ് കമ്മിന്‍സും സംഘവും ആഘോഷിച്ചത്. ഈ ജയത്തോടെ ഓറഞ്ച് ആര്‍മി ആറാമതായി സീസണ്‍ അവസാനിപ്പിച്ചപ്പോള്‍ എട്ടാംസ്ഥാനക്കാരെന്ന നാണക്കേടുമായി കെകെആര്‍ ടൂര്‍ണമെന്റിനോടു ഗുഡ്‌ബൈ പറഞ്ഞിരിക്കുകയാണ്.
അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ എസ്ആര്‍എച്ചിന്റെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ കെകെആറിന്റെ തോല്‍വി ഉറപ്പായിരുന്നു. കാരണം 279 റണ്‍സെന്ന അപ്രാപ്യമായ വിജയലക്ഷ്യാണ് അവര്‍ക്കു ഹൈദരാബാദ് നല്‍കിയത്. റണ്‍ചേസില്‍ കെകെആര്‍ ടീം ഒരിക്കല്‍പ്പോലും ചിത്രത്തില്‍ ഇല്ലായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഏഴാം ഓവറാവുമ്പോഴേക്കും അവര്‍ക്കു മൂന്നു വിക്കറ്റുകള്‍ നഷ്ടമായിരുന്നു.

പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ കൈവിട്ട കെകെആര്‍ 18.4 ഓവറില്‍ വെറും 168 റണ്‍സിനു ഓള്‍ഔട്ടായി. മനീഷ് പാണ്ഡെ (37), ഹര്‍ഷിത് റാണ (34), സുനില്‍ നരെയ്ന്‍ (31), എന്നിവരാണ് കെകെആറിന്റ പരാജയഭാരം അല്‍പ്പമെങ്കിലും കുറച്ചത്. എസ്ആര്‍എച്ചിനായി ജയദേവവ് ഉനാട്കട്ടും ഹര്‍ഷ് ദുബെയും എഷാന്‍ മലിങ്കയും മൂന്നു വീതം വിക്കറ്റുകള്‍ പിഴുതു.
ക്ലാസെന്‍ ഷോ
ടോസിനു ശേഷം ബാറ്റിങിനിറങ്ങിയ സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ ഹെന്‍ട്രിച്ച് ക്ലാസെന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് മുന്‍നിര ബാറ്റര്‍മാര്‍ പുറത്തെടുത്തത്. രണ്ടാം ഐപിഎല്‍ സെഞ്ച്വറിയുമായി ഹെന്‍ട്രിച്ച് ക്ലാസെന്‍ (105*) കത്തിക്കയറിയപ്പോള്‍ വെറും മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 278 റണ്‍സെന്ന കൂറ്റന്‍ ടോട്ടലിലെത്തിയത്.
വെറും 39 ബോളിലാണ് ഒമ്പതും സിക്‌സറുമടക്കം ക്ലാസന്‍ 105 റണ്‍സ് വാരിക്കൂട്ടിയത്. ട്രാവിസ് ഹെഡ് (76) ഒരിക്കല്‍ക്കൂടി തീപ്പൊരിയായപ്പോള്‍ അഭിഷേക് ശര്‍മയും (32) സാന്നിധ്യമറിച്ചു. സ്‌ഫോടനാത്മകമായിരുന്നു എസ്ആര്‍എച്ചിന്റെ തുടക്കം. കെകെആറിന്റെ ന്യൂബോള്‍ ആക്രമണത്തെ അഭിഷേക്- ഹെഡ് ജോടി കടന്നാക്രമിക്കുകയായിരുന്നു.
41 ബോളില്‍ ഈ ജോടി അടിച്ചെടുത്തത് 92 റണ്‍സാണ്. അപകടകരമായ രീതിയില്‍ മുന്നേറിയ ഈ ജോടിയെ വേര്‍പിരിച്ചത് സുനില്‍ നരെയ്‌നാണ്. 16 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറുടക്കം 32 റണ്‍സെടുത്ത അഭിഷേകിനെ അദ്ദേഹം റിങ്കു സിങിനു സമ്മാനിക്കുകയായിരുന്നു.

പക്ഷെ ഇതിലൂടെ കളിയില്‍ പിടിമുറുക്കാന്‍ കെകെആറിനായില്ല. രണ്ടാം വിക്കറ്റില്‍ ഹെഡും മൂന്നാം നമ്പറിലേക്കു വന്ന ക്ലാസെനും ചേര്‍ന്ന് 83 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ മല്‍സരം കെകെആറില്‍ നിന്നും വഴുതിപ്പോവുകയായിരുന്നു.
ടീം ടോട്ടല്‍ 175ലാണ് ഹെഡ് വീഴുന്നത്. സെഞ്ച്വറിയിലേക്കേു കുതിച്ച ഹെഡിനെ മടക്കിയതും നരെയ്ന്‍ തന്നെ. 40 ബോളുകള്‍ നേരിട്ട അദ്ദേഹം ആറു വീതം ഫോറും സിക്‌സറുമടിച്ചു. ഹെഡ് മടങ്ങിയ ശേഷം വീണ്ടുമൊരു മികച്ച കൂട്ടുകെട്ട് കൂടി കണ്ടു. ക്ലാസെന്‍- ഇഷാന്‍ കിഷന്‍ സഖ്യം 83 റണ്‍സാണ് ടീം ടോട്ടലിലേക്കു ചേര്‍ത്തത്. ഇതോടെ അവരുടെ ടോട്ടലും 250 കടക്കുകയായിരുന്നു.
ടോസിനു ശേഷം എസ്ആര്‍എച്ച് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അവസാന മല്‍സരത്തിലെ അതേ ടീമിനെ തന്നെ അവര്‍ നിലനിര്‍ത്തി. കെകെആറും മാറ്റങ്ങളില്ലാതെയാണ് ഇറങ്ങിയത്. പ്ലേഓഫ് പ്രതീക്ഷകള്‍ നേരത്തേ അസ്തമിച്ചു കഴിഞ്ഞ ഇരുടീമുകളും ജയത്തോടെ സീസണ്‍ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോരടിക്കുക.
പ്ലെയിങ് 11
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹെന്‍ട്രിച്ച് ക്ലാസന്‍, നിതീഷ് റെഡ്ഡി, അഭിനവ് മനോഹര്‍, അനികേത് വര്‍മ, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, ജയദേവ് ഉനദ്കട്ട്, ഇഷാന്‍ മലിംഗ.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), മനീഷ് പാണ്ഡെ, റിങ്കു സിങ്, ആന്ദ്രെ റസ്സല്‍, രമണ്‍ദീപ് സിംഗ്, ഹര്‍ഷിത് റാണ, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി, ആന്‍ട്രിച്ച് നോര്‍ക്കിയ.