കൊല്‍ക്കത്ത: ക്യാപ്റ്റന്റെ ഇന്നിങ്‌സ് കെട്ടഴിച്ച റിയാന്‍ പരാഗിന്റെ (95) വണ്‍മാന്‍ ഷോയ്ക്കും രാജസ്ഥാന്‍ റോയല്‍സിനെ രക്ഷിക്കാാനായില്ല. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഒരു റണ്‍സിന്റെ നാടരീയ ജയവുമായി പ്ലേഓഫ് സാധ്യതകള്‍ നിലനിര്‍ത്തിയിരിക്കുകയാണ് നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. 207 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് റോയല്‍സിനു കെകെആര്‍ നല്‍കിയത്.
പരാഗിന്റെയും യശസ്വി ജയ്‌സ്വാള്‍ (34), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (29), ശുഭം ദുബെ (25*) എന്നിവരുടെയും ഇന്നിങ്‌സുകളുടെ മികവില്‍ റോയല്‍സ് അവസാന ബോള്‍ വരെ റോടെ പോരാടിയെങ്കിലും ഒരു വിക്കറ്റിനു 205 റണ്‍സെടുത്ത് കളി അടിയറവയ്ക്കുകയായിരുന്നു. വെറും 45 ബോളിലാണ് പരാഗ് കരിയര്‍ ബെസ്റ്റ് സ്‌കോറായ 95 റണ്‍സിലെത്തിയത്. എട്ടു സിക്‌സറും ആറു ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

റണ്‍ചേസില്‍ ഒരു സമയത്തു റോയല്‍സ് അഞ്ചിനു 71ലേക്കു കൂപ്പുകുത്തിയിരുന്നു. എന്നാല്‍ ഏഴാം വിക്കറ്റില്‍ ഹെറ്റ്‌മെയര്‍ക്കൊപ്പം പരാഗ് 88റ റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ റോയല്‍സ് അവിശ്വസനീയ തിരിച്ചുവരവ് നടത്തി.
ഈ ജോടി ക്രീസിലുള്ളപ്പോള്‍ റോല്‍സ് വിജയപ്രതീക്ഷയിലായിരുന്നു. എന്നാല്‍ ടീം ടോട്ടല്‍ 163ല്‍ നില്‍ക്കെ ഹെറ്റ്‌മെയറുടെ പുറത്താവല്‍ റോയല്‍സിന്റെ താളം തെറ്റിക്കുകയായിരുന്നു. പിന്നീട് വാലറ്റക്കാര്‍ പൊരുതിയെങ്കിലും കൈയെത്തുംദൂരത്തു റോയല്‍സ് ജയം കൈവിട്ടു.
റസ്സല്‍ വെടിക്കെട്ട്
സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസിനു ശേഷം ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നാലു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 206 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലിന്റെ (57*) തീപ്പൊരി ഫിഫ്റ്റിയാണ് കെകെആറിനെ 200 കടത്തിയത്. വെറും 25 ബോളിലാണ് അദ്ദേഹം 57 റണ്‍സ് വാരിക്കൂട്ടിയത്. ആറു സികസറും നാലു ഫോറും ഇതിലുള്‍പ്പെടും.
ആംഗ്രിഷ് രഘുവംശി (44), റഹ്മാനുള്ള ഗുബാസ് (35), ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (30) എന്നിവരും കെകെആര്‍ ഇന്നിങ്‌സിലേക്കു മികച്ച സംഭാവനകള്‍ നല്‍കി. ഒരു സമയത്തു കെകെആര്‍ ടീം 180 റണ്‍സ് പോലും കടക്കുമോയെന്ന കാര്യം സംശയമായിരുന്നു. എന്നാല്‍ അവസാന അഞ്ചോവറിലെ റണ്‍മഴയാണ് കെകെആറിനെ 206 റണ്‍സെന്ന വലിയ സ്‌കോറിലെത്തിച്ചത്. അവസാന അഞ്ചോവറില്‍ കെകെആറിനു ലഭിച്ചത് 85 റണ്‍സാണ്.
15 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ കെകെആര്‍ മൂന്നു വിക്കറ്റിനു 121 റണ്‍സെന്ന നിലയിലായിരുന്നു. എട്ടു ബോളില്‍ രണ്ടു റണ്‍സോടെ റസ്സലും 24 ബോളില്‍ 36 റണ്‍സുമായി രഘുവംശിയുമായിരുന്നു ക്രീസില്‍. അടുത്ത അഞ്ചോവറില്‍ റോയല്‍സ് ബൗളിങ് നിരയെ റസ്സല്‍ തല്ലിച്ചതയ്ക്കുകയായിരുന്നു. ആകാശ് മധ്വാളെറിഞ്ഞ 16ാം ഓവറില്‍ 15 റണ്‍സാണ് വന്നത്. രണ്ടു ഫോറും ഒരു സിക്‌സറും ഇതിലുള്‍പ്പെടും. ജോഫ്ര ആര്‍ച്ചറുടെ അടുത്ത ഓവറില്‍ ഓരോ ഫോറും സിക്‌സറുമടക്കം 13 റണ്‍സ് കെകെആര്‍ നേടി.

മഹീഷ് തീഷണയുടെ 18ാം ഓവറില്‍ റസ്സലിന്റെ ബാറ്റിങ് വെടിക്കെട്ടാണ് കണ്ടത്. ഹാട്രിക് സിക്‌സറുകളാണ് താരം പായിച്ചത്. രഘുവംശി ഒരു ഫോറുമടിച്ചതോടെ 23 റണ്‍സ് കെകെആറിനു ലഭിച്ചു ആര്‍ച്ചറുടെ 19ാം ഓവറില്‍ രഘുവംശി വീണെങ്കിലും ഓരോ ഫോറും സിക്‌സറുക്കം 12 റണ്‍സ് റസ്സല്‍ നേടി. മധ്വാളെറിഞ്ഞ അവസാന ഓവറില്‍ 22 റണ്‍സാണ് വന്നത്. രണ്ടു സിക്‌സറും മൂന്നു ഫോറുകളുമടക്കമാണിത്. ഇതോടെയാണ് കെകെആര്‍ 206 റണ്‍സെന്ന അപ്രതീക്ഷിത ടോട്ടിലെത്തിയത്.
ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസിനു ശേശഷം കെകെആര്‍ നായകന്‍ അജിങ്ക്യ രഹാനെ ബാറ്റിങ് തിരഞ്ഞെടുക്കുകയാിരുന്നു. മാറ്റങ്ങളുമായാണ് ഈ മല്‍സരത്തില്‍ രണ്ടു ടീമുകളും ഇറങ്ങിയത്. രണ്ടു മാറ്റങ്ങളാണ് കൊല്‍ക്കത്ത വരുത്തിയത്. ഓള്‍റൗണ്ടര്‍മാരായ മോയിന്‍ അലിയും രമണ്‍ദീപ് സിങുമാണ് കെകെആര്‍ ടീമിലേക്കു പുതുതായി വന്നനത്. എന്നാല്‍ റോയല്‍സ് മൂന്നു മാറ്റങ്ങള്‍ വരുത്തി. കുനാല്‍ റാത്തോഡ്, വനിന്ദു ഹസരംഗ, യുധ്വീര്‍ സിങ എന്നിവരാണ് പ്ലെയിങ് ഇലവനിലെത്തിയത്.
പോരാട്ടം ഇതുവരെ
നിലവിലെ ചാംപ്യന്‍മാരെന്ന തലയെടുപ്പുമായി ഈ സീസണില്‍ ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് ടീമിനു ആഗ്രഹിച്ചതു പോലെയൊരു തുടക്കമല്ല ഈ സീസണില്‍ ലഭിച്ചത്. ഉദ്ഘാടന മല്‍സരത്തില്‍ തന്നെ അവര്‍ക്കു ഷോക്ക് നേരിട്ടു. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു ഏഴു വിക്കറ്റിനാണ് കെകെആര്‍ ടീം തകര്‍ന്നടിഞ്ഞത്.
എന്നാല്‍ രണ്ടാമങ്കത്തില്‍ ആധികാരിക ജയവുമായി അവര്‍ ശക്തമായി തിരിച്ചുവന്നു. രാജസ്ഥാന്‍ റോയല്‍സിനെ എട്ടു വിക്കറ്റിനാണ് കൊല്‍ക്കത്ത തുരത്തിയത്. പക്ഷെ തൊട്ടടുത്ത കളിയില്‍ ഇതേ മാര്‍ജിനില്‍ തന്നെ അവര്‍ നാണംകെടുകയും ചെയ്തു. മുംബൈ ഇന്ത്യന്‍സാണ് കെകെആറിനെ നിഷ്പ്രഭരാക്കി ജയിച്ചുകറിയത്. ഈ മല്‍സരത്തിനു ശേഷം കെകെആറിനു ജയവും തോല്‍വികളും മാറി മാറി വന്നുകൊണ്ടിരുന്നു. തുടര്‍ച്ചയായി രണ്ടു ജയങ്ങള്‍ ഒരിക്കലും അവര്‍ക്കു നേടാനായില്ല.
നാലാം റൗണ്ടില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 80 റണ്‍സിന്റെ ആധികാരിക വിജയമാണ് കെകെആര്‍ സ്വന്തമാക്കിതത്. പക്ഷെ അഞ്ചാമത്തെ മല്‍സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു പൊരുതി വീണു. നാലു റണ്‍സിന്റെ നാടകീയ വിജയമാണ് എല്‍എസ്ജി ടീം പിടിച്ചെടുത്തത്. ഇതിന്റെ ക്ഷീണം അടുത്ത കളിയില്‍ കെകെഅര്‍ തീര്‍ത്തു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എട്ടു വിക്കറ്റിനു അവര്‍ മുക്കുകയായിരുന്നു.
അടുത്ത രണ്ടു മല്‍സരങ്ങളിലും കെകെആറിനു ജയിക്കാനായില്ല. പഞ്ചാബ് കിങ്‌സിനോടു 16 റണ്‍സിനും ഗുജറാത്ത് ടൈറ്റന്‍സിനോടു 39 റണ്‍സിനും അവര്‍ കീഴടങ്ങുകയായിരുന്നു. ഒമ്പാതമത്തെ മല്‍സരം മഴ കാരണം ഫലമില്ലാതെ ഉപേക്ഷിക്കപ്പെട്ടു. പഞ്ചാബ് കിങ്‌സുമായുളള ഹോം മാച്ചാണ് മഴയെടുത്തത്. അതിനു ശേഷം അവസാനമായി കളിച്ച മല്‍സരത്തില്‍ ജയിച്ചു കയറാനും കെകെആറിനു സാധിച്ചു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ 14 റണ്‍സിന്റെ വിജയമാണ് കെകെആര്‍ നേടിയെടുത്തത്.
അതേസമയം, രാജസ്ഥാന്‍ റോയല്‍സിനും ഈ സീണിന്റെ തുടക്കം പാളിയിരുന്നു. ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും അവര്‍ക്കു വിജയം കൊയ്യാനായില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു 44 റണ്‍സിനു കീഴടങ്ങിയ റോയല്‍സ് അടുത്ത കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു എട്ടു വിക്കറ്റിനും തകര്‍ന്നടിഞ്ഞു.
എന്നാല്‍ മൂന്നാമത്തെയും നാലാമത്തെയും മല്‍സരങ്ങള്‍ ജയിച്ച് റോയല്‍സ് ശക്തമായി ടൂര്‍ണമെന്റിലേക്കു മടങ്ങിയെത്തി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറു റണ്‍സിനും പഞ്ചാബ് കിങ്‌സിനെ 50 റണ്‍സിനുമാണ് റോയല്‍സ് തോല്‍പ്പിച്ചത്. പക്ഷെ അതിനു ശേഷം അവര്‍ക്കു പരാജയ പരമ്പരയായിരുന്നു.
തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങളില്‍ റോയല്‍സിനു ജയിക്കാനായില്ല. ഗുജറാത്ത് ടൈറ്റന്‍സ് (58 റണ്‍സ്), റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു (9 വിക്കറ്റ്), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (സൂപ്പര്‍ ഓവര്‍), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (2 രണ്ടു റണ്‍സ്), റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു (11 റണ്‍സ്) എന്നിവരോടാണ് തോല്‍വി സമ്മതിച്ചത്.
പത്താമത്തെ മല്‍സരത്തില്‍ തോല്‍വികള്‍ക്കു റോയല്‍സ് ബ്രേക്കിട്ടു. ഗുജറാത്ത് ടൈറ്റന്‍സിനെ എട്ടു വിക്കറ്റിനാണ് അവര്‍ ഞെട്ടിച്ചത്. പക്ഷെ അവസാന കളിയില്‍ മുംബൈ ഇന്ത്യന്‍സിനോടു 100 റണ്‍സിനു തോറ്റതോടെ റോയല്‍സിന്റെ പ്ലേഓഫ് പ്രതീക്ഷകളും അസ്തമിക്കുകയായിരുന്നു.
ഇന്നത്തെ കളിയിലെ 11
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- സുനില്‍ നരെയ്ന്‍, റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍) ആംഗ്രിഷ് രഘുവംശി, മോയിന്‍ അലി, വെങ്കിടേഷ് അയ്യര്‍, റിങ്കു സിംഗ്, രമണ്‍ദീപ് സിങ്, ആന്ദ്രെ റസല്‍, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.
രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവംശി, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), കുനാല്‍ റാത്തോഡ്, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ഷിമ്രോണ്‍ ഹെറ്റ്മെയര്‍, വനിന്ദു ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, ആകാശ് മധ്വാള്‍, യുധ്വീര്‍ സിങ്.