കൊല്‍ക്കത്ത: ഐപിഎല്ലിന്റെ 18ാം സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നാണംകെടുത്തിയിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. തികച്ചും ഏകപക്ഷീയമായ കളിയില്‍ രജത് പാട്ടിധാറിനു കീഴില്‍ ആദ്യമയി ഇറങ്ങിയ ആര്‍സിബി ഗംഭീര ജയത്തോടെ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ്. മറുഭാഗത്ത് പുതിയ നായകന്‍ അജിങ്ക്യ രഹാനെയ്ക്കു കീഴില്‍ ആദ്യ മല്‍സരത്തില്‍ ഇറങ്ങിയ കെകെആറിന്റെ തുടക്കം പാളുകയും ചെയ്തു.
175 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ ആര്‍സിബിക്കു മുന്നില്‍ കെകെആര്‍ വച്ചത്. പക്ഷെ ഈ ടോട്ടല്‍ കളിയുടെ ഒരു ഘട്ടത്തിലും ആര്‍സിബിക്കു ഭീഷണിയായില്ല. ഓപ്പണിങ് ജോടികളായ ഫില്‍ സാള്‍ട്ടും വിരാട് കോലിയും ചേര്‍ന്ന് സ്‌ഫോടനാത്മക തുടക്കം നല്‍കിയപ്പോള്‍ തന്നെ ആര്‍സിബിയുടെ ജയം ഉറപ്പായിരുന്നു. വെറും 16.2 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ആര്‍സിബി വിജയത്തിലെത്തുകയും ചെയ്തു.
വിരാട് കോലി (59*), ഫില്‍ സാള്‍ട്ട് (56) എന്നിവരുടെ ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് ആര്‍സിബിയുടെ വിജയം എളുപ്പമാക്കിയത്. കോലി 36 ബോളില്‍ നാലു ഫോറും മൂന്നു സിക്‌സറുമടിച്ചപ്പോള്‍ സാള്‍ട്ട് 31 ബോളില്‍ ഒമ്പതു ഫോറും രണ്ടു സിക്‌സറുമടിച്ചു. നായകന്‍ രജത് പാട്ടിധാറും (34) സ്‌ഫോടനാത്മക ഇന്നിങ്‌സ് കളിച്ചാണ് മടങ്ങിയത്. വെറും 16 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമടക്കമാണിത്.

ഓപ്പണിങ് വിക്കറ്റില്‍ 95 റണ്‍ലാണ് കോലി- സാള്‍ട്ട് സഖ്യം വാരിക്കൂട്ടിയത്. വെറും 8.3 ഓവറുകളിലാണിത്. ഇംപാക്ട് സബായി ഇറങ്ങിയ രജത് പാട്ടിധാര്‍ (10) പെട്ടെന്നു മടങ്ങിയെങ്കിലും മുന്നാം വിക്കറ്റില്‍ കോലി- പാട്ടിധാര്‍ സഖ്യം അതിവേഗത്തില്‍ 44 റണ്‍സ് നേടിയതോടെ മല്‍സരം പൂര്‍ണമായും കെകെആറില്‍ നിന്നും വഴുതിപ്പോവുകയും ചെയ്തു.
കെകെആറിന്റെ ഇന്നിങ്സ്
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എട്ടു വിക്കറ്റി നഷ്ടത്തിലാണ് 174 റണ്‍സിലെത്തിയത്. ക്യാപ്റ്റന്റെ കളി പുറത്തെടുത്ത അജിങ്ക്യ രഹാനെയാണ് 56 റണ്‍സോടെ ടീമിന്റെ അമരക്കാരനായത്. 31 ബോളില്‍ ആറു ഫോറും നാലു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
44 റണ്‍സെടുത്ത സുനില്‍ നരെയ്ന്‍ മികച്ച പിന്തുണയാണ് രഹാനെയ്ക്കു നല്‍കിയത്. 26 ബോളുകള്‍ നേരിട്ട അദ്ദേഹം അഞ്ചു ഫോറും മൂന്നു സിക്‌സറും പായിച്ചു. ആംഗ്രിഷ് രഘുംവംശയിയാണ് (30) മറ്റൊരു പ്രധാന സ്‌കോറര്‍. കെകെആറിന്റെ തുടക്കം പാളിയെങ്കിലും രണ്ടാം വിക്കറ്റില്‍ രഹാനെ- നരെയ്ന്‍ ജോടി 103 റണ്‍സിന്റെ കൂട്ടുകെട്ടുമായി കെകെആറിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു.

ഇരുവരും ക്രീസിലുള്ളപ്പോള്‍ കെകെആര്‍ അനായാസം 200 പ്ലസ് റണ്‍സ് കുറിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് മധ്യനിരയില്‍ കെകെആറിനു തുടരെ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഇതോടെ അവര്‍ 174 റണ്‍സ് കൊണ്ടു തൃപ്തിപ്പെടുകയും ചെയ്തു. ആര്‍സിബിക്കായി ക്രുനാല്‍ പാണ്ഡ്യ മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ജോഷ് ഹേസല്‍വുഡ് രണ്ടു വിക്കറ്റും നേടി.
ടോസിനു ശേഷം ആര്‍സിബി ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരുമടങ്ങുന്ന ടീം കോമ്പിനേഷവനുകളുമായാണ് ഇരുടീമുകളും കളിക്കാനിറങ്ങിയത്.
പ്ലെയിങ് 11
കെകെആര്‍- സുനില്‍ നരെയ്ന്‍, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കടേഷ് അയ്യര്‍, ആംഗ്രിഷ് രഘുവംശി, റിങ്കു സിങ്, ആന്ദ്രെ റസ്സല്‍, രമണ്‍ദീപ് സിങ്, സ്‌പെന്‍സര്‍ ജോണ്‍സന്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.
ആര്‍സിബി- ഫില്‍ സാള്‍ട്ട്, വിരാട് കോലി, രജത് പാട്ടിധാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, ജോഷ് ഹേസല്‍വുഡ്, യഷ് ദയാല്‍, സുയാഷ് ശര്‍മ, റാസിഖ് ധര്‍ സലാം.