മുല്ലാന്‍പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ ബൗളര്‍മാര്‍ കരുത്തുകാട്ടിയ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ച് പഞ്ചാബ് കിങ്‌സ്. 16 റണ്‍സിനാണ് പഞ്ചാബിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 15.3 ഓവറില്‍ 111 റണ്‍സിന് പുറത്തായപ്പോള്‍ 15.1 ഓവറില്‍ 95 റണ്‍സില്‍ കെകെആര്‍ കൂടാരം കയറുകയായിരുന്നു. ഇതോടെ 16 റണ്‍സിന്റെ അത്ഭുത ജയം പഞ്ചാബ് നേടിയെടുക്കുകയായിരുന്നു.
പഞ്ചാബിന് ഭേദപ്പെട്ട തുടക്കം
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് നടത്തിയ ബാറ്റിങ് വെടിക്കെട്ടിന്റെ ആത്മവിശ്വാസത്തിലാണ് പഞ്ചാബ് കിങ്‌സ് ആദ്യം ബാറ്റ് ചെയ്യാനെത്തിയത്. സ്വന്തം തട്ടകത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പഞ്ചാബിന് ഭേദപ്പെട്ട തുടക്കം നല്‍കാന്‍ ഓപ്പണര്‍മാരായ പ്രഭ്‌സിംറാന്‍ സിങ്ങിനും പ്രിയന്‍ഷ് ആര്യക്കും സാധിച്ചു. ഒന്നാം വിക്കറ്റില്‍ 39 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചാണ് പ്രിയന്‍ഷ് മടങ്ങിയത്. 12 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സുമടക്കം 22 റണ്‍സെടുത്ത പ്രിയന്‍ഷിനെ ഹര്‍ഷിത് റാണയാണ് പുറത്താക്കിയത്. വൈഭവ് അറോറ എറിഞ്ഞ മൂന്നാം ഓവറില്‍ 20 റണ്‍സാണ് പഞ്ചാബ് അടിച്ചെടുത്തത്.
ഹര്‍ഷിതിന്റെ ഓവര്‍ കളി മാറ്റി
ഇതോടെ നാലാം ഓവറില്‍ ഹര്‍ഷിത് റാണയെ പന്തേല്‍പ്പിക്കാനുള്ള കെകെആര്‍ നായകന്‍ അജിന്‍ക്യ രഹാനെയുടെ തീരുമാനം ശരിയാവുകയായിരുന്നു. പഞ്ചാബിന്റെ കൂട്ടത്തകര്‍ച്ചക്ക് മുന്നിലുള്ള മുന്നറിയിപ്പായിരുന്നു ഈ വിക്കറ്റെന്ന് പറയാം. ഇതേ ഓവറില്‍ ഹര്‍ഷിത് പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരേയും പുറത്താക്കി. രണ്ട് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കും മുമ്പ് ശ്രേയസ് മടങ്ങി. അവസാന സീസണില്‍ കെകെആറിനെ കിരീടത്തിലേക്കെത്തിച്ച ക്യാപ്റ്റനാണ് ശ്രേയസ് അയ്യര്‍.
എന്നാല്‍ ടീം വിട്ടതോടെ ഇത്തവണ കെകെആറിനോട് പ്രതികാരം വീട്ടാന്‍ കാത്തിരിക്കുകയായിരുന്നു ശ്രേയസ്. പക്ഷെ ഡെക്കിന് പുറത്താവാനായിരുന്നു വിധി. ഹര്‍ഷിത് റാണയുടെ പന്തില്‍ രമണ്‍ദീപ് സിങ്ങിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് ശ്രേയസ് അയ്യര്‍ പുറത്തായത്. ഒരോവറില്‍ ഹര്‍ഷിത് റാണ രണ്ട് വിക്കറ്റ് നേടി പഞ്ചാബിന് മുകളില്‍ ഏല്‍പ്പിച്ച സമ്മര്‍ദ്ദത്തെ മറികടക്കാന്‍ ടീമിന് പിന്നെ സാധിച്ചേയില്ല.

പവര്‍പ്ലേയില്‍ തകര്‍ന്നടിഞ്ഞു
ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും പവര്‍പ്ലേയില്‍ ഇത് മുതലാക്കാന്‍ പഞ്ചാബിനായില്ല. എല്ലാ ബാറ്റ്‌സ്മാന്‍മാരും ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ മറന്നുപോയി. ഒന്നോ രണ്ടോ മികച്ച ഷോട്ട് കളിച്ച ശേഷം വിക്കറ്റ് വലിച്ചെറിയുകയാണ് പഞ്ചാബ് ചെയ്തത്. മാര്‍ക്കസ് സ്റ്റോയിണിസിനെ പുറത്തിരുത്തി പഞ്ചാബ് കൊണ്ടുവന്ന ജോഷ് ഇന്‍ഗ്ലിസിന് ഒന്നും ചെയ്യാനായില്ല. ആറ് പന്ത് നേരിട്ട് രണ്ട് റണ്‍സ് മാത്രം നേടിയാണ് ഇന്‍ഗ്ലിസ് മടങ്ങിയത്. മികച്ച ഫോമിലുള്ള സ്‌റ്റോയിണിസിനെ പുറത്തിരുത്തിയത് വലിയ മണ്ടത്തരമാണെന്ന് വ്യക്തമാവുന്ന തകര്‍ച്ചയാണ് പഞ്ചാബ് നേരിട്ടത്.
ഒരുവശത്ത് പ്രഭ്‌സിംറാന്‍ സിങ് പ്രതീക്ഷ നല്‍കി. പവര്‍പ്ലേയിലെ അവസാന ഓവറില്‍ കടന്നാക്രമിക്കാന്‍ ശ്രമിച്ച പ്രഭ്‌സിംറാന്‍ സിങ്ങിന് പിഴച്ചു. 15 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 30 റണ്‍സെടുത്ത പ്രഭ്‌സിംറാനെ ഹര്‍ഷിത് റാണയാണ് മടക്കിയത്. ഇതോടെ പവര്‍പ്ലേ അവസാനിച്ചപ്പോള്‍ നാല് വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. ഈ സീസണില്‍ ടീം നേരിടുന്ന ഏറ്റവും വലിയ ബാറ്റിങ് തകര്‍ച്ചയായിരുന്നു ഇതെന്ന് പറയാം.
നിഹാല്‍ വദേരക്കും വലിയ സ്‌കോറിലേക്കുയരാനായില്ല. 9 പന്തില്‍ രണ്ട് ഫോറടക്കം 10 റണ്‍സെടുത്ത വദേരയെ ആന്‍ റിച്ച് നോക്കിയേയാണ് മടക്കിയത്. ഗ്ലെന്‍ മാക്‌സ് വെല്‍ പതിവുപോലെ മോശം പ്രകടനം നടത്തി പുറത്തായി. 10 പന്തില്‍ 7 റണ്‍സെടുത്ത മാക്‌സ് വെല്ലിനെ വരുണ്‍ ചക്രവര്‍ത്തിയാണ് മടക്കിയയച്ചത്. വാലറ്റത്തിനും കാര്യമായൊന്നും ചെയ്യാനായില്ല. സൂര്യന്‍ഷ് ഷെഡ്‌ജെ 4 റണ്‍സിലും ശശാങ്ക് സിങ് 18 റണ്‍സിലും മാര്‍ക്കോ യാന്‍സന്‍ 1 റണ്‍സിലും പുറത്തായി. അവസാന വിക്കറ്റില്‍ സേവ്യര്‍ ബാര്‍ട്ട് ലെറ്റ് റണ്ണൗട്ടായതോടെ 15.3 ഓവറില്‍ 111 റണ്‍സില്‍ പഞ്ചാബ് ഓള്‍ഔട്ടായി.
ഹര്‍ഷിത് റാണ മിന്നിച്ചു
പഞ്ചാബിനെ വന്‍ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത് ഹര്‍ഷിത് റാണയുടെ പ്രകടനമാണ്. മൂന്ന് വിക്കറ്റുകളാണ് താരം വീഴ്്ത്തിയത്. സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരെയ്‌നും രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടു. വൈഭവ് അറോറയും ആന്‍ റിച്ച് നോക്കിയേയും ഓരോ വിക്കറ്റുകളും വീഴ്ത്തി. ഒരാള്‍ റണ്ണൗട്ടായും മടങ്ങി. സ്ഥിരതയോടെ ബാറ്റ് ചെയ്തിരുന്ന പഞ്ചാബിനെ വിറപ്പിക്കുന്ന ബൗളിങ്ങാണ് കെകെആര്‍ കാഴ്ചവെച്ചത്.

കെകെആറിന്റെ തുടക്കവും പിഴച്ചു
മറുപടിക്കിറങ്ങിയ കെകെആറിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ത്തന്നെ സുനില്‍ നരെയ്ന്‍ (7) പുറത്തായി. നാല് പന്തില്‍ ഒരു ഫോറടക്കം അഞ്ച് റണ്‍സെടുത്ത നരെയ്‌നെ മാര്‍ക്കോ യാന്‍സനാണ് മടക്കിയത്. യാന്‍സന്റെ പന്തില്‍ നരെയ്ന്‍ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ക്വിന്റന്‍ ഡീകോക്കിനെ (2) സേവ്യര്‍ ബാര്‍ട്ടലെറ്റ് മടക്കി. ഇതോടെ 7 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് കെകെആര്‍ തകര്‍ന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ അന്‍കൃഷ് രഘുവന്‍ഷിയും അജിന്‍ക്യ രഹാനെയും ചേര്‍ന്ന് ടീമിന് അടിത്തറ പാകി മുന്നോട്ട് കൊണ്ടുപോയി. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റിന് 55 എന്ന മികച്ച നിലയിലായിരുന്നു കെകെആര്‍.
എറിഞ്ഞ് ജയിച്ച് പഞ്ചാബ്
അജിന്‍ക്യ രഹാനെ - രഘുവന്‍ഷി കൂട്ടുകെട്ട് പൊളിക്കാന്‍ യുസ് വേന്ദ്ര ചഹാലിന് സാധിച്ചു. 17 പന്തില്‍ ഒരു സിക്‌സും ഫോറുമടക്കം 17 റണ്‍സെടുത്ത രഹാനെയെ ചഹാല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. അന്‍കൃഷിനേയും ചഹാല്‍ മടക്കി. 28 പന്തില്‍ അഞ്ച് ഫോറും 1 സിക്‌സുമടക്കം 37 റണ്‍സെടുത്ത അന്‍കൃഷിനെ ചഹാല്‍ ബാര്‍ട്ട്‌ലെറ്റിന്റെ കൈയിലെത്തിക്കുകയായിരുന്നു. വെങ്കടേഷ് അയ്യരെ (7) ഗ്ലെന്‍ മാക്‌സ് വെല്‍ എല്‍ബിയില്‍ കുടുക്കിയതോടെ 74ന് 5 എന്ന നിലയിലേക്ക് കെകെആര്‍ വീണു. റിങ്കു സിങ്ങിനെ (2) ചഹാലിന്റെ പന്തില്‍ ഇന്‍ഗ്ലിസ് സ്റ്റംപ് ചെയ്ത് പുറത്താക്കി.
രമണ്‍ദീപ് സിങ്ങിനെ ചഹാല്‍ ഗോള്‍ഡന്‍ ഡെക്കാക്കി. മാര്‍ക്കോ യാന്‍സനെ 13 ഓവറിലേക്ക് തിരിച്ചുവിളിച്ച ശ്രേയസിന് തെറ്റിയില്ല. ഹര്‍ഷിത് റാണയെ (3) മാര്‍ക്കോ യാന്‍സന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തതോടെ 79ന് 8 എന്ന നിലയിലേക്ക് കെകെആര്‍ തകര്‍ന്നു. വൈഭവ് അറോറ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അര്‍ഷ്ദീപ് സിങ് ഡെക്കിന് മടക്കി. പിടിച്ചുനിന്ന ആന്‍ഡ്രേ റസലിനെ (17) മാര്‍ക്കോ യാന്‍സന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തതോടെ 15.1 ഓവറില്‍ 95 റണ്‍സിന് കെകെആര്‍ കൂടാരം കയറി. പഞ്ചാബിനായി യുസ് വേന്ദ്ര ചഹാല്‍ നാലും മാര്‍ക്കോ യാന്‍സന്‍ മൂന്നും സേവ്യര്‍ ബാര്‍ട്ടലെറ്റും അര്‍ഷ്ദീപ് സിങ്ങും ഓരോ വിക്കറ്റും വീഴ്ത്തുകയായിരുന്നു.
പ്ലേയിങ് 11
പഞ്ചാബ് കിങ്‌സ്- പ്രിയന്‍ഷ് ആര്യ, പ്രഭ്‌സിംറാന്‍ സിങ്, ജോഷ് ഇന്‍ഗ്ലിസ്, നിഹാല്‍ വദേര, ശശാങ്ക് സിങ്, ഗ്ലെന്‍ മാക്‌സ് വെല്‍, മാര്‍ക്കോ യാന്‍സന്‍, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, അര്‍ഷ്ദീപ് സിങ്, യുസ് വേന്ദ്ര ചഹാല്‍
കെകെആര്‍- ക്വിന്റന്‍ ഡീകോക്ക്, സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍, അജിന്‍ക്യ രഹാനെ, റിങ്കു സിങ്, ആന്‍ഡ്രേ റസല്‍, രമന്‍ദീപ് സിങ്, വൈഭവ് അറോറ, ആന്‍ റിച്ച് നോക്കിയേ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി