കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ 44ാം മത്സരം മഴമൂലം ഉപേക്ഷിച്ചു. പഞ്ചാബ് കിങ്‌സും കെകെആറും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ പോരാട്ടത്തില്‍ വില്ലനായി മഴയെത്തുകയായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ പഞ്ചാബ് നാല് വിക്കറ്റിന് 201 എന്ന മികച്ച സ്‌കോറാണ് നേടിയത്. മറുപടിക്കിറങ്ങിയ കെകെആര്‍ ബാറ്റ് ചെയ്യാനെത്തി ഒരോവറില്‍ ഏഴ് റണ്‍സ് നേടിയപ്പോഴേക്കും മഴയെത്തുകയായിരുന്നു. ശക്തമായ കാറ്റും മഴയും തുടര്‍ന്നതോടെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഓരോ പോയിന്റുകളാണ് ടീമുകള്‍ക്ക് ലഭിക്കുന്നത്.
പഞ്ചാബിനെ സംബന്ധിച്ച് നിരാശയുണ്ടാക്കുന്ന ഫലമാണിത്. മഴയില്ലായിരുന്നെങ്കില്‍ പഞ്ചാബിന് വിജയ സാധ്യത കൂടുതലായിരുന്നു. നിര്‍ണ്ണായകമായ രണ്ട് പോയിന്റോടെ ആദ്യ നാലില്‍ മുന്‍തൂക്കം നേടാനുള്ള അവസരമാണ് പഞ്ചാബിന് നഷ്ടമായത്. നിലവില്‍ 11 പോയിന്റോടെ നാലാം സ്ഥാനത്തേക്കെത്താന്‍ പഞ്ചാബിനായി. പ്രഭ്‌സിംറാന്‍ സിങ്ങിന്റേയും (83) പ്രിയന്‍ഷ് ആര്യയുടേയും (69) വെടിക്കെട്ടിന് ഫലമില്ലാതെയായെന്നതാണ് നിരാശപ്പെടുത്തുന്നത്.
പഞ്ചാബിന് ഗംഭീര തുടക്കം
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പഞ്ചാബിന് സ്വപ്‌ന തുല്യമായ തുടക്കമാണ് ലഭിച്ചത്. പ്രിയന്‍ഷ് ആര്യയും പ്രഭ്‌സിംറാന്‍ സിങ്ങും ചേര്‍ന്ന് കിടിലന്‍ തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. വിക്കറ്റ് കാത്ത് കരുതലോടെ കളിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. ഒരുവശത്ത് പ്രിയന്‍ഷ് അതിവേഗം റണ്‍സുയര്‍ത്തിയപ്പോള്‍ മറുവശത്ത് പ്രഭ്‌സിംറാന്‍ നിലയുറപ്പിച്ച് കളിക്കാനാണ് ശ്രമിച്ചത്. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമാവാതെ 56 റണ്‍സാണ് പഞ്ചാബ് നേടിയത്. പവര്‍പ്ലേയ്ക്ക് ശേഷം ഇരുവരും ബാറ്റിങ് വെടിക്കെട്ടിന് തിരികൊളുത്തി. 27 പന്തില്‍ പ്രിയന്‍ഷ് അര്‍ധ സെഞ്ച്വറി നേടി.

സ്പിന്നര്‍മാരെ ഉപയോഗിച്ച് മധ്യ ഓവറുകളില്‍ കളി പിടിക്കുന്ന കെകെആറിന്റെ തന്ത്രം ഫലിച്ചില്ല. സുനില്‍ നരെയ്‌നേയും വരുണ്‍ ചക്രവര്‍ത്തിയേയുമെല്ലാം കടന്നാക്രമിച്ചാണ് പ്രിയന്‍ഷ് കളിച്ചത്. ഇടം കൈയന്‍ ഓപ്പണര്‍ ക്ലാസിക് ഷോട്ടുകളോടെയാണ് മുന്നോട്ട് പോയത്. കൂട്ടുകെട്ട് 120ല്‍ നില്‍ക്കവെയാണ് പ്രിയന്‍ഷ് പുറത്താവുന്നത്. 35 പന്തില്‍ എട്ട് ഫോറും നാല് സിക്‌സുമടക്കം 69 റണ്‍സെടുത്ത പ്രിയന്‍ഷിനെ ആന്‍ഡ്രേ റസലാണ് പുറത്താക്കിയത്. വൈഭവ് അറോറയുടെ ക്യാച്ചിലാണ് പ്രിയന്‍ഷ് മടങ്ങിയത്. 197 സ്‌ട്രൈക്ക് റേറ്റിലാണ് യുവതാരം മിന്നിച്ചത്.
പഞ്ചാബ് കിങ്‌സിന് മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും വലിയ പ്രതീക്ഷ നല്‍കുന്ന താരമായി വളരാന്‍ പ്രിയന്‍ഷിന് സാധിച്ചിരിക്കുകയാണ്. സ്പിന്നിനേയും പേസിനേയും ഒരുപോലെ കടന്നാക്രമിക്കുന്ന താരം മികച്ച തുടക്കമാണ് മിക്ക മത്സരങ്ങളിലും പഞ്ചാബിന് നല്‍കിയത്. ഭാവിയില്‍ പഞ്ചാബിന് കരുത്തേകുന്ന താരമായി മാറാന്‍ കഴിവുള്ളവനാണ് പ്രിയന്‍ഷെന്ന് അടിവരയിട്ട് തെളിയിക്കുന്ന പ്രകടനത്തോടെയാണ് യുവതാരം കളം വിട്ടത്.
കത്തിക്കയറി പ്രഭ്‌സിംറാന്‍ സിങ്
പ്രിയന്‍ഷ് പുറത്തായ ശേഷം ആക്രമണത്തിന്റെ ചുമതല പ്രഭ്‌സിംറാന്‍ സിങ് ഏറ്റെടുത്തു. 38 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ താരം മധ്യ ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. സ്പിന്നിനേയും പേസിനേയും കടന്നാക്രമിച്ച പ്രഭ്‌സിംറാന്‍ 49 പന്തില്‍ 83 റണ്‍സ് നേടിയാണ് പുറത്തായത്. ആറ് വീതം സിക്‌സും ഫോറും പറത്തിയ താരം 169 സ്‌ട്രൈക്ക് റേറ്റിലാണ് ശോഭിച്ചത്. ആന്‍ഡ്രേ റസലിനെ സിക്‌സര്‍ പറത്താന്‍ ശ്രമിച്ച താരം റോവ്മാന്‍ പവലിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. ലോ ഫുള്‍ട്ടോസില്‍ വിക്കറ്റ് നഷ്ടമായതിനാല്‍ നിരാശയോടെയാണ് പ്രഭ്‌സിംറാന്‍ മടങ്ങിയത്.
രണ്ടാം ഐപിഎല്‍ സെഞ്ച്വറി താരം അര്‍ഹിച്ചിരുന്നെങ്കിലും ഈ നേട്ടത്തിലേക്കെത്താതെ മടങ്ങേണ്ടി വന്നു. അതുകൊണ്ടുതന്നെ നിരാശയോടെയാണ് പ്രഭ്‌സിംറാന്‍ തിരിച്ചുപോയത്. പ്രഭ്‌സിംറാന്‍ പുറത്താവുമ്പോള്‍ 14.3 ഓവറില്‍ 160 റണ്‍സ് പഞ്ചാബിനുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ 220ന് മുകളിലെങ്കിലും സ്‌കോര്‍ പഞ്ചാബ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഡെത്തോവറില്‍ പ്രതീക്ഷിച്ച നിലവാരം കാട്ടാന്‍ പഞ്ചാബിന് സാധിക്കാതെ പോയി. നാലാമനായി ക്രീസിലെത്തിയ ഗ്ലെന്‍ മാക്‌സ് വെല്‍ മോശം ഫോം തുടരുകയാണ്.
വരുണ്‍ ചക്രവര്‍ത്തിയ സ്വിച്ച് ഹിറ്റിലൂടെ ബൗണ്ടറി പായിച്ച മാക്‌സ് വെല്‍ പ്രതീക്ഷ നല്‍കി. എന്നാല്‍ എട്ട് പന്തില്‍ ഏഴ് റണ്‍സെടുത്ത് പുറത്തായി. വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ മാക്‌സ് വെല്‍ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. നായകന്‍ ശ്രേയസ് അയ്യര്‍ക്കും അഞ്ചാമനായി ക്രീസിലെത്തിയ മാര്‍ക്കോ യാന്‍സനും അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിച്ചില്ല.
ഏഴ് പന്തില്‍ മൂന്ന് റണ്‍സെടുത്ത യാന്‍സനെ വൈഭവ് അറോറയാണ് പുറത്താക്കിയത്. ശ്രേയസ് 16 പന്തില്‍ ഓരോ സിക്‌സും ഫോറുമടക്കം 25 റണ്‍സോടെ പുറത്താവാതെ നിന്നു. ആറ് പന്തില്‍ 11 റണ്‍സുമായി ജോഷ് ഇന്‍ഗ്ലിസും ക്രീസില്‍ തുടര്‍ന്നു. രണ്ട് ബൗണ്ടറിയാണ് ഇന്‍ഗ്ലിസ് നേടിയത്. ഇതോടെ നാല് വിക്കറ്റിന് 201 റണ്‍സാണ് പഞ്ചാബ് നേടിയത്.

കെകെആര്‍ ബൗളര്‍മാര്‍ നിരാശപ്പെടുത്തി
കെകെആറിനായി വൈഭവ് അറോറ നാല് ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്. വരുണ്‍ ചക്രവര്‍ത്തിയും ആന്‍ഡ്രേ റസലും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. ചേതന്‍ സക്കറിയ മൂന്ന് ഓവറില്‍ 39 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് നേടാനായില്ല. തട്ടകത്തിലെ ബൗളിങ് പ്രകടനം നോക്കുമ്പോള്‍ കെകെആര്‍ നിലവാരത്തിനൊത്ത് ഉയര്‍ന്നില്ലെന്ന് പറയാം.
എന്നാല്‍ ഡെത്തോവറിലെ കെകെആറിന്റെ ബൗളിങ് പ്രകടനം പ്രശംസ അര്‍ഹിക്കുന്നതാണ്. 14 ഓവറില്‍ ഒരു വിക്കറ്റിന് 158 എന്ന നിലയിലായിരുന്നു പഞ്ചാബ്. എന്നാല്‍ 20 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ നാല് വിക്കറ്റിന് 201 എന്ന സ്‌കോറിലേക്കെത്താനെ പഞ്ചാബിന് സാധിച്ചുള്ളൂ. അവസാന ആറ് ഓവറുകളില്‍ പഞ്ചാബിനെ തളര്‍ത്തുന്ന ബൗളിങ് പ്രകടനമാണ് കെകെആര്‍ കാഴ്ചവെച്ചത്. വെറും 43 റണ്‍സാണ് അവസാന ആറ് ഓവറില്‍ പഞ്ചാബ് നേടിയത്. ആന്‍ഡ്രേ റസലിന്റെ ബൗളിങ് പ്രകടനം ഡെത്തോവറില്‍ കെകെആറിന് കരുത്തായി മാറി.

രസംകൊല്ലിയായി മഴ
മറുപടിക്കിറങ്ങിയ കെകെആര്‍ ഒരോവറില്‍ വിക്കറ്റ് പോവാതെ ഏഴ് റണ്‍സില്‍ നില്‍ക്കവെ മഴ വില്ലനായെത്തി. കാറ്റും മഴയും ശക്തമായിത്തുടര്‍ന്നതോടെ മത്സരം ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. ശക്തമായ മഴയാണ് അപ്രതീക്ഷിതമായി പെയ്തത്. ഇതോടെ ഓരോ പോയിന്റുകള്‍ ടീമുകള്‍ക്ക് പങ്കിടേണ്ടി വന്നു. പഞ്ചാബ് കിങ്‌സിന്റെ സ്‌കോര്‍ നോക്കുമ്പോള്‍ കെകെആറിനെതിരേ ജയിക്കാന്‍ സാധ്യത കൂടുതലായിരുന്നു.
എന്നാല്‍ മഴ ശ്രേയസ് അയ്യരുടേയും സംഘത്തിന്റേയും പ്രതീക്ഷ തകര്‍ത്തു. പഞ്ചാബിന് ആദ്യ നാലില്‍ നിര്‍ണ്ണായകമായ മുന്നേറ്റം നടത്താനുള്ള അവസരമാണ് നഷ്ടമായത്. ഒരു പോയിന്റ് ലഭിച്ചതോടെ നിലവില്‍ നാലാം സ്ഥാനത്തുണ്ടെങ്കിലും ലഖ്‌നൗവിനെതിരേ മുംബൈ ജയിച്ചാല്‍ വീണ്ടും പിന്നോട്ടിറങ്ങേണ്ടി വരും. കെകെആറിന്റെ തിരിച്ചുവരവ് പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി നല്‍കുന്നതാണ് പോയിന്റ് പങ്കിടല്‍. നിലവിലെ ചാമ്പ്യന്മാര്‍ പഞ്ചാബിനോട് പകരം വീട്ടാനാണ് കാത്തിരുന്നതെങ്കിലും മഴ ഈ മോഹം തകര്‍ക്കുകയായിരുന്നു.
പ്ലേയിങ് 11
കെകെആര്‍- റഹ്‌മാനുല്ല ഗുര്‍ബാസ്, വെങ്കടേഷ് അയ്യര്‍, അജിന്‍ക്യ രഹാനെ (c), റിങ്കു സിങ്, സുനില്‍ നരെയ്ന്‍, ആന്‍ഡ്രേ റസല്‍, റോവ്മാന്‍ പവല്‍, വൈഭവ് അറോറ, ചേതന്‍ സക്കറിയ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി
പഞ്ചാബ് കിങ്‌സ് - പ്രിയന്‍ഷ് ആര്യ, പ്രഭ്‌സിംറാന്‍ സിങ്, ശ്രേയസ് അയ്യര്‍ (c), ജോഷ് ഇന്‍ഗ്ലിസ്, ശശാങ്ക് സിങ്, നിഹാല്‍ വദേര, ഗ്ലെന്‍ മാക്‌സ് വെല്‍, അസ്മത്തുല്ല ഒമര്‍സായി, മാര്‍ക്കോ യാന്‍സന്‍, യുസ് വേന്ദ്ര ചഹാല്‍, അര്‍ഷ്ദീപ് സിങ്