കൊല്‍ക്കത്ത: ഈ സീസണിലെ ഐപിഎല്ലിലെ കിരീട ഫേവറിറ്റുകളില്‍ ഏറ്റവും മുന്നില്‍ തങ്ങളാണെന്നു വീണ്ടുമൊരു മിന്നും ജയത്തോടെ തെളിയിച്ചിരിക്കുകയാണ് മുന്‍ ജേതാക്കളായ കൊല്‍ത്ത നൈറ്റ്‌റൈഡേഴ്‌സ്. നിലവിലെ ചാംപ്യന്‍മാരായാ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ അവരുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ 39 റണ്‍സിനാണ് ജിടി തകര്‍ത്തുവിട്ടത്. ഇതോടെ പ്ലേഓഫിനു ഒരുപടി കൂടി അടുത്തിരിക്കുകയാണ് ശുഭ്മന്‍ ഗില്ലും സംഘവും. കെകെആറിനെതിരായ ജയത്തോടെ 12 പോയിന്റുമായി പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനം ഭദ്രമാക്കുകയും ചെയ്തു,
199 റണ്‍സിന്റെ വെല്ലുവിളിയുര്‍ത്തുന്ന വിജയലക്ഷ്യമാണ് കെകെആറിനു മുന്നില്‍ ജിടി വച്ചത്. റണ്‍ചേസില്‍ കൃത്യമായ ഇടവളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി കൊണ്ടിരുന്നതോടെ കെകെആര്‍ എട്ടു വിക്കറ്റിനു 159 റണ്‍സില്‍ പോരാട്ടവും അവസാനിക്കുകയായിരുന്നു. സീസണില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും അവരുടെ അഞ്ചാമത്തെ തോല്‍വിയാണിത്. പോയിന്റ് പട്ടികയില്‍ കെകെആര്‍ ഏഴാംസ്ഥാനത്തു തന്നെ നില്‍ക്കുകയാണ്.

രഹാനെയുടെ പോരാട്ടം വിഫലം
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി റണ്‍ചേസില്‍ നായകന്‍ അജിങ്ക്യ രഹാനെയ്‌ക്കൊഴികെ (50) മറ്റാര്‍ക്കും കാര്യമായി തിളങ്ങാനായില്ല. കെകെആറിനെ ചതിച്ചതും ഇതു തന്നെയാണ്. 36 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. മറ്റാരും തന്നെ കെകെആര്‍ ബാറ്റിങ് ലൈനപ്പില്‍ 30 റണ്‍സ് പോലും തികച്ചില്ല.
199 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ കെകെആറിനു മികച്ചൊരു തുടക്കം ആവശ്യമായിരുന്നു. പക്ഷെ അവര്‍ക്കു അതു ലഭിച്ചില്ല. ക്വിന്റണ്‍ ഡികോക്കിനു പകരം ഓപ്പണിങില്‍ റഹ്മാനുള്ള ഗുര്‍ബാസിനെ കെകെആര്‍ പരീക്ഷിച്ചെങ്കിലും അദ്ദേഹവും നിരാശപ്പെടുത്തി. നേടിയത് വെറും ഒരു റണ്‍സാണ്.
സുനില്‍ നരെയ്ന്‍ (17), വെങ്കടേഷ് അയ്യര്‍ (14), ആന്ദ്രെ റസ്സല്‍ (21), രമണ്‍ദീപ് സിങ് (1), മോയിന്‍ അലി (0) എന്നിവരല്ലാം വൈകാതെ പുറത്തായതോടെ കെകെആറിന്റെ റണ്‍ചേസ് കടുപ്പമായി തീര്‍ന്നു. ഇംപാക്ട് പ്ലെയറായി ഒമ്പതാം നമ്പറില്‍ കളിച്ച ആംഗ്രിഷ് രഘുവംശി 27 റണ്‍സുമായി പുറത്താവാതെ നിന്നു. ജിടിക്കു വേണ്ടി സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനും പ്രസിദ്ധ് കൃഷ്ണയും രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി.
മിന്നിച്ച് ഗില്ലും സായിയും
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഗുജറാത്ത് ടൈറ്റന്‍സ് മുന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 198 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും (90) ഓപ്പണിങ് പങ്കാളി സായ് സുദര്‍ശന്റെയും (52) ഫിഫ്റ്റി പ്ലസ് ഇന്നിങ്‌സാണ് ജിടി ഇന്നിങ്‌സിനു അടിത്തറയിട്ടത്. മൂന്നാമനായി വന്ന ജോസ് ബട്‌ലറുടെ (41*) കിടിലന്‍ ഫിനിഷിങ് കൂടി വന്നതോടെ അവര്‍ 200ന് തൊട്ടരികിലെത്തുകയും ചെയ്തു.
ഗില്‍- സായ് ഓപ്പണിങ് വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. 114 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ഇരുവരും നേടിയത്. സായിയെ പുറത്താക്കി ആന്ദ്രെ റസ്സലാണ് കെകെആറിനു ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. 36 ബോളില്‍ ആറു ഫോറും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

രണ്ടാം വിക്കറ്റില്‍ ഗില്ലും ബട്‌ലറും ചേര്‍ന്ന് 58 റണ്‍സിന്റെ മറ്റൊരു മികച്ച കൂട്ടുകെട്ടുണ്ടാക്കിയതോടെ ജിടിയുടെ ടോട്ടല്‍ 170 റണ്‍സ് കടക്കുകയും ചെയ്തു. സെഞ്ചറിക്കു 10 റണ്‍സകലെ ഗില്ലിനെ വൈഭവ് മടക്കുകയായിരുന്നു. വെറും 55 ബോളില്‍ 10 ഫോറും മൂന്നു സിക്‌സറും ജിടി നായകന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസിനു ശേഷം കെകെആര്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് കെകെആര്‍ ഇറങ്ങിയത്. ഗുര്‍ബാസ് അഹമ്മദും മോയിന്‍ അലിയുമാണ് പുതുതായി പ്ലെയിങ് ഇലവനിലേക്കു വന്നത്.
പോരാട്ടം ഇതുവരെ
അജിങ്ക്യ രഹാനെയുടെ ക്യാപ്റ്റന്‍സിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു പ്രതീക്ഷിച്ചതു പോലെയൊരു തുടക്കമല്ല ഇത്തവണ ലഭിച്ചത്. ഉദ്ഘാടന മല്‍സരത്തില്‍ തന്നെ അവര്‍ക്കു പാളി. സ്വന്തം ഗ്രൗണ്ടില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു ഏഴു വിക്കറ്റിന്റെ വന്‍ പരാജയമാണ് ചാംപ്യന്‍മാര്‍ക്കു നേരിട്ടത്.
രണ്ടാം റൗണ്ടില്‍ കെകെആര്‍ ശക്തമായി തിരിച്ചുവന്നു. രാജസ്ഥാന്‍ റോല്‍സിനെതിരേ എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമാണ് അവര്‍ സ്വന്തമാക്കിയത്. പക്ഷെ ഈ വിജയം തുടര്‍ന്നു പോവാന്‍ രഹാനെയ്ക്കും സംഘത്തിനുമായില്ല. മൂന്നാമത്തെ കളിയില്‍ മുംബൈ ഇന്ത്യന്‍സിനോടു അവര്‍ തകര്‍ന്നടിഞ്ഞു. എട്ടു വിക്കറ്റിന്റെ വന്‍ പരാജയമാണ് കെകെആറിനു നേരിട്ടത്.
നാലാം റൗണ്ടില്‍ കൊല്‍ക്കത്ത വീണ്ടും തിരിച്ചുവന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അവര്‍ നിഷ്പ്രഭരാക്കി. 80 റണ്‍സിന്റെ വമ്പന്‍ ജയമാണ് കെകെആറിനെ തേടിയെത്തിയത്. ഒരു ജയത്തിനു ശേഷം അടുത്തതില്‍ തോല്‍വിയെന്നത് അവര്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. അഞ്ചാമത്തെ കളിയില്‍ കെകെആര്‍ പൊരുതി വീണു. ജയിക്കാന്‍ സാധിക്കാമായിരുന്ന കളിയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു നാലു റണ്‍സിനാണ് അവര്‍ കീഴങ്ങിയത്.
ആറാം റൗണ്ടില്‍ വീണ്ടും കെകെആറിന്റെ തിരിച്ചുവരവ് കണ്ടു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എട്ടു വിക്കറ്റിനു അവര്‍ നാണം കെടുത്തുകയായിരുന്നു. അവസാന മല്‍സരത്തിലാവട്ടെ കൊല്‍ക്കത്ത വീണ്ടും തോല്‍വിയിലേക്കും വീണു. പഞ്ചാബ് കിങ്‌സിനോടു 16 റണ്‍സിന്റെ പരാജയമാണ് അവര്‍ക്കു നേരിട്ടത്.
അതേസമയം, ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഗുജറാത്ത് ടൈറ്റന്‍സ് നടത്തുന്നത്. ആദ്യ കളിയില്‍ പഞ്ചാബ് കിങ്‌സായിരുന്നു അവരുടെ എതിരാളികള്‍. റണ്‍മഴ കണ്ട ത്രില്ലറില്‍ പഞ്ചാബിനോടു ജിടി 11 റണ്‍സിവു പൊരുതിത്തോറ്റു. എന്നാല്‍ ഈ തോല്‍വി മറന്ന് ടൂര്‍ണമെന്റിലേക്കു അവര്‍ ഗംഭീരമായി തിരിച്ചുവന്നു. തുടര്‍ച്ചയാ നാലു വിജയങ്ങളാണ് ജിടി സ്വന്തമാക്കിയത്.
മുംബൈ ഇന്ത്യന്‍സിനെ 36 റണ്‍സിനു തരിപ്പണമാക്കിയാണ് ജിടി പടയോട്ടം തുടങ്ങിയത്. അടുത്ത കളിയില്‍ റോല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെയും അവര്‍ നാണംകെടുത്തി. എട്ടു വിക്കറ്റിനായിരുന്നു ഗില്ലിന്റെയും സംഘത്തിന്റെയും വിജയം. അടുത്ത കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈരാബാദിനെയും ജിടി വെറുതെ വിട്ടില്ല. ഏഴു വിക്കറ്റിന്റെ കിടിലന്‍ വിജയമാണ് അവര്‍ സ്വന്തമാക്കിയത്.
അഞ്ചാമത്തെ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെയും ജിടി കശാപ്പ് ചെയ്തു. 58 റണ്‍സിന്റെ മികച്ച മാര്‍ജിനിലുളള ജയമാണ് അവര്‍ സ്വന്തമാക്കിയത്. എന്നാല്‍ ആറാമത്തെ കളിയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ജിടിക്കു ബ്രേക്കിടുകയായിരുന്നു. ആറപ വിക്കറ്റിനാണ് എല്‍എസ്ജിയുട വിജയം. അതിനു ശേഷം അവസാന മാച്ചില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്ത് ജിടി വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തുകയും ചെയ്തു.
ഇന്നത്തെ കളിയിലെ 11
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍),സുനില്‍ നരെയ്ന്‍, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, മോയിന്‍ അലി, റിങ്കു സിംഗ്, ആന്ദ്രെ റസല്‍, രമണ്‍ദീപ് സിംഗ്, ഹര്‍ഷിത് റാണ, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.
ഗുജറാത്ത് ടൈറ്റന്‍സ്- ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാതിയ, അര്‍ഷാദ് ഖാന്‍, റാഷിദ് ഖാന്‍, ആര്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശര്‍മ.