Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ബ്രെവിസ് വെടിക്കെട്ട്, കെകെആറിന് ചെന്നൈ ഷോക്ക്!! പ്ലേഓഫ് തുലാസില്‍

കൊല്‍ക്കത്ത: ഐപിഎല്ലിലെ ഡു ഓര്‍ മാച്ചില്‍ പോയിന്റ് പട്ടികയിലെ അവസാനസ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങിയിരിക്കുകയാണ് നിലവിലെ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. പ്ലേഓഫ് യോഗ്യതയ്ക്കായി ഇനിയുള്ള മല്‍സരങ്ങളിലെല്ലാം ജയിച്ചേ തീരുവെന്ന ചാലഞ്ചുമായി ഇറങ്ങിയ കെകെആറിനെ രണ്ടു വിക്കറ്റിനാണ് ധോണിപ്പട വീഴ്ത്തിയത്.

180 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് ചെന്നൈക്കു മുന്നില്‍ കെകെആര്‍ വച്ചത്. ആവേശകരമായ റണ്‍ചേസില്‍ രണ്ടു ബോളും വിക്കറ്റുകളും ശേഷിക്കെ ചെന്നൈ നവിജയറണ്‍സ് കുറിക്കുകയായിരുന്നു. പവര്‍പ്ലേയില്‍ തന്നെ അഞ്ചു വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച് സിഎസ്‌കെ പരാജയ ഭീതിയിലായിരുന്നു. ആറാം ഓറിലെ രണ്ടാമത്തെ ബോളില്‍ അഞ്ചാമനായി രവീന്ദ്ര ജഡേജ മങ്ങുമ്പോള്‍ 60 റണ്‍സ് മാത്രമേ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നു.

സൗത്താഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസിന്റെ ഇടിവെട്ട് ഫിഫ്റ്റി കളി മാറ്റുകയായിരുന്നു. വെറും 25 ബോളില്‍ 52 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. നാലു വീതം ഫോറും സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്. ശിവം ദുബെ (45), അരങ്ങേറ്റ മല്‍സരം കളിച്ച ഉര്‍വില്‍ പട്ടേല്‍ (31) എന്നിവരും ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ബ്രെവിസും ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ദുബെയും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 67 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഇതാണ് കളി മാറ്റിയത്.

BREVIS

ഈ സീസണില്‍ 12 മല്‍സരങ്ങളില്‍ നിന്നും ചെന്നൈയുടെ മൂന്നാമത്തെ മാത്രം ജയമാണിത്. എങ്കിലും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു തന്നെയാണ് അവര്‍ ഇപ്പോഴുമുള്ളത്. എന്നാല്‍ ഈ കളിയിലേറ്റ പരാജയം കെകെആറിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ചു. ശേഷിച്ച രണ്ടു കളിയിലും ജയിച്ചാലും അവര്‍ക്കു പ്ലേഓഫില്‍ സ്ഥാനമുറപ്പില്ല.

പട നയിച്ച് രഹാനെ

ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി മുന്നില്‍ നിന്നും പട നയിച്ച അജിങ്ക്യ രഹാനെയുടെ (48) ഇന്നിങ്‌സാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ആറു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെന്ന മികച്ച ടോട്ടലിലെത്തിച്ചത്. 33 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സിസില്‍ നാലു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ആന്ദ്രെ റസ്സല്‍ (38), മനീഷ് പാണ്ഡെ (36*), സുനില്‍ നരെയ്ന്‍ (26) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.

മുന്‍ മല്‍സരങ്ങളിലേതു പോലെ ഈ മല്‍സരത്തിലും കെകെആറിന്റെ തുടക്കം പാളിയിരുന്നു. ടീം സ്‌കോര്‍ 11ല്‍ വച്ചു തന്നെ റഹ്മാനുള്ള ഗുര്‍ബാസ് (11) പുറത്തായിരുന്നു. രണ്ടാം വിക്കറ്റില്‍ നരെയ്ന്‍-രഹാനെ ജോടി 58 റണ്‍സിന്റെ കൂട്ടുകെട്ടുമായി കെകെആറിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. പിന്നീട് പിന്നീട് കെകെആറിനു തുടരെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായി.

പിന്നീട് റസ്സലിന്റെ വെടിക്കട്ട് ബാറ്റിങാണ് കെകെആറിനെ 180നടുത്ത് വരെയെത്തിച്ചത്. 21 ബോളില്‍ നാലു ഫോറും മൂന്നു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ചെന്നൈക്കായി അഫ്ഗാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദ് നാലു വിക്കറ്റുകളെടുത്തു.

KKR

ടോസിനു ശേഷം കെകെആര്‍ നായകന്‍ അജിങ്ക്യ രഹാനെ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ ഒരു മാറ്റവുമായാണ് കെകെആര്‍ ഇറങ്ങിയത്. പരിക്കു കാരണം വെങ്കടേഷ് അയ്യരെ ഒഴിവാക്കി അവര്‍ പകരം മനീഷ് പാണ്ഡെയെ ടീമിലേക്കു കൊണ്ടുവന്നു. മറുഭാഗത്തു സിഎസ്‌കെ ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തി. ഷെയ്ഖ് റഷീദ്, സാം കറെന്‍ എന്നിവര്‍ക്കു പകരം ഡെവന്‍ കോണ്‍വേയും ഉര്‍വില്‍ പട്ടേലും ടീമിലെത്തുകയായിരുന്നു.

പോരാട്ടം ഇതുവരെ

നിലവിലെ ജേതാക്കളെന്ന തലയെടുപ്പോടെ ഇറങ്ങിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ തുടക്കം പാളിയിരുന്നു. ഉദ്ഘാടന മല്‍സരത്തില്‍ തോല്‍വിയോടെയാണ് കെകെആര്‍ തുടങ്ങിയത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു ഹോംഗ്രൗണ്ടില്‍ ഏഴു വിക്കറ്റിന്റെ വന്‍ പരാജയമാണ് അവര്‍ക്കു നേരിട്ടത്. എന്നാല്‍ രണ്ടാമങ്കത്തില്‍ ആധികാരിക ജയവുമായി കെകെആര്‍ തിരിച്ചുവന്നു.

രാജസ്ഥാന്‍ റോയല്‍സിനെ എട്ടു വിക്കറ്റിനാണ് കെകെആര്‍ കെട്ടുകെട്ടിച്ചത്. എന്നാല്‍ മൂന്നാമങ്കത്തില്‍ ഇതേ നാണയത്തില്‍ അവര്‍ നാണംകെട്ടു. മുംബൈ ഇന്ത്യന്‍സാണ് വാംഖഡെയില്‍ കെകെആറിനെ നിഷ്പ്രഭരാക്കിയത്. അടുത്ത മാച്ചില്‍ ആധികാരിക വിജയവുമായി അവര്‍ കരുത്തുകാട്ടി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 80 റണ്‍സിനാണ് കെകെആര്‍ നിഷ്പ്രഭമാക്കിയത്.

പക്ഷെ അഞ്ചാം റൗണ്ടില്‍ ജയത്തിനരികെ കെകെആര്‍ ടീം പടിക്കല്‍ കലമുടച്ചു. അവസാന ഓവര്‍ ത്രില്ലറില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു നാലു റണ്‍സിനോടു അവര്‍ കീഴടങ്ങി. അടുത്ത കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എട്ടു വിക്കറ്റിനു കെകെആര്‍ കെട്ടുകെട്ടിച്ചു. പക്ഷെ അടുത്ത രണ്ടു കളിയിലും തോല്‍വിയായിരുന്നു ഫലം. പഞ്ചാബ് കിങ്‌സിനോടു 16 റണ്‍സിനും ഗുജറാത്ത് ടൈറ്റന്‍സിനോടു 39 റണ്‍സിനുമാണ് അവര്‍ കീഴടങ്ങിയത്.

പഞ്ചാബ് കിങ്‌സിനെതിരായ മല്‍സരം മഴയെ തുടര്‍ന്നു ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു. അതിനു തുടര്‍ച്ചയായി രണ്ടു ജയങ്ങളാണ് കെകെആര്‍ നേടിയത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 14 റണ്‍സിനും രാജസ്ഥാന്‍ റോയല്‍സിനെ ഒരു റണ്‍സിനും അവര്‍ മറികടന്നു.

അതേസമയം, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കാര്യമെടുത്താല്‍ പരാജയ പരമ്പര തന്നെയാണ് ഈ സീസണില്‍ കണ്ടത്. മുംബൈ ഇന്ത്യന്‍സുമായുള്ള ആദ്യ കളിയില്‍ നാലു വിക്കറ്റ് ജയത്തോടെയാണ് സിഎസ്‌കെ ടീം സീസണ്‍ ആരംഭിച്ചത്. അതിനു ശേഷം തുടര്‍ച്ചയായി അഞ്ചു തോല്‍വികളാണ് ചെന്നൈക്കു നേരിട്ടത്.

ആര്‍സിബി (ആറു വിക്കറ്റ്), രാജസ്ഥാന്‍ റോയല്‍സ് (ആറു റണ്‍സ്), ഡിസി (25 റണ്‍സ്), പഞ്ചാബ് കിങ്‌സ് (18 റണ്‍സ്), കെകെആര്‍ (8 വിക്കറ്റ്) എന്നിവരോടാണ് ചെന്നൈ കീഴടങ്ങിയത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അഞ്ചു വിക്കറ്റിനു വീഴ്ത്തിയാണ് തോല്‍വികള്‍ക്കു ചെന്നൈ ബ്രേക്കിട്ടത്. പക്ഷെ അതിനു ശേഷം തുടര്‍ച്ചയായി നാലു കളികളില്‍ അവര്‍ പരാജയമേറ്റു വാങ്ങുകയായിരുന്നു.

ഇന്നത്തെ കളിയിലെ 11

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- സുനില്‍ നരെയ്ന്‍, റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), അംഗ്കൃഷ് രഘുവംഷി, മനീഷ് പാണ്ഡെ, റിങ്കു സിംഗ്, ആന്ദ്രെ റസല്‍, റോവ്മന്‍ പവല്‍, അനുകുല്‍ റോയ്, ഹര്‍ഷിത് റാണ, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.

ചെന്നൈ സൂപ്പര്‍ കിങ്‌സ്-ഡെവന്‍ കോണ്‍വേ, ആയുഷ് മാത്രെ, ഉര്‍വില്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, ദീപക് ഹൂഡ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മതീശ പതിരാന, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, അന്‍ഷുല്‍ കാംബോജ്.

Story first published: Wednesday, May 7, 2025, 15:10 [IST]
Other articles published on May 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+