കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള കൂടുമാറ്റ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പല ടീമുകളും നായകന്മാരേയും പരിശീലകനേയും മാറ്റാന്‍ തയ്യാറെടുക്കുകയാണ്. മെഗാ ലേലത്തിന് മുമ്പ് തന്നെ ചില സൂപ്പര്‍ താരങ്ങളുമായി ധാരണയിലെത്താന്‍ ടീമുകള്‍ തമ്മില്‍ മത്സരിക്കുകയാണ്. ആരാധകരെ ഞെട്ടിക്കുന്ന പല തരം കൂടുമാറ്റ റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വമ്പനൊരു നീക്കത്തിന് തയ്യാറാവുകയാണ്.
അവസാന സീസണില്‍ കെകെആറിനെ കപ്പിലേക്കെത്തിച്ച നായകന്‍ ശ്രേയസ് അയ്യരെ മാറ്റാന്‍ കെകെആര്‍ നീക്കം നടത്തുകയാണെന്നാണ് വിവരം. ശ്രേയസിന്റെ ടി20യിലെ പ്രകടനങ്ങള്‍ മോശമാണ്. നിലവില്‍ ഇന്ത്യയുടെ ടി20 ടീമിലും ശ്രേയസിന് ഇടമില്ല. അതുകൊണ്ടുതന്നെ ശ്രേയസിനെ തഴയാനാണ് കെകെആര്‍ നീക്കമെന്നാണ് പുറത്തുവരുന്ന വിവരം. ശ്രേയസിന് പകരം സൂര്യകുമാര്‍ യാദവിനെ മുംബൈ ഇന്ത്യന്‍സില്‍ നിന്ന് കെകെആറിലേക്കെത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
കെകെആറിലൂടെ വളര്‍ന്ന സൂര്യ പേരെടുക്കുന്നത് മുംബൈ ഇന്ത്യന്‍സിലേക്കെത്തിയ ശേഷമാണ്. നിലവില്‍ ഇന്ത്യയുടെ ടി20 നായകനാണ് സൂര്യകുമാര്‍ യാദവ്. മുന്‍ കെകെആര്‍ നായകനും ഉപദേഷ്ടാവുമായ ഗൗതം ഗംഭീറാണ് ഇന്ത്യയുടെ പരിശീലകന്‍. ഗംഭീറിന്റെ ഇടപെടലില്‍ സൂര്യയെ കെകെആറിലേക്ക് തിരിച്ചെത്തിക്കാനാണ് നീക്കം നടക്കുന്നത്. കെകെആറിന്റെ നായകസ്ഥാനത്തേക്കാണ് സൂര്യയെ പരിഗണിക്കുന്നത്.
രോഹിത് ശര്‍മക്ക് ശേഷം മുംബൈ ഇന്ത്യന്‍സിനെ സൂര്യകുമാര്‍ നയിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായാണ് ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ നായകനാക്കിയത്. ഇതോടെ സൂര്യ മുംബൈ മാനേജ്‌മെന്റുമായി അഭിപ്രായ ഭിന്നതയിലേക്കെത്തി. വരുന്ന സീസണിലും ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കി മുന്നോട്ട് പോകാനാണ് മുംബൈയുടെ പദ്ധതി. ഈ സാഹചര്യത്തില്‍ നായകസ്ഥാനത്തിനായി സൂര്യ ടീം വിട്ടേക്കുമെന്നാണ് വിവരം.

ഇന്ത്യയുടെ ടി20 നായകന്‍ ഹാര്‍ദിക്കിന് കീഴില്‍ മുംബൈക്കായി കളിക്കുകയെന്നത് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനാണ് ക്ഷീണമുണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ സൂര്യകുമാറിനെ മുംബൈ ഇന്ത്യന്‍സില്‍ നിന്ന് കെകെആറിലേക്കെത്തിക്കാന്‍ ഗംഭീറടക്കം ഇടപെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 20 കോടി രൂപക്ക് ധാരണയിലേക്കെത്തിയെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുള്ളത്. കെകെആറിനായി വീണ്ടും കളിക്കണമെന്ന ആഗ്രഹം നേരത്തെ തന്നെ സൂര്യകുമാര്‍ തുറന്ന് പറഞ്ഞിട്ടുള്ളതാണ്.
അതുകൊണ്ടുതന്നെ ഈ കൂടുമാറ്റം നടന്നാലും അത്ഭുതപ്പെടാനാവില്ല. സൂര്യകുമാറിനൊപ്പം രോഹിത് ശര്‍മയും കെകെആറിലേക്കെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അവസാന സീസണില്‍ രോഹിത്തിനോട് വേണ്ടത്ര ആലോചനകളില്ലാതെയാണ് അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത്. ഇതില്‍ രോഹിത്തിന്റെ ഭാര്യയടക്കം പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ രോഹിത് മുംബൈ ഇന്ത്യന്‍സ് വിടുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്.
നേരത്തെ മുംബൈ കഴിഞ്ഞാല്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന ടീം കെകെആറാണെന്ന് രോഹിത് തുറന്ന് പറഞ്ഞിട്ടുണ്ട്. ഗംഭീറടക്കം അംഗീകരിക്കുന്ന നായകനാണ് രോഹിത്. ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് വിരമിച്ച രോഹിത് ശര്‍മ ഇനി മുംബൈയില്‍ തുടരുന്നതിനോട് മുംബൈ ടീം മാനേജ്‌മെന്റിനും വലിയ താല്‍പര്യമില്ലെന്നാണ് സൂചന. രോഹിത് തുടര്‍ന്നാല്‍ ഹാര്‍ദിക് പാണ്ഡ്യക്ക് നായകനായി പിന്തുണ ലഭിക്കില്ലെന്നുറപ്പാണ്.
അവസാന സീസണില്‍ രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതിന്റെ പ്രതിഷേധം മുംബൈ ടീം അറിഞ്ഞതാണ്. ടീം രണ്ട് തട്ടിലാവുകയും കൂടുതല്‍ താരങ്ങളും ആരാധകരും രോഹിത്തിനെ പിന്തുണക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. മുംബൈയുടെ ഹോം ഗ്രൗണ്ടില്‍ ഹാര്‍ദിക്കിനെതിരേ ആരാധകര്‍ കൂവുന്ന സാഹചര്യം പോലുമുണ്ടായി. അതുകൊണ്ടുതന്നെ ഹാര്‍ദിക് നായകസ്ഥാനത്ത് തുടരുമ്പോള്‍ രോഹിത്തിനെ ഒപ്പം നിര്‍ത്തുക മുംബൈക്ക് കടുപ്പമാണ്.
സൂര്യകുമാര്‍ കെകെആറിലേക്കെത്തിയാല്‍ വലിയ സ്വീകാര്യത ലഭിക്കുമെന്നുറപ്പാണ്. ടീമിന്റെ ആരാധക പിന്തുണയും ഇതുയര്‍ത്തും. അതുകൊണ്ടുതന്നെ 20 കോടിക്ക് സൂര്യയെ ടീമിലെത്തിച്ചാലും അത് ടീമിന് മുതല്‍ക്കൂട്ടാവും. എന്തായാലും വലിയ നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. ഇതില്‍ ഏതൊക്കെ കൂടുമാറ്റങ്ങള്‍ സാധ്യമാകുമെന്നത് കാത്തിരുന്ന് കാണാം.