കൊല്‍ക്കത്ത: ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തിലെ സ്ലോ ബാറ്റിങിനെ തുടര്‍ന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരം മനീഷ് പാണ്ഡെയ്ക്കു രൂക്ഷ വിമര്‍ശനും പരിഹാസവും. സോഷ്യല്‍ മീഡിയയിലാണ് താരത്തിനെതിരേ ആരാധകര്‍ രംഗത്തുവന്നത്. ഒരിടവേളയ്ക്കു ശേഷമാണ് പാണ്ഡെ ഈ മല്‍സരത്തിലൂടെ കളിക്കളത്തിലേക്കു മടങ്ങിയത്.
കെകെആറിന്റെ ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ പുറത്താവാതെ 36 റണ്‍സുമായി താരം ക്രീസിലുണ്ടായിരുന്നു. 28 ബോളുകളാണ് ഇതിനായി പാണ്ഡെയ്ക്കു വേണ്ടിവന്നത്. ഓരോ ഫോറും സിക്‌സറും മാത്രമേ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ. ക്രിക്കറ്റ് പ്രേമികള്‍ പാണ്ഡെയെ ട്രോളാനുള്ള പ്രധാനപ്പെട്ട കാരണവും ഇതു തന്നെയാണ്.

പാണ്ഡെയുടെ ഇന്നിങ്‌സ്
എട്ടാമത്തെ ഓവറില്‍ ആംഗ്രിഷ് രഘുവംശിയുടെ (1) പുറത്താവലിനു ശേഷമാണ് അഞ്ചാമനായി മനീഷ് പാണ്ഡെ ക്രീസിലെത്തിയത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് അപ്പോള്‍ മൂന്നു വിക്കറ്റിനു 71 റണ്‍സെന്ന നിലയിലായിരുന്നു. 19 ബോളില്‍ 32 റണ്‍സോടെ നായകന്‍ അജിങ്ക്യ രഹാനെയായിരുന്നു അപ്പോള്‍ ക്രീസില്‍.
രഹാനെയ്‌ക്കൊപ്പം സമാനമായൊരു അഗ്രസീവ് ഇന്നിങ്‌സ് പാണ്ഡെയും കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ടെസ്റ്റ് ക്രിക്കറ്റിനെ കവച്ചു വയ്ക്കുന്ന ബാറ്റിങാണ് താരം കാഴ്ചവച്ചത്. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് ഒച്ചിഴയുന്ന വേഗത്തിലായിരുന്നു പാണ്ഡെയുടെ ഇന്നിങ്‌സ്. ആദ്യത്തെ 20 ബോളില്‍ ഒരു ഫോറോ, സിക്‌സറോ പോലും അദ്ദേഹത്തിനു നേടാനായില്ല. ഈ സീസണിലെ ടൂര്‍ണമെന്റില്‍ ആദ്യമായാണ് ഒരു ബാറ്റര്‍ക്കു ആദ്യത്തെ 20 ബോളിലും ഒരു ബൗണ്ടറി പോലും നേടാന്‍ സാധിക്കാതെ പോയത്.
ആദ്യത്തെ 21 ബോളില്‍ 22 റണ്‍സാണ് പാണ്ഡെ നേടിയത്. എല്ലാം സിംഗിളുകളും ഡബിളുകളില്‍ നിന്നുമായിരുന്നു. 22ാമത്തെ ബോളിലാണ് അദ്ദേഹം ആദ്യത്തെ ബൗണ്ടറി കണ്ടെത്തിയത്. മതീഷ പതിരാനയെറിഞ്ഞ 18ാമത്തെ ഓവറിലെ രണ്ടാമത്തെ ബോളില്‍ പാണ്ഡെ ഒരു സിക്‌സര്‍ പറത്തുകയായിരുന്നു.
മിഡ് വിക്കറ്റ് ബൗണ്ടറിക്കു മുകളിലൂടെയാണ് ബോള്‍ സിക്‌സറിലേക്കു പറന്നത്. സ്പിന്നര്‍ നൂര്‍ അഹമ്മദെറിഞ്ഞ 19ാമത്തെ ഓവറിലെ അഞ്ചാമത്തെ ബോളില്‍ പാണ്ഡെ തന്റെ ആദ്യത്തെ ഫോറുമടിക്കുകായിരുന്നു. പിന്നീട് ഫോറുകളും സിക്‌സറുകളൊന്നും താരത്തിന്റെ ബാറ്റില്‍ നിന്നും വന്നതുമില്ല.
പാണ്ഡൈയ്ക്കു വിമര്‍ശനം, പരിഹാസം
മനീഷ് പാണ്ഡെ യഥാര്‍ഥത്തില്‍ എന്താണ് ഈ മല്‍സരത്തില്‍ കാണിച്ചത്? ടെസ്റ്റ് മല്‍സമാണെന്നു കരുതിയാണോ അദ്ദേഹം ബാറ്റ് ചെയ്തത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീം 200 റണ്‍സ് തികയ്ക്കാതെ പോയതിന്റെ കാരണവും പാണ്ഡെയുടെ സ്ലോ ബാറ്റിങാണെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഞ്ഞടിക്കുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപിച്ച അതേ ദിവസം തന്നെയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി മനീഷ് പാണ്ഡെ ടെസ്റ്റ് ഇന്നിങ്‌സ് കളിച്ചിരിക്കുന്നത്. ടെസ്റ്റില്‍ രോഹിത് ഒഴിഞ്ഞു വച്ച കസേരയാണോ അദ്ദേഹം ലക്ഷ്യമിടുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നതായും ആരാധകര്‍ പരിഹസിക്കുന്നു.
ഇന്നത്തെ കളിയിലെ സാധ്യതാ 11
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- സുനില്‍ നരെയ്ന്‍, റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), അംഗ്കൃഷ് രഘുവംഷി, മനീഷ് പാണ്ഡെ, റിങ്കു സിംഗ്, ആന്ദ്രെ റസല്‍, റോവ്മന്‍ പവല്‍, അനുകുല്‍ റോയ്, ഹര്‍ഷിത് റാണ, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.
ചെന്നൈ സൂപ്പര്‍ കിങ്‌സ്-ഡെവന്‍ കോണ്‍വേ, ആയുഷ് മാത്രെ, ഉര്‍വില്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, ദീപക് ഹൂഡ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മതീശ പതിരാന, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, അന്‍ഷുല്‍ കാംബോജ്.