ജയ്പൂര്‍: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിന്റെ തോല്‍വിക്കു പിന്നാലെ അംപയര്‍ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് ടീമുടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റ. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ആറു വിക്കറ്റിനാണ് ശ്രേയസ് അയ്യരെയും സംഘത്തെയും ഡിസി വീഴ്ത്തിയത്. ഈ പരാജയത്തോടെ പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുകയെന്നവ പഞ്ചാബിന്റെ മോഹങ്ങള്‍ക്കും മങ്ങലേറ്റിരിക്കുകയാണ്.
13 മല്‍സരങ്ങളില്‍ നിന്നും 17 പോയിന്റോടെ ലീഗില്‍ ഇപ്പോള്‍ രണ്ടാംസ്ഥാനത്തുണ്ടെങ്കിലും ഇതു സേഫല്ല. ഇതേ പോയിന്റുമായി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും ഒരു പോയിന്റ് മാത്രം പിന്നിലായി മുംബൈ ഇന്ത്യന്‍സ് നാലാംസ്ഥാനത്തും നില്‍ക്കുന്നു. ഡിസിക്കെതിരായ മല്‍സരശേഷം സോഷ്യല്‍ മീഡിയയിലൂടെയാണ് അംപയര്‍ക്കെതിരേ പ്രീതി രംഗത്തു വന്നിരിക്കുന്നത്.

വിവാദ തീരുമാനം
പഞ്ചാബ് കിങ്‌സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള മല്‍സരത്തില്‍ പഞ്ചാബിന്റെ ഇന്നിങ്‌സിനിടെ 15ാം ഓവറിലുണ്ടായ ഒരു സംഭവമാണ് വിവാദത്തിനു തിരികൊളുത്തിയത്. ശശാങ്ക് സിങിനും പഞ്ചാബിനും ലഭിക്കേണ്ടിയിരുന്ന ഒരു സിക്‌സര്‍ അംപയറുടെ അബദ്ധം കാരണം നിഷേധിക്കപ്പെട്ടുവെന്നാണ് പ്രീതി സിന്റ എക്‌സിലൂടെ തുറന്നടിച്ചിരിക്കുന്നത്.
പേസര്‍ മോഹിത് ശര്‍മയാണ് 15ാം ഓവര്‍ ബൗള്‍ ചെയ്തത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും (44*) ശശാങ്ക് സിങുമായിരുന്നു (5) അപ്പോള്‍ ക്രീസില്‍. പഞ്ചാബ് അപ്പോള്‍ നാലു വിക്കറ്റിനു 134 റണ്‍സെന്ന നിലയിലുമായിരുന്നു. ആദ്യത്തെ അഞ്ചു ബോൡ ഒരു വൈഡുള്‍പ്പെടെ ഏഴു റണ്‍സാണ് പഞ്ചാബിനു ലഭിച്ചത്.
ഓവറിലെ അവസാന ബോളില്‍ സ്‌ട്രൈക്ക് നേരിട്ടത് ശശാങ്കാണ്. സിക്‌സര്‍ ലക്ഷ്യമിട്ട് കിടിലനൊരു പുള്‍ ഷോട്ടാണ് അദ്ദേഹം കളിച്ചത്. എന്നാല്‍ ലോങ്ഓണില്‍ ബൗണ്ടറി ലൈനിന് തൊട്ടരികെ വച്ച് കരുണ്‍ നായര്‍ ഇതു പിടികൂടിയെങ്കിലും നിയന്ത്രണം വിട്ട് കാല്‍ ബൗണ്ടറി ലൈനില്‍ തട്ടുമെന്ന ഭയത്താല്‍ ബോള്‍ പെട്ടെന്നു ഗ്രൗണ്ടിനകത്തേക്കു ഇടുകയായിരുന്നു.
തുടര്‍ന്നു കാല്‍ ബൗണ്ടറിയില്‍ തട്ടിയിരുന്നെന്നു കാണിച്ച് കരുണ്‍ ഇരുകൈകളും ഉയര്‍ത്തി അതു സിക്‌സറാണെനന്നു ആംഗ്യവും കാണിച്ചു. ഇതോടെ രണ്ട്- മൂന്ന് റണ്‍സെങ്കിലും ഓടിയെടുക്കേണ്ട സമയത്തു ശശാങ്കും ശ്രേയസും സിംഗിള്‍ കൊണ്ട് നിര്‍ത്തുകയും ചെയ്തു. എന്നാല്‍ റീപ്ലേകള്‍ പരിശോധിച്ച തേര്‍ഡ് അംപയര്‍ അതു സിക്‌സറല്ലെന്നാണ് വിധിച്ചത്. ഇതോടെ കരുണിനെ വിശ്വസിച്ച ശശാങ്കും ശ്രേയസും നിരാശരാവുകയും ചെയ്തു.
വിമര്‍ശനവുമായി പ്രീതി സിന്റ
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ പരാജയത്തിനു പിന്നാലെയാണ് തേര്‍ഡ് അംപയറെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ച് പ്രീതി സിന്റ രംഗത്തു വന്നത്. ആധുനിക സാങ്കേതിക വിദ്യകളുള്ള ഐപിഎല്‍ പോലെയൊരു വലിയ ടൂര്‍ണമെന്റില്‍ ഈ തരത്തിലുള്ള ഗുരുതര പിഴവുകള്‍ സംഭവിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നുും അവര്‍ ആഞ്ഞടിക്കുന്നു.

ഒരുപാട് ടെക്‌നോളജികളുള്ള ഇതു പോലെയുള്ള വലിയൊരു ടൂര്‍ണമെന്റില്‍ തേര്‍ഡ് അംപയറുടെ ഭാഗത്തു നിന്നും ഇങ്ങനെയുള്ള പിഴവുകള്‍ സംഭവിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. മാത്രമല്ല ഇതു സംഭവിക്കാനും പാടുള്ളതല്ല.
മല്‍സരശേഷം ഞാന്‍ കരുണ്‍ നായരുമായി സംസാരിച്ചിരുന്നു. അതു തീര്‍ച്ചയായും സിക്‌സര്‍ തന്നെ ആണെന്നായിരുന്നു അദ്ദേഹം സ്ഥിരീകരിച്ചത്. ഞാന്‍ എന്റെ കേസ് അവസാനിപ്പിക്കുകയാണ്. ഈ ക്യാമറ ആംഗിള്‍ കൂടുതല്‍ സംശയങ്ങള്‍ അവശേഷിപ്പിക്കില്ല. എന്നായിരുന്നു കരുണ്‍ നായരുടെ വിവാദ ക്യാച്ചിന്റെ വീഡിയോക്കൊപ്പം എക്‌സില്‍ പ്രീതി കുറിച്ചത്.