ഈ മാസം സൗദി അറേബ്യയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ മെഗാ താരലേലത്തിനു വേണ്ടി ആകാക്ഷയോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍. 24, 25 തിയ്യതികളിലായി ജിദ്ദയിലാണ് ഇത്തവണ ലേലം നടക്കാനിരിക്കുന്നത്. ആയിരത്തിനു മുകളില്‍ കളിക്കാര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞ മെഗാലേലം വലിയ ഇവന്റായി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐ.
കഴിഞ്ഞ മാസം 31ലായിരുന്നു പത്തു ഫ്രാഞ്ചൈസികളും നിലനിര്‍ത്തിയ കളിക്കാരുടെ ലിസ്റ്റ് സമര്‍പ്പിക്കേണ്ട അവസാനത്തെ തിയ്യതി. പല ഫ്രാഞ്ചൈസികളുടെയും ഭാഗത്തു നിന്നും ചില സര്‍പ്രൈസ് നീക്കങ്ങള്‍ കാണുകയും ചെയ്തിരുന്നു. നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുള്‍പ്പെടെ അഞ്ചു ഫ്രാഞ്ചൈസികളാണ് തങ്ങളുടെ ക്യാപ്റ്റന്‍മാരെ കൈവിട്ട് എല്ലാവരെയും ഞെട്ടിച്ചത്.
ലേലം അടുത്തു കൊണ്ടിരിക്കെ ഫ്രാഞ്ചൈസികളെല്ലാം തങ്ങളുടെ ലക്ഷ്യം ആരൊക്കെയാവണമെന്നതിനെക്കുറിച്ചുള്ള പ്ലാനുകള്‍ തയ്യാറാക്കുന്ന തിരക്കിലാണ്. ചില വമ്പന്‍ താരങ്ങള്‍ ഇത്തവണ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡായി മാറാന്‍ സാധ്യത കൂടുതലാണ്. ഒരു ഫ്രാഞ്ചൈസിയും വാങ്ങാനിടയില്ലാത്ത കളിക്കാര്‍ ആരൊക്കെയാവുമെന്നു നമുക്കു നോക്കാം.

കെയ്ന്‍ വില്ല്യംസണ്‍
ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ കെയ്ന്‍ വില്ല്യംസണാണ് മെഗാ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ താല്‍പ്പര്യം കാണിക്കാനിടയില്ലാത്ത ആദ്യത്തെയാള്‍. ഒരു സമയത്തു ലോക ക്രിക്കറ്റിലെ ഏറ്റവും മൂല്യമുള്ള താരങ്ങളിലൊരാളായിരുന്ന അദ്ദേഹം ഐപിഎല്ലിലെയും സ്ഥിരം സാന്നിധ്യമായിരുന്നു. പക്ഷെ തുടര്‍ച്ചയായ പരിക്കുകളും മല്‍സരങ്ങളുടെ അഭാവവുമെല്ലാം വില്ലിക്കു ഇപ്പോള്‍ തിരിച്ചടിയായി മാറുകയാണ്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ ടീമുകള്‍ കളിച്ചു കഴിഞ്ഞ കിവി സൂപ്പര്‍ താരം ഇതിനകം 79 മല്‍സരങ്ങളില്‍ നിന്നും 2128 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്. പക്ഷെ സമീപകാലത്തെ ഫോമും ഫിറ്റ്‌നസുമെല്ലാം വില്ലിയെ ഐപിഎല്ലില്‍ നിന്നും അകറ്റി നിര്‍ത്താനാണ് സാധ്യത. ന്യൂസിലാന്‍ഡിന്റെ നായകസ്ഥാനമൊഴിഞ്ഞതും അദ്ദേഹത്തിന്റെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കുന്ന കാര്യമാണ്.
അജിങ്ക്യ രഹാനെ
ഇന്ത്യയുടെ വെറ്ററന്‍ താരും മധ്യനിര ബാറ്ററുമായ അജിങ്ക്യ രഹാനെയാണ് മെഗാ ലേലത്തില്‍ പത്തു ടീമുകളും കൈവിടാന്‍ സാധ്യതയുള്ള രണ്ടാമത്തൊള്‍. കഴിഞ്ഞ രണ്ടു സീസണുകളിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്നു അദ്ദേഹം. സിഎസ്‌കെയ്ക്കായി ഭേദപ്പെട്ട ചില പ്രകടനങ്ങള്‍ രഹാനെ കാഴ്ചവയ്ക്കുകയായിരുന്നു. പക്ഷെ അദ്ദേഹത്തെ ലേലത്തിനു മുമ്പ് സിഎസ്‌കെ ഒഴിവാക്കുകയായിരുന്നു.
2023ലെ സീസണിനു മുമ്പാണ് സിഎസ്‌കെയിലേക്കു രഹാനെയെത്തിയത്. 172.49 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റില്‍ 326 റണ്‍സും അദ്ദേഹം അടിച്ചെടുത്തിരുന്നു. പക്ഷെ ഈ വര്‍ഷത്തെ ഐപിഎല്ലില്‍ രഹാനെയുടെ പ്രകടനത്തില്‍ ഇടിവ് സംഭവിച്ചു. 20.17 ശരാശരിയില്‍ 242 റണ്‍സ് മാത്രമാണ് താരത്തിനു സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞത്.
36 കാരനായ രഹാനെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകള്‍ക്കായി കളിച്ച ശേഷമാണ് അവസാനമായി സിഎസ്‌കെയിലെത്തിയത്. 178 മല്‍സരങ്ങളില്‍ കളിച്ച അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. ഇവയില്‍ നിന്നും 123.42 സ്‌ട്രൈക്ക് റേറ്റോടെ 4642 റണ്‍സാണ് സമ്പാദ്യം. രണ്ടു സെഞ്ച്വറികളും 30 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

സ്റ്റീവ് സ്മിത്ത്
ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരവും മുന്‍ നായകനുമായ സ്റ്റീവ് സ്മിത്താണ് മെഗാ ലേലത്തില്‍ ഒരു ടീമും വാങ്ങാനിടയില്ലാത്ത മൂന്നാമത്തെ താരം. കഴിഞ്ഞ കുറച്ചു സീസണുകളിലായി ഐപിഎല്ലില്‍ നിന്നും നിരന്തരം തഴയപ്പെട്ടു കൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം. 2021നു ശേഷം സ്മിത്തിനെ ഐപിഎല്ലില്‍ കണ്ടിട്ടില്ല. ലേലത്തില്‍ അദ്ദേഹം രജിസ്റ്റര്‍ ചെയ്യാറുണ്ടെങ്കിലും ഒരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ താല്‍പ്പര്യം കാണിക്കാറില്ല. ഇത്തവണയും ഇതു തന്നെയാണ് സംഭവിക്കാന്‍ പോവുന്നത്.
ഓസീസിനായി പല മാച്ച് വിന്നിങ് പ്രകടനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും ഐപിഎല്ലില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സ്മിത്തിനായിട്ടില്ല. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളരു, കൊച്ചി ടസ്‌കേഴ്‌സ് കേരള, പൂനെ വാരിയേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നീ ടീമുകളുടെ ഭാഗമായിട്ടുള്ള താരമാണ് അദ്ദേഹം.