ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഈ മാസം 24, 25 തീയ്യതികളിലായി നടക്കാന്‍ പോവുകയാണ്. ഇത്തവണ വാശിയേറിയ ലേലമാണ് നടക്കാന്‍ പോകുന്നത്. റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ജോസ് ബട്‌ലര്‍ തുടങ്ങി പല സീനിയര്‍ താരങ്ങളും ഇത്തവണത്തെ മെഗാ ലേലത്തിലേക്ക് എത്തിപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ മെഗാ ലേലത്തില്‍ തീപാറുമെന്ന കാര്യം ഉറപ്പാണ്.
അവസാന സീസണില്‍ വമ്പന്‍ ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനും മുംബൈ ഇന്ത്യന്‍സിനും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. ഈ സാഹചര്യത്തില്‍ ഇത്തവണത്തെ സീസണ്‍ ഇവര്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. സിഎസ്‌കെയില്‍ എംഎസ് ധോണിയുടെ അവസാന സീസണാവും വരാനിരിക്കുന്നത്. സീനിയര്‍ താരങ്ങളെ ഉപയോഗിച്ച് കപ്പടിക്കുന്ന ടീമാണ് സിഎസ്‌കെ. ഇത്തവണയും അതേ പദ്ധതിയാവും സിഎസ്‌കെ പിന്തുടരുക. ലേലത്തില്‍ സിഎസ്‌കെ നോട്ടമിടുന്ന സീനിയര്‍ താരങ്ങള്‍ ഇവരാണ്.
ആര്‍ അശ്വിന്‍
രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ നിലനിര്‍ത്താതിരുന്നതോടെ ആര്‍ അശ്വിന്‍ മെഗാ ലേലത്തിലേക്കെത്തിപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ സീനിയര്‍ സ്പിന്നറായ അശ്വിന്‍ സിഎസ്‌കെയിലൂടെ തുടങ്ങി വളര്‍ന്നുവന്ന താരമാണ്. കരിയറിന്റെ അവസാന സമയത്തിലൂടെ കടന്ന് പോകുന്ന അശ്വിന്‍ ഇത്തവണ സിഎസ്‌കെയ്ക്കായി കളിക്കാന്‍ സാധ്യത കൂടുതലാണ്. സിഎസ്‌കെയ്ക്കും അശ്വിനെ വാങ്ങാന്‍ താല്‍പര്യമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അങ്ങനെയാണെങ്കില്‍ വീണ്ടും മഞ്ഞക്കുപ്പായത്തില്‍ അശ്വിനെ കാണാനായേക്കും.
കെയ്ന്‍ വില്യംസണ്‍
ന്യൂസീലന്‍ഡ് നായകനും സീനിയര്‍ താരവുമായ കെയ്ന്‍ വില്യംസണെ സിഎസ്‌കെ ടീമിലെത്തിച്ചേക്കും. കഴിഞ്ഞ രണ്ട് സീസണുകളിലും പല കാരണങ്ങളാല്‍ വില്യംസണിന് സജീവമാകാന്‍ സാധിച്ചില്ല. പരിക്ക് വേട്ടയാടിയിരുന്നെങ്കിലും ഇപ്പോള്‍ വില്യംസണ്‍ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അടുത്ത സീസണില്‍ താരം കളിക്കുമെന്നുറപ്പാണ്. വില്യംസണെ സിഎസ്‌കെ ടീമിലേക്കെത്തിക്കാനാണ് സാധ്യത കൂടുതല്‍. ടോപ് ഓഡറില്‍ വില്യംസണെ പ്രതീക്ഷിക്കാം.

ജെയിംസ് ആന്‍ഡേഴ്‌സന്‍
ഇംഗ്ലണ്ട് സീനിയര്‍ പേസറായ ജെയിംസ് ആന്‍ഡേഴ്‌സന് ഇപ്പോഴാണ് ഐപിഎല്ലില്‍ കളിക്കാന്‍ ആഗ്രഹം തോന്നുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയ ഇതിഹാസ പേസറെ സിഎസ്‌കെ ഇത്തവണ ഒപ്പം കൂട്ടിയേക്കും. മികച്ച സ്വിങ് പേസറാണ് ആന്‍ഡേഴ്‌സന്‍. ഇന്ത്യന്‍ പിച്ചുകളില്‍ കളിച്ച് അനുഭവസമ്പത്തുമേറെയാണ്. അതുകൊണ്ടുതന്നെ ആന്‍ഡേഴ്‌സനെ വാങ്ങാന്‍ സിഎസ്‌കെ തയ്യാറായേക്കും. ചെറിയ തുകയ്ക്ക് ആന്‍ഡേഴ്‌സനെ ടീമിലെത്തിക്കാനായാല്‍ സിഎസ്‌കെയ്ക്കത് വലിയ ഗുണം ചെയ്യുമെന്നുറപ്പാണ്.
ഫഫ് ഡുപ്ലെസിസ്
ഇത്തവണ സിഎസ്‌കെ ഫഫ് ഡുപ്ലെസിസിനെ തിരികെ എത്തിച്ചേക്കും. അവസാന സീസണില്‍ ആര്‍സിബിയുടെ നായകനായിരുന്ന ഡുപ്ലെസിസിനെ ഇത്തവണ ടീം ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ ഡുപ്ലെസിസിനെ സിഎസ്‌കെ തിരികെ എത്തിച്ചേക്കും. കഴിഞ്ഞ ലേലത്തില്‍ ഡുപ്ലെസിസിനെ ഒഴിവാക്കി തിരിച്ചെടുക്കാമെന്നാണ് സിഎസ്‌കെ പദ്ധതിയിട്ടത്. എന്നാല്‍ ആര്‍സിബി രംഗത്തെത്തിയതോടെ ഇത് നടക്കാതെ പോയി. എന്നാല്‍ ഇത്തവണ ഡുപ്ലെസിസിനെ സിഎസ്‌കെ ഒപ്പം കൂട്ടുമെന്നുറപ്പാണ്.
ഇഷാന്ത് ശര്‍മ
ഇന്ത്യ ടി20യില്‍ വേണ്ടവിധം ഉപയോഗിക്കാത്ത താരമാണ് സീനിയര്‍ പേസറായ ഇഷാന്ത് ശര്‍മ. ഡല്‍ഹിക്കൊപ്പം ഐപിഎല്ലില്‍ തിളങ്ങുന്ന ഇഷാന്ത് എംഎസ് ധോണിയുടെ വിശ്വസ്തന്മാരിലൊരാളാണ്. ഇത്തവണ ഡല്‍ഹി ഒഴിവാക്കിയ ഇഷാന്തിനെ സിഎസ്‌കെ ടീമിലെത്തിക്കാന്‍ സാധ്യതയുണ്ട്. തല്ലുകൊള്ളി ബൗളറാണെന്ന് പറയുമ്പോഴും കഴിഞ്ഞ സീസണുകളിലെല്ലാം തരക്കേടില്ലാത്ത പ്രകടനം നടത്താന്‍ ഇഷാന്ത് ശര്‍മക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ സിഎസ്‌കെ ഇഷാന്തിനെ ടീമിലെത്തിച്ചേക്കും.
വിജയ് ശങ്കര്‍
തമിഴ്‌നാടുകാരനായ ഓള്‍റൗണ്ടറായ വിജയ് ശങ്കറെ സിഎസ്‌കെ പരിഗണിച്ചേക്കും. മീഡിയം പേസ് ഓള്‍റൗണ്ടറായ വിജയ് മികച്ച റെക്കോഡുള്ള താരമാണെന്ന് പറയാനാവില്ല. എന്നാല്‍ തന്റേതായ ദിവസം ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുണ്ട്. ധോണിക്ക് കീഴിലേക്കെത്തിയാല്‍ മെച്ചപ്പെടാന്‍ സാധ്യതകളേറെയാണ്. അതുകൊണ്ടുതന്നെ വിജയ് ശങ്കറെ സിഎസ്‌കെ ടീമിലേക്കെത്തിക്കാന്‍ സാധ്യതയുണ്ട്.