ഐപിഎല്ലിന്റെ മെഗാ താരലേലം ഈ വര്‍ഷം അവസാനത്തോടെ നടക്കാനിരിക്കുകയാണ്. അതിനാല്‍ തന്നെ പത്തു ഫ്രാഞ്ചൈസികളിലും വലിയ രീതിയിലുള്ള അഴിച്ചുപണി തന്നെ നമുക്കു ഉറപ്പിക്കാം. ലേലത്തിനു മുമ്പ് അഞ്ചു കളിക്കാരെ വരെ പരമാവധി ഓരോ ടീമിനും നിലനിര്‍ത്താന്‍ സാധിച്ചേക്കും. എന്നാല്‍ ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂ. കഴിഞ്ഞ സീസണ്‍ വരെ നാലു പേരെയാണ് ഓരോ ടീമിനും നിലനിര്‍ത്താന്‍ അനുവാദമുണ്ടായിരുന്നത്. ഇത്തവണ ഇതു വര്‍ധിപ്പിക്കണമെന്നു പല ഫ്രാഞ്ചൈസികളും ആവശ്യപ്പെട്ടു കഴിഞ്ഞു.
സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ടീം അടുത്ത സീസണിനു മുമ്പ് നിലനിര്‍ത്തുന്ന താരങ്ങള്‍ ആരൊക്കെയാവുമെന്നു നമുക്കു പരിശോധിക്കാം. കഴിഞ്ഞ സീസണ്‍ വരെ വളരെ സന്തുലിതമായ ടീമാണ് റോയല്‍സിനുണ്ടായിരുന്നത്. അതിനാല്‍ തന്നെ ലേലത്തിനു മുമ്പ് ആരെയൊക്കെ നിലനിര്‍ത്തുമെന്ന കാര്യത്തില്‍ അവര്‍ക്കു ആശയക്കുഴപ്പമുണ്ടാവുമെന്ന കാര്യമുറപ്പമാണ്. മികച്ച ചില താരങ്ങളെ അവര്‍ക്കു കൈവിടേണ്ടതായും വരും.

അഞ്ചു താരങ്ങളെ നിലനിര്‍ത്താന്‍ ഫ്രാഞ്ചൈസികള്‍ക്കു അനുവാദം ലഭിച്ചാല്‍ റോയല്‍സ് ഏറ്റവുമാദ്യം നിലനിര്‍ത്തുക നായകന്‍ സഞ്ജുവിനെ തന്നെയായിരിക്കും. 2021ല്‍ മുതല്‍ ഫ്രാഞ്ചൈസിയെ നയിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം ടീമിന്റെ നട്ടെല്ലും കൂടിയാണ്. അടുത്ത സീസണിലും സഞ്ജു തന്നെ ക്യാപ്റ്റനായി തുടരാനാണ് സാധ്യത.
കഴിഞ്ഞ തവണ അദ്ദേഹം ടീമിനെ പ്ലേഓഫിലെത്തിച്ചിരുന്നു. സഞ്ജു കഴിഞ്ഞാല്‍ റോയല്‍സ് നിലനിര്‍ത്തുക ഇംഗ്ലണ്ട് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ ജോസ് ബട്‌ലറെയായിരിക്കും. ബാറ്റിങില്‍ ടീമിന്റെ നെടുംതൂണാണ് അദ്ദേഹം. ബട്‌ലറില്ലാത്ത ഒരു റോയല്‍സിനെക്കുറിച്ച് ചിന്തിക്കുക പോലും അസാധ്യമാണ്.
യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് തുടങ്ങിയവരെയും റോയല്‍സ് കൈവിടാന്‍ സാധ്യതയില്ല. പക്ഷെ അഞ്ചാമത്തെയാളുടെ കാര്യത്തില്‍ രണ്ടു ഓപ്ഷനുകളാണ് റോയല്‍സിനു മുന്നിലുള്ളത്. ഒരാള്‍ സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണെങ്കില്‍ അടുത്തയാള്‍ യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ്.
രണ്ടിലൊരാളെ റോയല്‍സിനു കൈവിടേണ്ടതായി വരും. കളിയിലുണ്ടാക്കുന്ന ഇംപാക്ട് പരിഗണിക്കുമ്പോള്‍ ചഹലിനെ കൈവിടാന്‍ റോയല്‍സിനു താല്‍പ്പര്യം കാണില്ല. പക്ഷെ ഭാവി സൂപ്പര്‍ താരമാവാന്‍ ശേഷിയുള്ള പരാഗിനെ ഒഴിവാക്കിയാല്‍ അതു വലിയ മണ്ടത്തരമായി മാറിയേക്കുകയും ചെയ്യും.

ദേശീയ ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനു വേണ്ടിയുള്ള മല്‍സരത്തില്‍ സഞ്ജുവിനു പുതിയ വെല്ലുവിളിയായി മാറിയിരിക്കുന്ന ധ്രുവ് ജുറേലിനെ റോയല്‍സ് കൈവിടുമെന്നു ഏറെക്കുറെ ഉറപ്പാണ്. ക്യാപ്റ്റന്‍സിക്കൊപ്പം വിക്കറ്റ് കീപ്പറുടെ റോള്‍ കൂടി സഞ്ജു നിര്‍വഹിക്കുന്നതിനാല്‍ ജുറേലിനെ ടീമിനു ആവശ്യമില്ലെന്നു തന്നെ പറയേണ്ടി വരും.
നിലവില്‍ ബാറ്റിങില്‍ മാത്രമേ അദ്ദേഹത്തെ റോയല്‍സ് ആശ്രയിക്കുന്നുള്ളൂ. അതിനാല്‍ തന്നെ ജുറേലിനെ അടുത്ത സീസണില്‍ റോയല്‍സിനൊപ്പം കാണാനുള്ള സാധ്യത തീരെ കുറവാണ്. മെഗാ ലേലത്തില്‍ ഇടം പിടിക്കുകയാണെങ്കില്‍ അദ്ദേഹത്തിനു വലിയ ഡിമാന്റ് തന്നെയുണ്ടാവാന്‍ സാധ്യതയുണ്ട്. പല മുന്‍നിര ഫ്രാഞ്ചൈസികളും ജുറേലിനു വേണ്ടി ലേലത്തില്‍ രംഗത്തിറങ്ങുമെന്ന കാര്യമുറപ്പാണ്.
ജുറേലിനെക്കൂടാതെ റോയല്‍സ് കൈവിടുന്ന മറ്റൊരു പ്രധാനപ്പെട്ടയാള്‍ വെറ്ററന്‍ സ്റ്റാര്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനായിരിക്കും. അദ്ദേഹത്തെ ഉറപ്പായും അടുത്ത സീസണില്‍ റോയല്‍സിന്റെ പിങ്ക് ജഴ്‌സിയില്‍ കാണില്ല. പഴയ തട്ടകമായ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു അശ്വിന്‍ തിരികെ പോവുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. എന്തു സംഭവിക്കുമെന്നു നമുക്കു കാത്തിരുന്നു തന്നെ കാണാം.