നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ അടുത്ത ഐപിഎല്‍ സീസണില്‍ പുതിയൊരു നായകനു കീഴിലായിരിക്കും കണ്ടേക്കുക. കാരണം കഴിഞ്ഞ തവണത്തെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ ഒഴിവാക്കിയാണ് അവര്‍ മെഗാ ലേലത്തിനു തയ്യാറെടുക്കുന്നത്. ഐപിഎല്‍ കിരീടം നേടിത്തന്ന ക്യാപ്റ്റനെ സാധാരണയായി ഒരു ഫ്രാഞ്ചൈസിയും കൈവിടാറില്ല. എന്നാല്‍ ശ്രേയസിനെ ഒഴിവാക്കിയ കെകെആര്‍ എല്ലാവരെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുകയായിരുന്നു.
കഴിഞ്ഞ സീസണില്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ആറു പേരെ അവര്‍ നിലനിര്‍ത്തി. സുനില്‍ നരെയ്ന്‍, റിങ്കു സിങ്, ആന്ദ്രെ റസ്സല്‍, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ, രമണ്‍ദീപ് സിങ് എന്നിവരെയാണ് കെകെആറിനൊപ്പം പുതിയ സീസണിലും കാണാന്‍ സാധിക്കുക. 55 കോടി രൂപയാണ് ഇനി കെകെആറിന്റെ പഴ്‌സില്‍ ബാക്കിയുള്ളത്.
കഴിഞ്ഞ തവണ ഒപ്പമുണ്ടായിരുന്ന താരത്തെ ആര്‍ടിഎം കാര്‍ഡ് വഴി തിരികെ വാങ്ങാന്‍ അവര്‍ക്കാവില്ലെങ്കിലും ലേലത്തില്‍ വളരെ സജീവമായി തന്ന കെകെആറിനെ കാണാനായേക്കും. ശ്രേയസിനു പകരം പുതിയൊരു നായകനെയാണ് അവര്‍ക്കു ആദ്യം വേണ്ടത്. ഇതിനായി പല ഓപ്ഷനുകളും അവര്‍ക്കുണ്ട്. ലേലത്തില്‍ കെകെആര്‍ നോട്ടമിടാന്‍ സാധ്യതയുള്ള കളിക്കാരുടെ ലിസ്റ്റ് നോക്കാം.

ആരു നയിക്കും
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ വളരെ മികച്ച രീതിയിലാണ് ശ്രേയസ് അയ്യര്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നയിച്ചത്. അദ്ദേഹത്തെ ലേലത്തില്‍ തിരികെ വാങ്ങാന്‍ അവര്‍ ശ്രമിക്കുമെന്ന കാര്യമുറപ്പാണ്. പക്ഷെ ശ്രേയസിന്റെ മൂല്യം 20 കോടിക്കു മുകളില്‍ പോയാല്‍ കെകെആര്‍ പിന്‍മാറിയേക്കും. കാരണം അങ്ങനെ വന്നാല്‍ അവരുടെ പഴ്‌സില്‍ ശേഷിക്കുക 30 കോടിയില്‍ താഴെയായിരിക്കും. ഇതു മറ്റു കളിക്കാരെ വാങ്ങാനുള്ള കെകെആറിന്റെ നീക്കങ്ങളെയും ബാധിക്കും.
മാര്‍ക്വി താരങ്ങളുടെ ലിസ്റ്റില്‍ ശ്രേയസിനെക്കൂടാതെ കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ജോസ് ബട്‌ലര്‍, അര്‍ഷ്ദീപ് സിങ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, കാഗിസോ റബാഡ, മുഹമ്മദ് ഷമി എന്നിവരാണുള്ളത്. ഇവയില്‍ നായക സ്ഥാനത്തേക്കു ശ്രേയസിനെ കിട്ടിയില്ലെങ്കില്‍ റിഷഭ്, രാഹുല്‍, ബട്‌ലര്‍ എന്നിവരിലൊരാളെയാവും കെകെആര്‍ നോട്ടമിടുന്നത്.
ബാറ്റര്‍മാര്‍, വിക്കറ്റ് കീപ്പര്‍മാര്‍
ബാറ്റര്‍മാരായി കെകെആര്‍ മെഗാ ലേലത്തില്‍ ടീമിലേക്കു കൊണ്ടുവരാന്‍ ശ്രമിച്ചേക്കുക മുന്‍താരങ്ങളായ വെങ്കടേഷ് അയ്യരെയും നിതീഷ് റാണയെയുമായിരിക്കും. ഇവരില്‍ വെങ്കടേഷിനു ലേലത്തില്‍ ഡിമാന്റുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സീം ബൗളിങ് ഓള്‍റൗണ്ടറായ അദ്ദേഹം ഫൈനലിലുള്‍പ്പെടെ ടീമിനായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.
ഒരു സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍ ബാറ്ററെയും ലേലത്തില്‍ കെകെആറിനു ആവശ്യമുണ്ട്. മുന്‍ താരങ്ങളായ ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ടിനും അഫ്ഗാനിസ്താന്റെ റഹ്മാനുള്ള ഗുര്‍ബാസിനുമായിരിക്കും അവര്‍ പ്രഥമ പരിഗണിന നല്‍കിയേക്കുക. എന്നാല്‍ കഴിഞ്ഞ തവണ ഓപ്പണറായി മിന്നിച്ച സാള്‍ട്ടിനെ തിരികെ വാങ്ങാന്‍ 10 കോടിക്കു മുകളില്‍ കെകെആറിനു മുടക്കേണ്ടി വന്നേക്കും. സാള്‍ട്ടിനെ ലഭിച്ചില്ലെങ്കില്‍ മുന്നിലുള്ള മറ്റൊരു മികച്ച ഓപ്ഷനാണ് ഗുര്‍ബാസ്.

ബൗളിങില്‍ ആരൊക്കെ
ബൗളിങ് നിരയിലേക്കു വന്നാല്‍ പേസര്‍മാരായി ഹര്‍ഷിത് റാണയും ആന്ദ്രെ റസ്സലും ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലുണ്ട്. കൂടാതെ രമണ്‍ദീപ് സിങും മിഡീയം പേസര്‍ ഓള്‍റൗണ്ടറാണ്. സ്പിന്‍ നിരയിലാവട്ടെ വരുണ്‍ ചക്രവര്‍ത്തിയും സുനിന്‍ നരെയ്‌നും ടീമിനൊപ്പമുണ്ട്. ലേലത്തില്‍ മികച്ചൊരു വിദേശ ഫാസ്റ്റ് ബൗളറെയാണ് കെകെആറിനു ആവശ്യം.
കഴിഞ്ഞ തവണ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മിച്ചെല്‍ സ്റ്റാര്‍ക്കിനെ തിരികെ വാങ്ങാന്‍ അവര്‍ ശ്രമിച്ചേക്കും. സ്റ്റാര്‍ക്കില്ലെങ്കില്‍ ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടാണ് മറ്റൊരു മികച്ച ഓപ്ഷന്‍. കൂടാതെ ജോഷ് ഹേസല്‍വുഡും ടീമിനു മുതല്‍ക്കൂട്ടാവുന്ന പേസറാണ്. വിദേശ ഫാസ്റ്റ് ബൗളറെ മാത്രമല്ല മികച്ചൊരു ഇന്ത്യന്‍ പേസറെ കൂടി കെകെആര്‍ നോട്ടമിടുമെന്നുറപ്പാണ്.
അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, ഉമ്രാന്‍ മാലിക്ക് എന്നിവരെല്ലാം സാധ്യതാ ലിസ്റ്റിലുണ്ട്. സ്പിന്‍ ബൗളിങില്‍ കെകെആര്‍ നോട്ടമിട്ടേക്കുക അഫ്ഗാനിസ്താന്റെ പുതിയ സ്പിന്‍ സെന്‍സേഷനായ അല്ലാ ഗസന്‍ഫറിനെയായിരിക്കും.