ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ റണ്ണൊഴുകിയ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 44 റണ്‍സിന് രാജസ്ഥാന്‍ റോയല്‍സ് തോറ്റിരിക്കുകയാണ്. ബാറ്റിങ് വെടിക്കെട്ട് കണ്ട മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആറ് വിക്കറ്റിന് 286 റണ്‍സാണ് അടിച്ചെടുത്തത്. മറുപടിക്കിറങ്ങിയ രാജസ്ഥാന് ആറ് വിക്കറ്റിന് 242 റണ്‍സാണ് നേടാനായത്. പ്രതീക്ഷിച്ചപോലെ വെടിക്കെട്ട് തുടക്കം രാജസ്ഥാന് ലഭിച്ചില്ല.
ടോപ് ഓഡര്‍ നിരാശപ്പെടുത്തിയപ്പോഴും മധ്യനിര കരുത്തുകാട്ടിയത് രാജസ്ഥാന് ആത്മവിശ്വാസം നല്‍കുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ രാജസ്ഥാന്റെ മധ്യനിര താരങ്ങള്‍ക്ക് സാധിച്ചതാണ് വലിയ തോല്‍വിയില്‍ നിന്ന് രാജസ്ഥാനെ രക്ഷിച്ചത്. നായകനായി സഞ്ജു സാംസണിന് ഇറങ്ങാന്‍ സാധിക്കാത്തതും ആദ്യ മത്സരത്തിലെ രാജസ്ഥാന്റെ തോല്‍വിക്ക് കാരണമായിട്ടുണ്ട്. രണ്ടാം മത്സരത്തില്‍ രാജസ്ഥാന് വിജയത്തോടെ തിരിച്ചുവരേണ്ടതായുണ്ട്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് രാജസ്ഥാന്റെ രണ്ടാം മത്സരത്തിലെ എതിരാളികള്‍. വിജയ വഴിയില്‍ തിരിച്ചെത്താന്‍ രാജസ്ഥാന്‍ പ്ലേയിങ് 11 ചില മാറ്റം വരുത്തേണ്ടതായുണ്ട്. ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ജോഫ്രാ ആര്‍ച്ചറെ കളിപ്പിക്കേണ്ട
ഒരു മത്സരംകൊണ്ട് എഴുതിത്തള്ളാന്‍ കഴിയുന്ന ബൗളറല്ല ജോഫ്രാ ആര്‍ച്ചര്‍. ഇംഗ്ലണ്ടിന്റെ സൂപ്പര്‍ പേസര്‍ ഒരു കാലത്ത് ബാറ്റ്‌സ്മാന്‍മാരുടെ ഉറക്കം കെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പഴയ മികവ് ആര്‍ച്ചര്‍ക്കില്ല. അതിവേഗ ബൗളറാണെങ്കിലും മികച്ച ലൈനും ലെങ്തും താരത്തിന് അവകാശപ്പെടാനാവില്ല. അതുകൊണ്ടുതന്നെ റണ്‍സ് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ അദ്ദേഹം പിശുക്കുകാട്ടുന്നില്ല. ഹൈദരാബാദിനെതിരേ ആര്‍ച്ചര്‍ നന്നായി തല്ലുവാങ്ങി. നാല് ഓവറില്‍ 76 റണ്‍സാണ് ആര്‍ച്ചര്‍ വിട്ടുകൊടുത്തത്.

ഈ പ്രകടനം പരിഗണിക്കുമ്പോള്‍ അടുത്ത മത്സരത്തില്‍ ആര്‍ച്ചറെ കളിപ്പിക്കുന്നത് മണ്ടത്തരമാണെന്ന് പറയാം. ഇംഗ്ലണ്ടിനായി ആര്‍ച്ചര്‍ സമീപകാലത്ത് നടത്തിയ പ്രകടനങ്ങളും പ്രതീക്ഷിച്ച നിലവാരത്തിലുള്ളതല്ല. അതുകൊണ്ടുതന്നെ ആര്‍ച്ചറെ കെകെആറിനെതിരേ രാജസ്ഥാന്‍ കളിപ്പിക്കേണ്ടതില്ല. മുംബൈ ഇന്ത്യന്‍സില്‍ നിന്ന് ടീമിലേക്കെത്തിച്ച ആകാശ് മദ് വാളിനാണ് അവസരം നല്‍കേണ്ടത്. അഞ്ച് വിക്കറ്റ് പ്രകടനമടക്കം നടത്തിയിട്ടുള്ള താരമാണ് ആകാശ്. അണ്‍ക്യാപ്പ്ഡ് താരത്തിന് മികവ് കാട്ടാന്‍ സാധിച്ചേക്കും.
ഫസല്‍ഹഖ് ഫറൂഖി വേണ്ട
ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് വലിയ പ്രതീക്ഷയോടെ ടീമിലേക്കെത്തിച്ച താരമാണ് ഫസല്‍ഹഖ് ഫറൂഖി. ഇടം കൈയന്‍ പേസര്‍ അഫ്ഗാന്‍ ടീമിനൊപ്പം ശ്രദ്ധേയ പ്രകടനങ്ങളാണ് നടത്തിയിട്ടുള്ളത്. എന്നാല്‍ ഐപിഎല്ലില്‍ താരം വലിയ പ്രകടനം നടത്തുമെന്ന് കരുതാനാവില്ല. ന്യൂബോളില്‍ നന്നായി സ്വിങ് കണ്ടെത്തുന്ന ബൗളറാണ്. എന്നാല്‍ ബാറ്റിങ്ങിന് പിന്തുണയുള്ള പിച്ചില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല. ന്യൂബോളില്‍ വിക്കറ്റ് നേടാന്‍ ഫസല്‍ഹഖിന് സാധിക്കുമെന്ന് കരുതാനാവില്ല.
ഫസല്‍ഹഖിന് പകരം ക്വീന മഫാഖയെ കളിപ്പിക്കാം. ദക്ഷിണാഫ്രിക്കന്‍ യുവതാരം ഇതിനോടകം മുംബൈ ഇന്ത്യന്‍സിനായി കളിച്ചിട്ടുണ്ട്. തുടര്‍ച്ചയായി 140ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ കഴിവുണ്ട്. എതിരാളികള്‍ക്ക് നേരിട്ട് വലിയ അനുഭവസമ്പത്തുള്ള ബൗളറല്ല മഫാഖ. അതുകൊണ്ടുതന്നെ താരത്തെ കളിപ്പിക്കുന്നത് രാജസ്ഥാന് ഗുണമായി മാറാനാണ് സാധ്യത കൂടുതല്‍. ഈ രണ്ട് മാറ്റങ്ങള്‍ രാജസ്ഥാന് വിജയ വഴിയില്‍ തിരിച്ചെത്താന്‍ സഹായിക്കുമെന്ന് തന്നെ കരുതാം.
സഞ്ജുവിന്റെ ഫോം നിര്‍ണ്ണായകം
രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണ്‍ പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. കൈവിരലിന് പൊട്ടലേറ്റ താരത്തിന് പൂര്‍ണ്ണ ഫിറ്റ്‌നസില്ലാത്തതിനാല്‍ ആദ്യത്തെ മൂന്ന് മത്സരത്തിലും ബാറ്റ്‌സ്മാനായി മാത്രമാണ് കളിക്കുക. സഞ്ജു അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയത് രാജസ്ഥാന് പ്രതീക്ഷ നല്‍കുന്നതാണ്. ദ്രുവ് ജുറേലും ഷിംറോന്‍ ഹെറ്റ്‌മെയറുമെല്ലാം ശോഭിച്ചത് രാജസ്ഥാന് വരുന്ന മത്സരത്തില്‍ വലിയ ആത്മവിശ്വാസം നല്‍കുന്നു.
രാജസ്ഥാന്റെ സാധ്യതാ 11
സഞ്ജു സാംസണ്‍, യശ്വസി ജയ്‌സ്വാള്‍, റിയാന്‍ പരാഗ് (c), നിതീഷ് റാണ, ദ്രുവ് ജുറേല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, ശുബം ദുബെ, ആകാശ് മധ് വാള്‍, മഹേഷ് തീക്ഷണ, തുഷാര്‍ ദെശപാണ്ഡെ, സന്ദീപ് ശര്‍മ, ക്വീന മഫാഖ (ഇംപാക്ട് സബസ്റ്റിറ്റിയൂട്ട്)