മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി മുന്നോട്ട് പോവുകയാണ്. ഇത്തവണ പല സൂപ്പര്‍ താരങ്ങളും പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്നതാണ് വസ്തുത. ആദ്യ അഞ്ച് മത്സരങ്ങള്‍ കഴിയുമ്പോള്‍ വ്യക്തമായ മുന്‍തൂക്കം ആര്‍ക്കും അവകാശപ്പെടാന്‍ സാധിക്കുന്നില്ലെന്നതാണ് വസ്തുത. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നോട്ടമിടുന്ന താരങ്ങള്‍ക്കെല്ലാം ഐപിഎല്ലില്‍ ശോഭിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം സെലക്ടര്‍മാര്‍ കൈവിടാന്‍ സാധ്യത കൂടുതലാണ്.
ഏറ്റവും ശക്തമായ മത്സരം നടക്കുന്നത് ടി20യിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായും ഓപ്പണര്‍ സ്ഥാനത്തിനായുമാണ്. നിലവില്‍ സഞ്ജു സാംസണാണ് ഇന്ത്യയുടെ ടി20യിലെ വിക്കറ്റ് കീപ്പറും പ്രധാന ഓപ്പണറും. ഈ സ്ഥാനം നോട്ടമിടുന്നവരാണ് ഇഷാന്‍ കിഷനും റുതുരാജ് ഗെയ്ക് വാദും കെ എല്‍ രാഹുലുമെല്ലാം ഇപ്പോള്‍ ഈ സ്ഥാനം നോട്ടമിട്ട് ശക്തമായി രംഗത്തെത്തുണ്ട്. നിലവിലെ ഫോം പരിശോധിക്കുമ്പോള്‍ ജിതേഷ് ശര്‍മയാണ് സഞ്ജുവിന് കടുത്ത ഭീഷണി ഉയര്‍ത്തുന്നത്.
ഇത്തവണ ആര്‍സിബിക്കൊപ്പമുള്ള ജിതേഷ് മികച്ച പ്രകടനം തന്നെ കാഴ്ചവെക്കുന്നുമുണ്ട്. റിഷഭ് പന്ത് മോശം ഫോമിലുള്ളതിനാല്‍ സഞ്ജുവിന്റെ അഭാവത്തില്‍ ആദ്യ പരിഗണന ലഭിക്കുക ജിതേഷ് ശര്‍മക്കാവുമെന്നുറപ്പാണ്. ഇപ്പോഴിതാ തന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് പ്രതീക്ഷകളും സഞ്ജുവിന് പകരക്കാരനായി ഇന്ത്യന്‍ ടീമിലേക്ക് വിളിച്ച സംഭവവും ഓര്‍ത്തെടുക്കുകയാണ് ജിതേഷ് ശര്‍മ.
സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്തപ്പോള്‍ വിളി ലഭിച്ചു
ഇന്ത്യന്‍ ടീമിലേക്ക് സഞ്ജു സാംസണിന്റെ പകരക്കാരനായി തനിക്ക് വിളി ലഭിച്ചത് സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത സമയത്താണെന്നാണ് ജിതേഷ് പറയുന്നത്. അഫ്ഗാനിസ്ഥാനെതിരേ അരങ്ങേറ്റ ടി20 കളിച്ച ജിതേഷ് ഡക്കിനാണ് പുറത്തായത്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയ വഴി തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവെന്നും വിചാരിക്കാത്ത സമയത്താണ് വിളി ലഭിച്ചതെന്നുമാണ് ജിതേഷ് പറയുന്നത്. ഇത് തന്റെ പ്രകടനത്തേയും ബാധിച്ചുവെന്നാണ് ജിതേഷ് പറയുന്നത്.

'സഞ്ജു സാംസണിന് കൈക്കുഴക്ക് പരിക്കേറ്റതോടെ പകരക്കാരനായി എന്നെ ടീമിലേക്ക് വിളിക്കുകയായിരുന്നു. ഇന്ത്യന്‍ സെലക്ടര്‍ വിളിച്ച് നിന്നെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പറയുകയായിരുന്നു. വൈകുന്നേരത്തേക്ക് തയ്യാറായി ഇരിക്കണമെന്നും വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു. ടീം തിരഞ്ഞെടുപ്പിന്റെ സമയത്ത് യാതൊരു പരിഗണനയും എനിക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍ എല്ലാം ശരിയായത് വളരെ വേഗത്തിലായിരുന്നു. ടീമിലേക്കെത്തിയ പിറ്റേന്ന് തന്നെ പരിശീലനത്തിന് ഇറങ്ങേണ്ടി വന്നു.
ഞാന്‍ വളരെയധികം ഭയപ്പെട്ടിരുന്നു. എന്റെ കൈയും കാലുമെല്ലാം മരവിച്ച അവസ്ഥയിലായിരുന്നു. കാരണം ഇന്ത്യന്‍ ജേഴ്‌സിയാണ് ഞാന്‍ അണിയുന്നത്. സൂര്യ ഭായിയും ഹാര്‍ദിക് ഭായിയും അവിടെ ഉണ്ടായിരുന്നു. രാഹുല്‍ ഭായിയായിരുന്നു അന്ന് പരിശീലകന്‍' ആര്‍സിബിയില്‍ സംസാരിക്കവെ ജിതേഷ് പറഞ്ഞു. എന്നാല്‍ ലഭിച്ച അവസരങ്ങളില്‍ നിന്ന് വലിയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ ജിതേഷിന് സാധിച്ചിട്ടില്ല. പക്ഷെ താരത്തിന്റെ പ്രതിഭ ഐപിഎല്ലില്‍ നിന്ന് തന്നെ വ്യക്തം.
വീണ്ടുമൊരു അവസരം പ്രതീക്ഷിക്കുന്നു
സഞ്ജു സാംസണെ ടോപ് ഓഡര്‍ വിക്കറ്റ് കീപ്പറായാണ് പരിഗണിക്കുന്നത്. എന്നാല്‍ ജിതേഷ് ശര്‍മ മധ്യനിരയില്‍ കളിക്കുന്ന താരമാണ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ ജിതേഷ് ശര്‍മക്ക് കഴിവുണ്ട്. ഡെത്തോവറുകളില്‍ അപകടകാരിയായ ബാറ്റ്‌സ്മാനായി മാറാന്‍ ജിതേഷിനാവും. നിലവിലെ ഇന്ത്യന്‍ ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഫിനിഷറുടെ റോള്‍ ചെയ്യുന്നത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ നിന്ന് സഞ്ജു സാംസണ്‍ പുറത്തായാല്‍ പകരം ജിതേഷ് ശര്‍മക്ക് വിളിയെത്താനാണ് സാധ്യത.
മധ്യനിരയിലേക്ക് ജിതേഷ് ശര്‍മ വന്നാല്‍ ഇന്ത്യക്കത് ഗുണം ചെയ്യാനാണ് സാധ്യത കൂടുതല്‍. ഇപ്പോള്‍ ആര്‍സിബിയുടെ മധ്യനിരയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ ജിതേഷ് ശര്‍മക്ക് സാധിക്കുന്നുണ്ട്. ഇതേ ഫോമില്‍ തുടര്‍ന്നാല്‍ സെലക്ടര്‍മാര്‍ ജിതേഷിന് വീണ്ടുമൊരു അവസരം നല്‍കിയേക്കും. വിക്കറ്റിന് പിന്നിലും മികവ് കാട്ടാന്‍ ജിതേഷിന് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ അഭാവത്തില്‍ ജിതേഷിന് അവസരം ലഭിക്കാനാണ് സാധ്യത കൂടുതല്‍.