മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പടയൊരുക്കങ്ങളിലേക്ക് ടീമുകള്‍ കടന്ന് കഴിഞ്ഞു. മെഗാ താരലേലം വരാനിരിക്കെ വലിയ മാറ്റങ്ങള്‍ക്കാണ് പല ടീമുകളും ഒരുങ്ങുന്നത്. ലേല നിയമങ്ങളില്‍ മാറ്റവും വരാനിരിക്കെ ടീമുകളെല്ലാം അടിമുടി മാറ്റത്തിനാണ് ശ്രമിക്കുന്നത്. പല സൂപ്പര്‍ താരങ്ങളും അപ്രതീക്ഷിതമായി ടീം വിടാനാണ് സാധ്യത. മുംബൈ ഇന്ത്യന്‍സിലേക്ക് വരുമ്പോള്‍ വലിയ മാറ്റത്തിനുള്ള സാധ്യതയാണ് തെളിയുന്നത്.
മുംബൈയുടെ നായകസ്ഥാനത്തേക്ക് ഹാര്‍ദിക് പാണ്ഡ്യ വന്നതോടെ ടീമിനുള്ളില്‍ ഭിന്നത ശക്തമാണ്. അതുകൊണ്ടുതന്നെ പലരും ടീം വിടാന്‍ സാധ്യത കൂടുതലാണ്. സൂര്യകുമാര്‍ യാദവും രോഹിത് ശര്‍മയും മുംബൈ വിടുമെന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്തുവന്നിട്ടുള്ളതാണ്. ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ വരുന്ന റിപ്പോര്‍ട്ട് പ്രകാരം ജസ്പ്രീത് ബുംറയും മുംബൈ വിട്ടേക്കും. മുംബൈ വിടാന്‍ ബുംറ താല്‍പര്യം കാട്ടാന്‍ കാരണം നായകസ്ഥാനമാണെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ തന്നെ നായകനാവാനുള്ള താല്‍പര്യം ബുംറ തുറന്ന് പറഞ്ഞതാണ്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നായകന്‍ താന്‍ തന്നെയാണെന്നാണ് ബുംറ പറയുന്നത്. കരിയറിന്റെ നിര്‍ണ്ണായക സമയത്തിലൂടെ കടന്ന് പോകുന്ന ബുംറ നിലവിലെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരിലൊരാളാണ്. ക്യാപ്റ്റനാവാന്‍ ആഗ്രഹിക്കുന്ന ബുംറക്ക് മുംബൈയില്‍ തുടര്‍ന്നാല്‍ ഈ സ്ഥാനത്തേക്കെത്താനാവില്ല. ബുംറയെ ക്യാപ്റ്റനാക്കാന്‍ മുംബൈക്ക് താല്‍പര്യമില്ല.
ഉണ്ടായിരുന്നെങ്കില്‍ രോഹിത് ശര്‍മയെ മാറ്റിയപ്പോള്‍ ബുംറക്ക് അവസരം നല്‍കുമായിരുന്നു. എന്നാല്‍ ഇത് ചെയ്യാത്തതിനാല്‍ത്തന്നെ ബുംറയെ നായകനായി പരിഗണിക്കുന്നില്ലെന്ന് വ്യക്തം. അതുകൊണ്ടുതന്നെ മുംബൈ വിടാന്‍ ബുംറ തയ്യാറെടുക്കുകയാണെന്നാണ് പുതിയ സൂചന. മുംബൈ വിട്ട് ബുംറ ആര്‍സിബിയിലേക്ക് പോകുമെന്നാണ് സൂചനകളുള്ളത്. ആര്‍സിബിയുടെ നിലവിലെ നായകന്‍ ഫഫ് ഡുപ്ലെസിസാണ്. അവസാന സീസണോടെ ഡുപ്ലെസിസിനെ ആര്‍സിബി ഒഴിവാക്കിയെന്നാണ് വിവരം.

പുതിയ നായകന് കീഴില്‍ ആര്‍സിബി ഇറങ്ങാനൊരുങ്ങുകയാണ്. നായകസ്ഥാനത്തേക്ക് ആര്‍സിബി കെ എല്‍ രാഹുലിനെ പരിഗണിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടെങ്കിലും ഇപ്പോള്‍ ബുംറയുടെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ആര്‍സിബി ബുംറക്ക് കൂടുമാറാന്‍ സാധിക്കുന്ന ടീമാണ്. വിരാട് കോലി കളിക്കുന്ന ടീമെന്ന നിലയില്‍ കൂടുമാറ്റത്തിന് ബുംറക്കും താല്‍പര്യമുണ്ടാവും. മുംബൈ ഇന്ത്യന്‍സില്‍ നിന്ന് രോഹിത് ശര്‍മ പടിയിറങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്.
അതും ബുംറയെ കൂടുമാറ്റത്തിന് പ്രേരിപ്പിക്കുന്നു. രോഹിത് ശര്‍മ മുംബൈ വിട്ട് ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് പോകുമെന്നാണ് വിവരം. രോഹിത് ഡല്‍ഹിയിലെത്തിയാല്‍ ബുംറയെ ഒപ്പം കൂട്ടാന്‍ നീക്കം നടത്താനും സാധ്യതകളുണ്ട്. ബുംറക്ക് ക്യാപ്റ്റന്‍ സ്ഥാനം ആവശ്യമാണെന്നിരിക്കെ ആര്‍സിബി, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകളിലൊന്നിലേക്ക് ബുംറ കൂടുമാറ്റം നടത്താനുള്ള സാധ്യതയാണുള്ളത്. എന്നാല്‍ ബുംറയെ വിട്ടുകൊടുക്കാന്‍ മുംബൈ തയ്യാറായേക്കില്ല.
വമ്പന്‍ ഓഫറുകളോടെ ബുംറയെ മുംബൈയില്‍ നിലനിര്‍ത്താനാവും ടീം മാനേജ്‌മെന്റ് ശ്രമിക്കുക. ബുംറയെ ലേലത്തിലേക്കെത്തിച്ച് തിരിച്ചുകൊണ്ടുവരിക മുംബൈക്ക് പ്രയാസമാവും. റെക്കോഡ് തുകയ്ക്ക് ബുംറയെ വിളിക്കാന്‍ പല ടീമുകളും കാത്തിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മുംബൈ മെഗാ ലേലത്തിലേക്കെത്താതെ ബുംറയെ ടീമില്‍ നിലനിര്‍ത്താനുള്ള നീക്കങ്ങളാണ് നടത്തുന്നത്. എന്നാല്‍ ബുംറ ഇതിന് സമ്മതിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.
ഇതിനോടകം ഇന്ത്യന്‍ ടീമിനെയടക്കം നയിക്കാന്‍ ബുംറക്കായിട്ടുണ്ട്. എന്നാല്‍ സ്ഥിരം നായകനാവാനുള്ള അവസരം ബുംറക്ക് ലഭിച്ചിട്ടില്ല. ഇനി ലഭിക്കാനുള്ള സാധ്യതയും കുറവാണ്. പൊതുവേ ബൗളര്‍മാരെ നായകന്മാരാക്കാന്‍ ഒരു ടീമും താല്‍പര്യപ്പെടാറില്ല. വിദേശ ടീമുകള്‍ ഇതിനോടകം പേസര്‍മാരെ നായകന്മാരാക്കി മികവ് കാട്ടിയിട്ടുണ്ട്.
എന്നാല്‍ ഇന്ത്യ ഇതിന് ധൈര്യം കാട്ടുന്നില്ല. നിലവിലെ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് പേസ് ബൗളറാണ്. ഇത്തരത്തില്‍ പല ടീമുകളും നായകന്മാരായി ബൗളര്‍മാരെ കൊണ്ടുവരുമ്പോഴും ഇന്ത്യ ഇത്തരമൊരു മാറ്റത്തിന് തയ്യാറാവുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.