ഐപിഎല്ലില്‍ ഇതുവരെ കിരീടഭാഗ്യമുണ്ടായിട്ടില്ലാത്ത ടീമുകളിലൊന്നാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. പ്രഥസ സീസണ്‍ മുതല്‍ ഇതുവരെയുള്ള 17 സീസണുകളിലും കളിച്ചിട്ടും ഡിസിക്കു ഫൈനലിലെത്താനായത് ഒരേയൊരു തവണ മാത്രം. അന്നു മുംബൈ ഇന്ത്യന്‍സിനു മുന്നില്‍ കിരീടം അടിയറ വയ്ക്കുകയും ചെയ്തു.
ഇത്തവണ പുതിയ ക്യാപ്റ്റനു കീഴില്‍ പുത്തന്‍ ലുക്കിലാണ് ഡിസിയെത്തുന്നത്. കിട്ടാക്കനിയായി നില്‍ക്കുന്ന ഐപിഎല്‍ ട്രോഫി അക്ഷര്‍ പട്ടേലിന്റെ ക്യാപ്റ്റന്‍സിയില്‍ നേടിയെടുക്കാമെന്ന ശുഭ പ്രതീക്ഷയിലാണ് അവര്‍.
പുതിയ സീസണിനു മുന്നോടിയായുള്ള പരിശീലന മല്‍സരങ്ങളില്‍ ഡിലി താരങ്ങള്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഇന്‍ട്രാ സ്‌ക്വാഡ് പരിശീലന മല്‍സരത്തില്‍ സമീര്‍ റിസ്വി ഡിസിക്കായി തകര്‍പ്പന്‍ സെഞ്ച്വറി കുറിച്ചിരുന്നു. ഇപ്പോഴിതാ ഓസ്‌ട്രേലിയയുടെ യുവ ഓപ്പണര്‍ ജാക്ക് ഫ്രേസര്‍ മഗ്യുര്‍ക്ക്ും സെഞ്ച്വറിയുമായി കസറിയിരിക്കുകയാണ്.

തീപ്പൊരിയായി മഗ്യുര്‍ക്ക്
കഴിഞ്ഞ സീസണിലെ ഐപിഎല്ലിലെ കണ്ടെത്തലുകളിലൊന്നായിരുന്നു ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരം ജാക്ക് ഫ്രേസര്‍ മഗ്യുര്‍ക്ക്. തീപ്പൊരി ഇന്നിങ്‌സുകളുമായി ടൂര്‍ണമെന്റിലെ സെന്‍സേഷനായി അദ്ദേഹം മാറുകയും ചെയ്തു. ഈ സീസണിലും സമീനമായ ബാറ്റിങ് വിസ്‌ഫോടനങ്ങള്‍ക്കു താന്‍ തയ്യാറായിക്കഴിഞ്ഞുവെന്നു പരിശീലന മല്‍സരത്തില്‍ കാണിച്ചു തന്നിരിക്കുകയാണ് മഗ്യുര്‍ക്ക്.
വിശാഖപട്ടണു നടന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പരിശീലന മല്‍സരത്തിലാണ് താരം അതിവേഗ സെഞ്ച്വറി കണ്ടെത്തിയത്. മൂന്നക്കത്തിലെത്താന്‍ അദ്ദേഹത്തിനു വെറും 37 ബോളുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. മഗ്യുര്‍ക്കിന്റെ ഈ ഇടിവെട്ട് ബാറ്റിങ് പ്രകടനം ഡിസി ടീമിനെ വലിയ ആവേശത്തിലാക്കിയിരിക്കുകയാണ്.
അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരമായ സമീര്‍ റിസ്വിയുടെ സെഞ്ച്വറിക്കു പിന്നാലെയാണ് ഇപ്പോള്‍ മുന്‍നിരയില്‍ മഗ്യുര്‍ക്കും സെഞ്ച്വറി കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മറ്റൊരു പരിശീലനത്തില്‍ 106 റണ്‍സോടെ റിസ്വി പുറത്താവാതെ നിന്നിരുന്നു. ഈ പ്രകടനത്തോടെ ഡിസിയുടെ പ്ലെയിങ് ഇലവനിലേക്കും ഉത്തര്‍ പ്രദേശില്‍ നിന്നുള്ള താരം അവകാശവാദമുന്നയിച്ചിരിക്കുകയാണ്.
പക്ഷെ റിസ്വിക്കു ഡിസിയുടെ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുമോയെന്ന കാര്യം സംശയമാണ്. കാരണം പ്ലെയിങ് ഇലവനില്‍ ആരൊക്കെ വേണമെന്ന കാര്യത്തില്‍ ഡിസിക്കു മുന്നില്‍ ചിത്രം തെളിഞ്ഞു കളിഞ്ഞു. അതില്‍ റിസ്വിക്കു ഇടമില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. എങ്കിലും ബാറ്റിങില്‍ ഇംപാക്ട് പ്ലെയറായി അദ്ദേഹത്തെ കളിപ്പിക്കുന്നതിനെ കുറിച്ച് ഡിസി ചിന്തിക്കാനിടയുണ്ട്.
മഗ്യുര്‍ക്കിന്റെ ഐപിഎല്‍ കരിയര്‍
ജാക്ക് ഫ്രേസര്‍ മഗ്യുര്‍ക്കിന്റെ ഐപിഎല്‍ കരിയറിലേക്കു വന്നാല്‍ ഓസ്‌ട്രേലിയക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നതിനു മുമ്പാണ് താരം കഴിഞ്ഞസീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കുപ്പായമണിഞ്ഞത്. ആദ്യ സീസണില്‍ തന്നെ ടൂര്‍ണമെന്റില്‍ വരവറിയിക്കാന്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ക്കു സാധിക്കുകയും ചെയ്തു.

ഒമ്പതു മല്‍സങ്ങളിലാണ് ഡിസിക്കു വേണ്ടി കളിക്കാന്‍ മഗ്യുര്‍ക്കിനു അവസരം ലഭിച്ചത്. ഇവയില്‍ നിന്നും 330 റണ്‌സും താരം അടിച്ചെടുത്തു. നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളുള്‍പ്പെടെയായിരുന്നു ഇത്. ഉയര്‍ന്ന സ്‌കോര്‍ 84 റണ്‍സായിരുന്നു. ഐപിഎല്ലിലെ പ്രകടനത്തിനു പിന്നാലെ ഓസ്‌ട്രേലിയന്‍ ടീമിലേക്കും മഗ്യുര്‍ക്കിനു വിളിയെത്തുകയും ചെയ്തു.
ഈ സീസണില്‍ ടീമിനായി കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് മഗ്യുര്‍ക്ക്. താരം മുന്‍നിരയില്‍ റണ്‍വേട്ട നടത്തിയാല്‍ ഡിസി ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലിനു കാര്യങ്ങള്‍ എളുപ്പമായി മാറുകയും ചെയ്യും.