ഗുവാഹത്തി: ഐപിഎല്ലിന്റെ 18ാം സീസണിലെ പോരാട്ടങ്ങള്‍ രണ്ടാം റൗണ്ടിലേക്കു കടന്നപ്പോള്‍ ആരാകരെ ഏറ്റവുമധികം നിരാശപ്പെടുത്തിയിരിക്കുന്നത് മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സാണ്. അവസാനത്തെ മൂന്നു സീസണുകളില്‍ ഒരു തവണ റണ്ണറപ്പും ഒരു തവണ പ്ലേഓഫിലുമെത്തിയ റോയല്‍സ് ഇത്തവണയും മിന്നിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ രണ്ടു തുടര്‍ തോല്‍വികളുമായി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നില്‍ക്കുകയാണ് റോയല്‍സ് ടീം
അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ഞായറാഴ്ചയാണ് റോയല്‍സിന്റെ അടുത്ത പോരാട്ടം. ഹാട്രിക്ക് പരാജയമൊഴിവാക്കി ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തുകയായിരിക്കും റോയല്‍സിന്റെ ലക്ഷ്യം. പക്ഷെ അതിനു സാധിക്കണമെങ്കില്‍ റോയല്‍സ് ടീമില്‍ ചില അഴിച്ചുപണികള്‍ ഉറപ്പായും ആവശ്യമാണ്. ചെന്നൈയ്‌ക്കെതിരേ റോയല്‍സിന്റെ ഏറ്റവും ശക്തമായ പ്ലെയിങ് 11 എങ്ങനെയാണെന്നു നോക്കാം.

ടോപ്പ് ത്രീ മാറണം
ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും കളിച്ച ടീം കോമ്പിനേഷനില്‍ രാജസ്ഥാന്‍ റോയല്‍സ് മാറ്റം വരുത്തേണ്ടത് ആവശ്യമാണ്. പുതിയ ടോപ്പ് ത്രീയെ അടുത്ത കളിയില്‍ അവര്‍ പരീക്ഷിക്കണം. സഞ്ജു സാംസണ്‍- യശസ്വി ജയ്‌സ്വാള്‍ ജോടിയാണ് ടീമിനായി കഴിഞ്ഞ രണ്ടു കളിയിലും ഓപ്പണ്‍ ചെയ്തത്. മൂന്നാമനായി താല്‍ക്കാലിക ക്യാപ്റ്റന്‍ റിയാന്‍ പരാഗും ബാറ്റ് ചെയ്തിരുന്നു.
എന്നാല്‍ സിഎസ്‌കെയ്‌ക്കെതിരേ സഞ്ജു തന്റെ പഴയ ബാറ്റിങി പൊസിഷനായ മൂന്നിലേക്കു മടങ്ങിപ്പോവണം. പകരം ഓപ്പണിങിലേക്കു 14 കാരനായ ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവന്‍ഷിയെ കൊണ്ടുവരണം. സീസണിനു മുന്നോടിയായുള്ള പരിശീലന മല്‍സരങ്ങളില്‍ തകര്‍പ്പന്‍ ബാറ്റിങാണ് ഇടംകൈയന്‍ ബാറ്റര്‍ കാഴ്ചവച്ചത്. അതുകൊണ്ടു തന്നെ സിഎസ്‌കെയ്‌ക്കെതിരേ വൈഭവിനെ കയറൂരി വിടണം.
{embed-poll}
നേരത്തേ റോയല്‍സില്‍ സഞ്ജു ഏറ്റവും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളത് മൂന്നാമനായിട്ടാണ്. ഇത്തവണയും അതാവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു കഴിയും. മാത്രമല്ല ടീമിനു തുടക്കത്തില്‍ വിക്കറ്റ് നഷ്ടമായാല്‍ ആങ്കറുടെ റോള്‍ ഏറ്റെടുത്ത് മികച്ച ഇന്നിങ്‌സുമായി ടീമിനെ തിരികെ കൊണ്ടുവരാനും സഞ്ജുവിനു സാധിക്കും.
മധ്യനിരയില്‍ ആരെല്ലാം?
രാജസ്ഥാന്‍ റോല്‍സിനായി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനുള്ള റിയാന്‍ പരാഗിന്റെ തീരുമാനം കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും പാളിയിരുന്നു. അദ്ദേഹത്തിനു കൂടുതല്‍ അനുയോജ്യമായ നമ്പര്‍ നാലാണ്. കഴിഞ്ഞ സീസണില്‍ 550ന് മുകളില്‍ നേടി പരാഗ് ടീമിന്റെ ടോപ്‌സ്‌കോററായും നാലാമനായി ഇറങ്ങിയാണ്. സിഎസ്‌കെയ്‌ക്കെതിരേ ഈ പൊസിഷനില്‍ തന്നെ അദ്ദേഹം കളിക്കണം.
വന്‍ ഫ്‌ളോപ്പായ നിതീഷ് റാണയെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റി നിര്‍ത്താം. പകരം അഞ്ചാം നമ്പറില്‍ കളിക്കേണ്ടത് ധ്രുവ് ജുറേലാണ്. ഇതിനേക്കാള്‍ താഴെ അദ്ദേഹത്തെ ബാറ്റ് ചെയ്യിക്കാതിരിക്കുന്നതാവും നല്ലത്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും റോയല്‍സ് നിരയില്‍ ഏറ്റവും മികച്ച ബാറ്റിങ് കാഴ്ചവച്ചത് ജുറേലാണ്. ആറാമനായി ഷിംറോണ്‍ ഹെറ്റ്‌മെയറാണുള്ളത്. പിന്നില്‍ ഏഴാമനായി ശുഭം ദുബെയാണ് കളിക്കാനിറങ്ങേണ്ടത്. ടീമിന്റെ ഫിനിഷര്‍ റോളും അദ്ദേഹത്തില്‍ ഭദ്രമാണ്.

ബൗളിങ് ലൈനപ്പ്
എട്ടാം നമ്പറില്‍ ശ്രീലങ്കയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയുടെ ഊഴമായിരിക്കും. ബൗളിങിനൊപ്പം ബാറ്റിങിലും നിര്‍ണായക ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം. ഒമ്പതാമനായി ശ്രീലങ്കയുടെ തന്നെ സ്പിന്നറായ മഹീഷ് തീക്ഷണയ്ക്കു പകരം കുമാര്‍ കാര്‍ത്തികേയയെ റോയല്‍സ് കളിപ്പിക്കണം.
തീക്ഷണയേക്കാള്‍ നന്നായി പന്തെറിയാന്‍ അദ്ദേഹത്തിനു കഴിഞ്ഞേക്കും. 10,11 സ്ഥാനങ്ങളില്‍ രണ്ടു പേസര്‍മാരെയാണ് ആവശ്യം. തല്ലുകൊള്ളിയായ ജോഫ്ര ആര്‍ച്ചറിനെ പുറത്തിരുത്തി ഇന്ത്യന്‍ പേസര്‍ ആകാശ് മധ്വാളിനെ പ്ലെയിങ് ഇലവനില്‍ പരീക്ഷിക്കണം. ടീമിലെ മറ്റൊരു പേസര്‍ സന്ദീപ് ശര്‍മയുമാണ്.
ചെന്നൈക്കെതിരേ റോയല്‍സിന്റെ ബെസ്റ്റ് 11
യശസ്വി ജയ്‌സ്വാള്‍, വൈഭവ് സൂര്യവന്‍ഷി, സഞ്ജു സാംസണ്‍, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ശുഭം ദുബെ, വനിന്ദു ഹസരംഗ, കുമാര്‍ കാര്‍ത്തികേയ, ആകാശ് മധ്വാള്‍, സന്ദീപ് ശര്‍മ.