ഐപിഎല്ലിന്റെ 18ാം സീസണിലേക്കുള്ള മല്‍സരക്രമം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ക്രിക്കറ്റ് പ്രേമികള്‍ വലിയ ആവേശത്തിലാണ്. മാര്‍ച്ച് 22നാണ് നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള പോരാട്ടത്തോടെ പൂരത്തിനു കൊടിയേറുക.
ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള സീസണുകളെടുത്താല്‍ പല ഗംഭീര ബാറ്റിങ് പ്രകടനങ്ങളും നമുക്കു കാണാന്‍ സാധിക്കും. അക്കൂട്ടത്തില്‍ ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കാനിടയില്ലാത്ത ചില തീപ്പൊരി ഫിഫ്റ്റികളുമുണ്ട്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗമേറിയ ഫിഫ്റ്റികള്‍ നേടി എലൈറ്റ് ക്ലബ്ബില്‍ ഇടം നേടിയിട്ടുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

തലപ്പത്ത് ജയ്‌സ്വാള്‍
ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന ഓള്‍ടൈം റെക്കോര്‍ഡ് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറും ഇന്ത്യന്‍ ബാറ്റിങ് സെന്‍സേഷനുമായ യശസ്വി ജയ്‌സ്വാളിനു അവകാശപ്പെട്ടതാണ്. വെടിക്കെട്ട് ബാറ്ററായ അദ്ദേഹം വെറും 13 ബോളിലാണ് തന്റെ ഫിഫ്റ്റിയിലേക്കു കുതിച്ചെത്തിയത്.
2023ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള പോരാട്ടത്തിലായിരുന്നു ജയ്‌സ്വാളിന്റെ മിന്നല്‍ ഫിഫ്റ്റി. പവര്‍പ്ലേയുടെ ആനുകൂല്യം ശരിക്കും മുതലെടുത്ത ജയ്‌സ്വാള്‍ ആദ്യ ബോള്‍ മുതല്‍ കെകെആര്‍ ബൗളര്‍മാര്‍ക്കു മേല്‍ കത്തിക്കയറുകയായിരുന്നു. സ്വന്തം പേരിലുള്ള ഈ റെക്കോര്‍ഡ് വരും സീസണുകണില്‍ തിരുത്താന്‍ ശേഷിയുള്ള ബാറ്റര്‍ കൂടിയാണ് ജയ്‌സ്വാള്‍.
തൊട്ടുപിന്നാലെ രാഹുല്‍
യശസ്വി ജയ്‌സ്വാളിനു തൊട്ടുതാഴെ രണ്ടാംസ്ഥാനത്തുള്ളത് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലാണ്. 14 ബോളുകളില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ അര്‍ധ സെഞ്ച്വറി നേട്ടം. 2018ലെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി കളിക്കവെയായിരുന്നു രാഹുലിന്റെ സ്‌ഫോടനാത്മക ഇന്നിങ്‌സ്.
ഡല്‍ഹി ക്യാപ്പിറ്റല്‍സ് ബൗളിങ് നിരയാണ് അദ്ദേഹത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്. 2018 മുതല്‍ 22 വരെയുള്ള സീസണുകളില്‍ ഐപിഎല്ലിലെ അതിവേഗ ഫിഫ്റ്റിക്കാരനെന്ന റെക്കോര്‍ഡ് രാഹുല്‍ കാത്തുസൂക്ഷിച്ചെങ്കിലും 2023ല്‍ ജയ്‌സ്വാളിനു മുന്നില്‍ വഴി മാറിക്കൊടുക്കുകയായിരുന്നു. പുതിയ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കുപ്പായം ആദ്യമായി അണിയാന്‍ തയ്യാറെടുക്കുകയാണ് അദ്ദേഹം.

സര്‍പ്രൈസ് താരമായി കമ്മിന്‍സ്
അതിവേഗ ഫിഫ്റ്റിക്കാരുടെ ലിസ്റ്റില്‍ ഒരു സര്‍പ്രൈസ് താരം കൂടിയുണ്ട്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ഫാസ്റ്റ് ബൗളറുമായ പാറ്റ് കമ്മിന്‍സാണ് ലിസ്റ്റിലെ മൂന്നാമന്‍. കിടിലന്‍ ബൗളിങിലുടെ വിക്കറ്റുകളെടുക്കാന്‍ മാത്രമല്ല ഇടിവെട്ട് ബാറ്റിങും കാഴ്ചവയ്ക്കാന്‍ തനിക്കാവുമെന്നു അദ്ദേഹം തെളിയിച്ചത് 2022ലാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി കളിക്കവെ 14 ബോളുകളിലാണ് കമ്മിന്‍സ് ഫിഫ്റ്റി കണ്ടെത്തിയത്.
ഇതോടെ കെഎല്‍ രാഹുലിന്റെ റെക്കോര്‍ഡിനൊപ്പവും അദ്ദേഹമെത്തി. കരുത്തരായ മുംബൈ ഇന്ത്യന്‍സിനെയാണ് അന്നു അവിശ്വസനീയ ബാറ്റിങ് പ്രകടനത്തിലൂടെ കമ്മിന്‍സ് സ്തബ്ധാക്കിയത്. ബാറ്ററെന്ന നിലയില്‍ തന്റെ മറ്റൊരു മുഖം അദ്ദേഹം ഈ ഇന്നിങ്‌സിലൂടെ ലോകത്തിനു കാണിച്ചു കൊടുക്കുകയും ചെയ്തു. അതിനു ശേഷമോ, മുമ്പോ ഇതുപോലെയൊരു ബാറ്റിങ് വെടിക്കെട്ട് കമ്മിന്‍സില്‍ നിന്നും കാണാനായിട്ടില്ലെന്നു തന്നെ പറയാം.
യൂസുഫും നരെയ്‌നും
വേഗമേറിയ ഫിഫ്റ്റിക്കാരുടെ ടോപ്പ് ഫൈവില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാനും വെസ്റ്റ് ഇന്‍ഡീസിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നുമാണ്. ഇരുവരും 15 ബോളുകള്‍ വീതം നേരിട്ടാണ് ഫിഫ്ഫ്റ്റിയിലെത്തിയത്.
2014ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി കളിക്കവെയായിരുന്നു യൂസുഫിന്റെ കിടിലന്‍ പ്രകടനം. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള പോരാട്ടത്തിലായിരുന്നു ഉത്.
എന്നാല്‍ 2017ലാണ് 15 ബോളില്‍ നിന്നും ഫിഫ്റ്റി കണ്ടെത്തിയ നരെയ്ന്‍ യൂസുഫിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയത്. കൊല്‍ക്കത്ത വനൈറ്റ്‌റൈഡേഴ്‌സ് താരമായ അദ്ദേഹം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗംളൂരു ടീമിന്റെ ബൗളിങ് നിരയെ കശാപ്പ് ചെയ്യുകയായിരുന്നു.