രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഐപിഎല്ലില്‍ ഫ്‌ളോപ്പ് ഷോ തുടരുന്ന ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെതിരേ രൂക്ഷ വിമര്‍ശനവുമായി പാകിസ്താന്റെ മുന്‍ താരം ബാസിത് അലി. ഒരു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ മാറ്റി നിര്‍ത്തിയാല്‍ സീസണില്‍ കളിച്ച ശേഷിച്ച നാലു മല്‍സരങ്ങളിലും അദ്ദേഹം ബാറ്റിങില്‍ ക്ലിക്കായില്ല. ഗുജറാത്ത് ടൈറ്റന്‍സുമായി കഴിഞ്ഞ ദിവസം രാത്രി നടന്ന കളിയില്‍ ഒറ്റയക്ക സ്‌കോറിനാണ് ജയ്‌സ്വാള്‍ പുറത്തായത്.
റണ്‍ചേസില്‍ റോയല്‍സ് 58 റണ്‍സിന്റെ വന്‍ തോല്‍വിയേറ്റു വാങ്ങിയ പോരാട്ടത്തില്‍ വെറും ആറു റണ്‍സാണ് താരത്തിനു നേടാനായത്. വിവാദ താരവും ഇന്ത്യയുടെ മുന്‍ ഓപ്പണറുമായ പൃഥ്വി ഷായുടെ വഴിയെ ആണ് ജയ്‌സ്വാള്‍ പോവുന്നതെന്ന സംശയമാണ് അലി പ്രകടിപ്പിച്ചിരിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രിക്കറ്റില്‍ ശ്രദ്ധയില്ല
ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ വിട്ട് യശസ്വി ജയ്‌സ്വാള്‍ അടുത്ത സീസണില്‍ ഗോവയിലേക്കു മാറുകയാണെന്നു അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ തീരുമാവം വ്യക്തിപരമാണെന്നാണ് ജയ്‌സ്വാള്‍ പറഞ്ഞതെങ്കിലും അതല്ലെന്നതാണ് പിന്നീട് വന്ന വാര്‍ത്തകള്‍. മുംബൈ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുമായുള്ള ഉടക്കാണ് താരത്തെ ഇതിനു പ്രേരിപ്പിച്ചതെന്നാണ് വിവരം.
ഐപിഎല്ലിനിടെ തന്നെ മുംബൈയില്‍ നിന്നും ഗോവയിലേക്കുള്ള ഈ കൂടുമാറ്റം ജയ്‌സ്വാളിന്റെ പ്രകടനത്തെയും ബാധിച്ചിട്ടുണ്ടെന്നാണ് ബാസിത് അലിയുടെ വിലയിരുത്തല്‍. നേരത്തേ വസീം ജാഫറിന്റെയും ഫോമിനെ ഈ തരത്തിലുള്ള കൂടുമാറ്റം ബാധിച്ചതായും ജയ്‌സ്വാളിനും ഇതാവാം തിരിച്ചടിയായതെന്നും അദ്ദേഹം പറയുന്നു.
ജയ്‌സ്വാളിന്റെ വയര്‍ നിറഞ്ഞിരിക്കുകയായാണ്. അവന്‍ ഇപ്പോള്‍ ക്രിക്കറ്റില്‍ ശ്രദ്ധിക്കുകയും ചെയ്യുന്നില്ല. ഇതു എന്റെ തുറന്ന ഒരു സന്ദേശമാണ്- ക്രിക്കറ്റ് നിങ്ങളെ ഒരുപാട് കരയിക്കും. പൃഥ്വി ഷായെ നോക്കൂ. ക്രിക്കറ്റിനെ ഇഷ്ടപ്പെടുകയും പാഷന്‍ കൊണ്ടു വരികയും ചെയ്യൂവെന്നും ജയ്‌സ്വാളിനെ അലി ഉപദേശിക്കുകയും ചെയ്യുന്നു.
ജയ്‌സ്വാളിന്റെ പ്രകടനം
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി മികച്ച ഫോമില്‍ കളിക്കവെയാണ് യശസ്വി ജയ്‌സ്വാള്‍ ഐപിഎല്ലില്‍ കളിക്കാനെത്തിയത്. അതുകൊണ്ടു തന്നെ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി അദ്ദേഹം വലിയ റണ്‍വേട്ട നടത്തുമെന്നും എല്ലാവരും ഉറപ്പിച്ചു. പക്ഷെ സീസണില്‍ അഞ്ചു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ബാറ്റിങില്‍ ജയ്‌സ്വാള്‍ വന്‍ പരാജയമയി മാറിയിരിക്കുകയാണ്.
അഞ്ചു മല്‍സരങ്ങളില്‍ നിന്നും 21.40 ശരാശരിയില്‍ 127.38 സ്‌ട്രൈക്ക് റേറ്റില്‍ വെറും 107 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. പഞ്ചാബ് കിങ്‌സുമായുള്ള മല്‍സരത്തില്‍ നേടിയ 67 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ ശേഷിച്ച നാലിന്നിങ്‌സുകളിലും ജയ്‌സ്വാള്‍ നിരാശപ്പെടുത്തി. 1, 29, 4, 6 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോറുകള്‍.

അതേസമയം, ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ കൂടിയായ പൃഥ്വി ഷാ ഇപ്പോള്‍ ഐപിഎല്ലില്‍ നിന്നു പോലും അപ്രത്യക്ഷനായിരിക്കുകയാണ്. കഴിഞ്ഞ മെഗാ ലേലത്തില്‍ അദ്ദേഹം അണ്‍സോള്‍ഡാവുകയായിരുന്നു. ശുഭ്മന്‍ ഗില്ലുള്‍പ്പെട്ട ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെയാണ് പൃഥ്വി നേരത്തേ ലോക ചാംപ്യന്‍മാരാക്കിയത്.
ഗില്‍ ഇപ്പോള്‍ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിച്ചു കൊണ്ടിരിക്കുമ്പോള്‍ പൃഥ്വിയെ ഒരു ടീമിനു പോലും വേണ്ടെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. കളിക്കളത്തിനു പറത്തെ വിവാദങ്ങളും ക്രിക്കറ്റിനോടുള്ള പാഷന്‍ കുറഞ്ഞതും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമെല്ലാമാണ് അദ്ദേഹത്തിന്റെ കരിയര്‍ തകര്‍ത്തത്.