ഐപിഎല്ലിന്റെ 18ാം സീസണില്‍ വീണ്ടുമൊരു പരാജയം നേരിട്ടതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ തുലാസിലായിരിക്കുകയാണ്. ഏഴു കളിയില്‍ നിന്നും നാലു പോയിന്റ് മാത്രമുള്ള റോയല്‍സ് ഇപ്പോള്‍ എട്ടാമതാണ്. ശേഷിച്ച ഏഴു മല്‍സരങ്ങളില്‍ ആറെണ്ണമെങ്കിലും ജയിക്കാനായാല്‍ മാത്രമേ റോയല്‍സിനു ഇനി പ്ലേഓഫ് ഉറപ്പുള്ളൂ. അതുകൊണ്ടു ഇനി നടക്കാനിരിക്കുന്ന മല്‍സരങ്ങളെല്ലാം തന്നെ സഞ്ജു സാംസണിനും സംഘത്തിനും ജീവന്‍മരണ പോരാട്ടങ്ങളാണ്.
സീസണ്‍ നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കെയാണ് രാജസ്ഥാന്‍ റോയല്‍സിനെതിരായ അവസാന മല്‍സരത്തില്‍ സഞ്ജുവിനു പരിക്കേറ്റത്. ബാറ്റിങിനിടെ ബോള്‍ അദ്ദേഹത്തിന്റെ വാരിയെല്ലില്‍ ശക്തമായി ഇടിക്കുകയായിരുന്നു. കടുത്ത വേദന കാരണം അസ്വസ്ഥത പ്രകടിപ്പിച്ച സഞ്ജു പിന്നീട് ബാറ്റിങ് തുടരാതെ റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയുമായിരുന്നു.
ശനിയാഴ്ച രാത്രി ഹോംഗ്രൗണ്ടായ ജയ്പൂരില്‍ റിഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായാണ് റോയല്‍സിന്റെ അടുത്ത പോരാട്ടം. ഈ മല്‍സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും റോയല്‍സ് ലക്ഷമിടുകയും ചെയ്യുന്നില്ല. പക്ഷെ ഈ കളിയില്‍ സഞ്ജു കളിക്കുമോയെന്ന കാര്യം ഇനിയും ഉറപ്പില്ല. അദ്ദേഹം പിന്‍മാറുകയാണെങ്കില്‍ റോയല്‍സിന്റെ ബെസ്റ്റ് 11 എങ്ങനെയാവുമെന്നു നോക്കാം.

ടോപ്പ് ത്രീ
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ പുതിയൊരു ടോപ്പ് ത്രീയെ ആയിരിക്കും രാജസ്ഥാന്‍ റോയല്‍സില്‍ കാണാനാവുക. സഞ്ജു സാംസണിനു കളിക്കാനായില്ലെങ്കില്‍ ഓപ്പണിങിലേക്കു പുതിയൊരാളെ അവര്‍ക്കു കൊണ്ടു വരേണ്ടതായി വരും. ഇനിയും ഐപിഎല്ലില്‍ അരങ്ങേറിയിട്ടില്ലാത്ത കൗമാര താരം വൈഭവ് സൂര്യവന്‍ഷിക്കായിരിക്കും ഈ റോളിലേക്കു നറുക്കുവീഴുക. മെഗാ ലേലത്തില്‍ ടീമിനൊപ്പം ചേര്‍ന്ന 14 കാരന്‍ നെറ്റ്‌സില്‍ തകര്‍പ്പന്‍ പ്രകചനമാണ് നടത്തുന്നത്.
ഇംഗ്ലണ്ടിന്റെ സൂപ്പര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറെയടക്കം വൈഭവ് അടിച്ചു പറത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ റോയല്‍സ് തന്നെ പങ്കു വയ്ക്കുകയും ചെയ്തിരുന്നു. ഐപിഎല്ലിനു താരം പൂര്‍ണമായി സജ്ജനായി കഴിഞ്ഞതായി നെറ്റ്‌സിലെ ഈ പ്രകടനം ശരിവയ്ക്കുകയും ചെയ്തിരുന്നു. വൈഭവും മറ്റൊരു വെടിക്കെട്ട് താരമായ യശസ്വി ജയ്‌സ്വാളും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഐപിഎല്ലില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്.
റോയല്‍സിനായി മൂന്നാം നമ്പറില്‍ കളിക്കേണ്ടത് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് റാണയാണ്. ഈ സീസണില്‍ ടീമിനൊപ്പം ചേര്‍ന്ന അദ്ദേഹത്തിനു കൃത്യമായൊരു ബാറ്റിങ് പൊസിഷന്‍ നല്‍കിയിട്ടില്ല. മൂന്നു മുതല്‍ ആറു വരെ നമ്പറുകളില്‍ റാണ ബാറ്റ് ചെയ്തു കഴിഞ്ഞു. പക്ഷെ അദ്ദേഹത്തിനു ഏറ്റവും അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ മൂന്നാണ്. അതിനാല്‍ ഇനി ശേഷിക്കുന്ന മല്‍സരങ്ങളിലെല്ലാം റാണയെ ഇവിടെ തന്നെ ബാറ്റ് ചെയ്യിക്കണം.
മധ്യനിര, ബൗളിങ് ലൈനപ്പ്
രാജസ്ഥാന്‍ റോയല്‍സിന്റെ മധ്യനിരയിലേക്കു വന്നാല്‍ നാലാം നമ്പറില്‍ കളിക്കുക ക്യാപ്റ്റന്‍ റിയാന്‍ പരാഗായിരിക്കും. ഈ സീസണില്‍ മൂന്ന്, നാല് പൊസിഷനുകളിലെല്ലാം അദ്ദേഹം ഇതിനകം ബാറ്റ് ചെയ്തു കഴിഞ്ഞു. എവിടെയും എടുത്തു പറയത്തക്ക ഇന്നിങ്‌സുകളിലൊന്നും പരാഗ് കളിച്ചിട്ടുമില്ല. എങ്കിലും നാലാണ് അദ്ദേഹത്തിനു ബെസ്‌റ്റെന്നു കഴിഞ്ഞ സീസണിലെ പ്രകടനം തെളിയിക്കുന്നു.
പരാഗ് കഴിഞ്ഞാല്‍ അഞ്ചാം നമ്പറില്‍ ധ്രുവ് ജുറേലാണ്. സഞ്ജു സാംസണിന്റെ അഭാവത്തില്‍ ടീമിന്റെ വിക്കറ്റ് കീപ്പറും അദ്ദേഹമായിരിക്കും. മികച്ച ചില ഇന്നിങ്‌സുകള്‍ ജുറേല്‍ ഈ സീസണില്‍ കാഴ്ചവച്ചിട്ടുണ്ട്. ആറാമനായി ബാറ്റ് ചെയ്യുക വെസ്റ്റ് ഇന്‍ഡീസിന്റെ ഇടംകൈയന്‍ ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയറായിരിക്കും. ടീമിന്റെ ഫിനിഷിങ് ദൗത്യവും അദ്ദേഹത്തിനു തന്നെയാണ്.

ഏഴാമനായി സീം ബൗളിങ് ഓള്‍റൗണ്ടര്‍ യുധ്വീര്‍ സിങിനെ റോയല്‍സിനു പരീക്ഷിക്കാം. ബാറ്റിങിലും ഭേദപ്പെട്ട സംഭാവനകള്‍ച നടത്താന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. എട്ടാമനായി ശ്രീലങ്കയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗ കളിക്കും. അദ്ദേഹത്തിന്റെ സാന്നിധ്യം റോയല്‍സ് ബാറ്റിങ് നിരയുടെ ആഴവും കൂട്ടും. തുടര്‍ന്നു പേസര്‍മാരുടെ ഊമായിരിക്കും. ജോഫ്ര ആര്‍ച്ചര്‍ ചുക്കാന്‍ പിടിക്കുന്ന പേസ് നിരയില്‍ സന്ദീപ് ശര്‍മ, ആകാശ് മധ്വാള്‍ എന്നിവരും പന്തെറിയും.
രാജസ്ഥാന്‍ റോയല്‍സ് ബെസ്റ്റ് 11
യശസ്വി ജയ്‌സ്വാള്‍, വൈഭവ് സൂര്യവന്‍ഷി, നിതീഷ് റാണ, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, യുധ്വീര്‍ സിങ്, വനിന്ദു ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍, സന്ദീപ് ശര്‍മ, ആകാശ് മധ്വാള്‍.