ഐപിഎല്ലിന്റെ 18ാം സീസണിലെ ചാപ്യന്‍മാരെ അറിയാന്‍ ഇനി വെറും നാലു മല്‍സരങ്ങളുടെ ദൂരം മാത്രം. ഇതുവരെ കിരീടമധുരം നുണഞ്ഞിട്ടില്ലാത്ത റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ് എന്നിവര്‍ക്കൊപ്പം അഞ്ചു തവണ ചാംപ്യന്‍മാരാ. മുംബൈ ഇന്ത്യന്‍സും ഒരു തവണ കിരീടമുയര്‍ത്തിയ ഗുജറാത്ത് ടൈറ്റന്‍സുമാണ് ഇപ്പോള്‍ പോര്‍ക്കളത്തിലുള്ളത്.
മികച്ച താരങ്ങളുണ്ടായിട്ടും ആറു ടീമുകള്‍ക്കു ഇത്തവണ കിരീചനേട്ടമില്ലാതെ വെറുംകൈയോടെ സീസണ്‍ അവസാനിപ്പിക്കേണ്ടി വന്നു. എന്നാല്‍ ഈ ടീമുകളില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചിട്ടുള്ള ചില താരങ്ങളെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ഈ താരങ്ങളെ ഉള്‍പ്പെടുത്തി ഒരു പുറത്തായവരുടെ ഇലവന്‍ ഇറക്കിയാല്‍ ആര്‍ക്കെല്ലാം ഇടം ലഭിക്കുമെന്നു നോക്കാം.

ടോപ്പ് ത്രീ
പുറത്തായവരുടെ ഐപിഎല്‍ ഇലവന്റെ ഓപ്പണിങ് ജോടികള്‍ മിച്ചെല്‍ മാര്‍ഷും യശസ്വി ജയ്‌സ്വാളുമാണ്. മൂന്നാം നമ്പറില്‍ നിക്കോളാസ് പുരനാണുള്ളത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി ഇറങ്ങിയ മാര്‍ഷിന്റെ കരിയര്‍ ബെസ്റ്റ് സീസണായിരുന്നു ഇത്. 13 ഇന്നിങ്സുകളില്‍ നിന്നും കന്നി സെഞ്ച്വറിയടക്കം 163,70 സ്ട്രൈക്ക് റേറ്റില്‍ അദ്ദേഹം അടിച്ചെടുത്തത് 627 റണ്‍സാണ്.
രാജസ്ഥാന്‍ റോയല്‍സ് താരമായ ജയ്‌സ്വാള്‍ തുടക്കത്തിലെ ചില മല്‍സരങ്ങളില്‍ നിരാശപ്പെടുത്തിയെങ്കിലും പിന്നീട് ഫോമിലേക്കു ഉദിച്ചുയര്‍ന്നു. 14 ഇന്നിങ്‌സുകളില്‍ നിന്നും 159.71 സ്‌ട്രൈക്ക്‌റേറ്റില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം 559 റണ്‍സാണ്. ആറു ഫിഫ്റ്റികളുള്‍പ്പെടെയാണിത്.
മാര്‍ഷിനെക്കൂടാതെ എല്‍എസ്ജിയുടെ മറ്റൊരു റണ്‍വേട്ടക്കാരനായിരുന്നു പൂരന്‍. മൂന്നാം നമ്പറിലെത്തി പല സ്‌ഫോടനാത്മക ഇന്നിങ്‌സുകളും കളിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. 13 മല്‍സരങ്ങളില്‍ നിന്നും 196.25 എന്ന ഗംഭീര സ്‌ട്രൈക്ക് റേറ്റില്‍ 524 റണ്‍സ് പൂരന്‍ അടിച്ചെടുത്തിരുന്നു. സീസണിന്റെ ആദ്യ പകുതിയിലാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്.
മധ്യനിരയില്‍ ഇവര്‍
ഇലവന്റെ മധ്യനിരയിലേക്കു വന്നാല്‍ കെഎല്‍ രാഹുല്‍, ഹെന്‍ട്രിച്ച് ക്ലാസെന്‍, ഓള്‍റൗണ്ടര്‍മാരായ അക്ഷര്‍ പട്ടേല്‍, വിപ്രാജ് നിഗം എന്നിവരെയും കാണാം. ഡല്‍ഹി ക്യാപ്പിറ്റല്‍സ് ബാറ്റിങിലെ നെടുംതൂണായി രാഹുല്‍ ഇത്തവണ മാറിയിരുന്നു. ഓപ്പണിങ് മുതല്‍ പല പൊസിഷനുകളിലും അദ്ദേഹം ഡിസിക്കായി ബാറ്റിങിന് ഇറങ്ങി.
13 ഇന്നിങ്‌സുകളില്‍ നിന്നും 149.72 സ്‌ട്രൈക്ക് റേറ്റില്‍ 539 റണ്‍സാണ് രാഹുല്‍ സ്‌കോര്‍ ചെയ്തത്. ഒരു സെഞ്ച്വറിയും ഇതിലുള്‍പ്പെടും. സീസണിന്റെ ആദ്യപകുതിയില്‍ ഡിസിയുടെ വിജയക്കുതിപ്പിനു പ്രധാന കാരണവും രാഹുലിന്റെ ഫോമായിരുന്നു.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി സൗത്താഫ്രിക്കന്‍ സൂപ്പര്‍ താരം ക്ലാസെനും നിരാശപ്പെടുത്തിയില്ല. സീസണില്‍ ടീമിന്റെ ഭൂരിഭാഗം റണ്‍സും അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നായിരുന്നു. 13 ഇ്ന്നിങ്‌സുകളിലാണ് ക്ലാസെന്‍ ബാറ്റ് ചെയ്തത്. 172.69 സ്‌ട്രൈക്ക് റേറ്റില്‍ 487 റണ്‍സും സ്‌കോര്‍ ചെയ്തു. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കമാണിത്.

ഈ ഇലവനെ നയിക്കുക ഡിസി ക്യാപ്റ്റന്‍ കൂടിയായ അക്ഷറാണ്. 11 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. 157.49 സ്‌ട്രൈക്ക് റേറ്റില്‍ 263 റണ്‍സും സ്‌കോര്‍ ചെയ്തു. പക്ഷെ ബൗളിങില്‍ അത്ര ഇംപാക്ടുണ്ടാക്കാനായില്ല. അഞ്ചു വിക്കറ്റുകളാണ് അക്ഷറിനു വീഴ്ത്താനായത്.
ഇത്തവണത്തെ ഐപിഎല്ലിലെ കണ്ടെത്തലുകളിലൊരാളാണ് ഡിസി താരം തന്നെയായ വിപ്രാജ്. 13 മല്‍സരങ്ങളില്‍ നിന്നും 11 വിക്കറ്റുകള്‍ പിഴുത അദ്ദേഹം ലോവര്‍ ഓര്‍ഡറില്‍ അഗ്രസീവ് ബാറ്റിങിലൂടെയും ഇംപാക്ട് സൃഷ്ടിച്ചു.
ബൗളിങ് നിര
ഐപിഎല്ലില്‍ നിന്നും പുറത്തായവരുടെ ബൗളിങ് ലൈനപ്പിലുള്ളത് ഖലീല്‍ അഹമ്മദ്, ഹര്‍ഷല്‍ പട്ടേല്‍, വൈഭവ് അറോറ, നൂര്‍ അഹമ്മദ് എന്നിവരാണ്. ഇവരില്‍ ഖലീലും വൈഭവുമാണ് ന്യൂബോള്‍ കൈകാര്യം ചെയ്യുക. സിഎസ്‌കെയ്ക്കു വേണ്ടി ഖലീല്‍ 14 മല്‍സരത്തില്‍ നിന്നും 15ഉം കെകെആറിനായി വൈഭവ് 12 കളിയില്‍ 17ഉം വിക്കറ്റുകള്‍ പിഴുതിരുന്നു.
എസ്ആര്‍എച്ചിന്റെ താരമായ ഹര്‍ഷലിനു 13 മല്‍സരങ്ങളില്‍ ലഭിച്ചത് 16 വിക്കറ്റുകളാണ്. ചെന്നൈയുടെ കുപ്പായത്തില്‍ നൂറും കസറി. 14 മല്‍സങ്ങളില്‍ നിന്നും 24 വിക്കറ്റുകളാണ് അഫ്ഗാന്‍ യുവ സ്പിന്നര്‍ പോക്കറ്റിലാക്കിയത്,
പുറത്തായവരുടെ ബെസ്റ്റ് 11
മിച്ചെല്‍ മാര്‍ഷ്, യശസ്വി ജയ്‌സ്വാള്‍, നിക്കോളാസ് പൂരന്‍, കെഎല്‍ രാഹുല്‍, ഹെന്‍ട്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), വിപ്രാജ് നിഗം, ഖലീല്‍ അഹമ്മദ്, ഹര്‍ഷല്‍ പട്ടേല്‍, നൂര്‍ അഹമ്മദ്, വൈഭവ് അറോറ.