ഇന്ത്യന്‍ ടീമിലെ തന്റെ സ്ഥാനം തിരിച്ചുപിടിക്കുന്നതിനായി യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ വമ്പന്‍ പടയൊരുക്കം. ഒരു സമയത്തു ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റോളിലേക്കു പോലും ഉയര്‍ന്നു വന്ന താരമാണ് അദ്ദേഹം. എന്നാല്‍ ഇപ്പോള്‍ ഇഷാനെ എല്ലാവരും മറന്ന മട്ടാണ്. 2023നു ശേഷം ദേശീയ ടീമിനായി ഒരു മല്‍സരം പോലും താരം കളിക്കുകയും ചെയ്തിട്ടില്ല.
പക്ഷെ ഇഷാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ല. വരാനിരിക്കുന്ന ഐപിഎല്‍ കഴിയുന്നതോടെ തന്റെയും സമയം തെളിയുമെന്ന ആത്മവിശ്വാസത്തിലാണ് താരം. ഈ മാസം 22നാണ് ഐപിഎല്ലിന്റെ 18ാം സീസണ്‍ ആരംഭിക്കുന്നത്. അതിനു മുന്നോടിയായുള്ള ഇഷാന്റെ ബാറ്റിങ് പരിശീലനത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
വമ്പന്‍ ഷോട്ടുകളുമായി അദ്ദേഹം ശരിക്കും കസറുകയാണ്. പുതിയ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓറഞ്ച് കുപ്പായത്തിലാണ് ഇഷാന്‍ കളിക്കാനിറങ്ങുക. കഴിഞ്ഞ സീസണിനു ശേഷം മുംബൈ ഇന്ത്യന്‍സ് കൈവിട്ടതോടെയാണ് താരം എസ്ആര്‍എച്ചിലെത്തിയത്.

അടിയുടെ പൊടിപൂരം
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെക്കാലമായി കളിച്ചിട്ടില്ലെങ്കിലും തന്റെ ബാറ്റിങിലെ ഒഴുക്കിനെ അതു ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നാണ് പരിശീലന വീഡിയോയിലൂടെ ഇഷാന്‍ കിഷന്‍ തെളിയിച്ചിരിക്കുന്നത്. ക്രീസിനു പുറത്തേക്കിറങ്ങി സിക്‌സര്‍ പായിക്കുന്ന ഇഷാനെ മാത്രമല്ല അനായാസം കട്ട് ഷോട്ടുകളും പുള്‍ ഷോട്ടുകളുമെല്ലാം കളിക്കുന്ന അദ്ദേഹത്തെ ഈ വീഡിയോയില്‍ കാണാം. പരിശീലത്തിനിടെ ബൗളര്‍മാരെ നിലത്തുനിര്‍ത്താതെയാണ് ഇഷാന്റെ അഴിഞ്ഞാട്ടം.
ഇഷാന്‍ കിഷന്റെ ബാറ്റിങ് പരിശീലനത്തിന്റെ വീഡിയോ കാണാം
വളരെ മികച്ച ടൈമിങോടെയാണ് ഗ്രൗണ്ടിന്റെ എല്ലാ മൂലയിലേക്കും താരം ഷോട്ടുകള്‍ പറത്തുന്നത്. ഇഷാന്റെ ഈ ഫോം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തീര്‍ച്ചയായും സന്തോഷിപ്പിക്കും. മുംബൈയിലേതു പോലെ എസ്ആര്‍എച്ചില്‍ അദ്ദേഹത്തിനു ഓപ്പണിങ് റോള്‍ ലഭിക്കാനിടയില്ല. കാരണം അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും അവരുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് റോള്‍ ഭദ്രമാക്കിക്കഴിഞ്ഞു. മൂന്നാമനോ, നാലാമനോ ആയിട്ടാവും ഇഷാന്‍ ബാറ്റിങിന് ഇറങ്ങിയേക്കുക.
ത്രില്ലടിച്ച് ആരാധകര്‍
ഐപിഎല്ലിനു മുന്നോടിയായുള്ള ഇഷാന്‍ കിഷന്റെ ബാറ്റിങ് പരിശീലന വീഡിയോ ആരാധകരെയും വലിയ ആവേശത്തിലാക്കിയിരിക്കുകയാണ്. ഇഷാന്‍ കിഷന്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടീമില്‍ വേണ്ട താരമാണ്. കളിയില്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന ബാറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം. ഈ ഐപിഎല്ലിലൂടെ ദേശീയ ടീമിലേക്കു ഇഷാന്റെ ശക്തമായൊരു രണ്ടാം വരവ് കാണാന്‍ സാധിക്കുമെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.
കരിയര്‍ തീര്‍ന്നെന്നു പരിഹസിച്ചവര്‍ക്കും എഴുതിത്തള്ളിയവര്‍ക്കും ഈ ഐപിഎല്ലില്‍ ബാറ്റ് കൊണ്ട് മറുപടി നല്‍കാന്‍ ഇഷാന്‍ കിഷന്‍ തയ്യാറായിക്കഴിഞ്ഞു. സണ്‍റൈസഴേ്‌സ് ഹൈദരാബാദിനായി വലിയ റണ്‍വേട്ട നടത്തി അദ്ദേഹം ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവരും. മൂന്നു ഫോര്‍മാറ്റിലും ഇന്ത്യക്കു വേണ്ടി ദീര്‍ഘകാലം കളിക്കാന്‍ ശേഷിയുള്ള വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് ഇഷാനെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
സഞ്ജു സാംസണും കെഎല്‍ രാഹുലും റിഷഭ് പന്തുമെല്ലാം സൂക്ഷിച്ചോ. ഇന്ത്യന്‍ ടീമില്‍ നിങ്ങളുടെയൊന്നും സ്ഥാനം സുരക്ഷിതമല്ല. ടീമിലെ സ്ഥാനം തിരിച്ചുപിടിക്കാന്‍ ഇഷാന്‍ കിഷന്‍ തയ്യാറായിക്കഴിഞ്ഞു. ഇതിന്റെ വെറും സൂചന മാത്രമാണ് അദ്ദേഹത്തിന്റെ പുതിയ പരിശീലന വീഡിയോയെന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കി.

ടീമിന് പുറത്തായതെങ്ങനെ?
ബിസിസിഐയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചതു കാരണമാണ് ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടീമില്‍ നിന്നും പൂര്‍ണമായും പുറത്തായത്. ദേശീയ ടീമിന്റെ ഭാഗമല്ലാത്ത സമയങ്ങളില്‍ ബിസിസിഐയുമായി കരാറുള്ള താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിര്‍ബന്ധമായും കളിക്കണമെന്നാണ് നിര്‍ദേശം.
പക്ഷെ കഴിഞ്ഞ വര്‍ഷമാദ്യം ഇതു ലംഘിച്ച ഇഷാന്‍ രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ കൂട്ടാക്കിയില്ല. ഇതിനു പിന്നാലെ ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും പുറത്തായ അദ്ദേഹം പിന്നീട് ദേശീയ ടീമിലേക്കു പരിഗണിക്കപ്പെടുകയും ചെയ്തിട്ടില്ല.
അന്നു ശ്രേയസ് അയ്യരും സമാനമായ ശിക്ഷാ നടപടി നേരിട്ടിരുന്നു. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെ അദ്ദേഹം ഇപ്പോള്‍ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ്. ഇഷാനും ഇത്തരത്തിലൊരു തിരിച്ചുവരവാണ് ഐപിഎല്ലിലൂടെ സ്വപ്‌നം കാണുന്നത്.