ഐപിഎല്ലിന്റെ പുതിയ സീസണിനൊരുങ്ങുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനെ ആവേശത്തിലാക്കി കൊണ്ട് ബാറ്റിങില്‍ മാജിക്കല്‍ ഫോം തുടരുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍. സീസണിനു മുന്നോടിയായുള്ള പരിശീലന മല്‍സരത്തില്‍ വീണ്ടുമൊരു കിടിലന്‍ ഇന്നിങ്‌സുമായി കസറിയിരിക്കുകയാണ് അദ്ദേഹം.
ഈ പ്രകടനത്തോടെ എസ്ആര്‍എച്ചിന്റെ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പിക്കുക മാത്രമല്ല, ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്താന്‍ താന്‍ തയ്യാറായിക്കഴിഞ്ഞെന്ന സൂചന കൂടിയാണ് ഇഷാന്‍ നല്‍കിയിരിക്കുന്നത്.
അദ്ദേഹത്തിന്റെ ഈ കിടിലന്‍ ഫോമില്‍ ഏറ്റവുമധികം നിരാശപ്പെടുന്നത് അഞ്ചു തവണ ചാംപ്യന്‍മാരായിട്ടുള്ള മുംബൈ ഇന്ത്യന്‍സായിരിക്കും. കാരണം ദീര്‍ഘകാലം തങ്ങള്‍ക്കു വിശ്വസ്തനായ ഇഷാനെ നിലനിര്‍ത്താന്‍ മുംബൈ തയ്യാറായിരുന്നില്ല. കൂടാതെ മെഗാ ലേലത്തില്‍ തിരികെ വാങ്ങാനും മുംബൈ ശ്രമിക്കാതിരുന്നതോടെയാണ് അദ്ദേഹത്തെ ഹൈദരാബാദ് ടീം റാഞ്ചിയത്.

ഫിഫ്റ്റികളുടെ തോഴന്‍
സണ്‍റൈസേഴ്‌സ് ഹൈദരാഹബാദിലെത്തിയ ശേഷം ഫിഫ്റ്റി പ്ലസ് സ്‌കോറുകളുടെ തോഴനായി മാറിയിരിക്കുകയാണ് ഇഷാന്‍ കിഷന്‍. പരിശീലന മല്‍സരത്തില്‍ ഓറഞ്ച് കുപ്പായത്തില്‍ വീണ്ടുമൊരു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കഴിഞ്ഞ ദിവസം കുറിച്ചിരിക്കുകയാണ് അദ്ദേഹം. എസ്ആര്‍എച്ച് എ, എസ്ആര്‍എച്ച് ബി എന്നിങ്ങനെ രണ്ടു ടീമുകളായിട്ടു തിരിഞ്ഞാണ് അവര്‍ പരിശീലന മല്‍സരത്തില്‍ ഏറ്റുമുട്ടിയത്.
ഈ മല്‍സരത്തില്‍ ബി ടീമിനായി ഇറങ്ങിയ ശേഷമാണ് ഇഷാന്‍ ഫിഫ്റ്റി കണ്ടെത്തിയത്. 64 റണ്‍സുമായി താരം പുറത്താവാതെ നില്‍ക്കുകയായിരുന്നു. വെറും 33 ബോളുകളില്‍ നിന്നാണ്. എസ്ആര്‍എച്ചിനായി ഇതിനകം കളിച്ച നാലു പരിശീലന മല്‍സരങ്ങളില്‍ മൂന്നിലും ഇഷാന്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം.
ആദ്യത്തെ പരിശീലന മല്‍സരത്തില്‍ 64 റണ്‍സുമായാണ് എസ്ആര്‍എച്ച് ജഴ്‌സിയില്‍ താരം വരവറിയിച്ചത്. വെറും 23 ബോളുകളിലാണിത്. രണ്ടാമത്തെ കളിയിലും ഇഷാന്‍ ഫിഫ്റ്റി ആവര്‍ത്തിച്ചു. ഇത്തവണ 30 ബോളില്‍ താരം വാരിക്കൂട്ടിയത്. മൂന്നാമത്തെ പരിശീലന മല്‍സരത്തില്‍ നേരിയ വ്യത്യാസത്തിലാണ് ഇഷാന് ഫിഫ്റ്റി നഷ്ടമായത്. 19 ബോളില്‍ 49 റണ്‍സ് അടിച്ചെടുത്ത് അദ്ദേഹം മടങ്ങുകയായിരുന്നു.
സഞ്ജുവിനു ഭീഷണി
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമുള്ള ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ ഫോം ഏറ്റവുമധികം ഭീഷണിയാവുക മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനായിരിക്കും. കാരണം ഇന്ത്യന്‍ ടി20 ടീമില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ സ്ഥാനം പതിയെ ഉറപ്പിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം.
ഇന്ത്യന്‍ ടീം അവസാനമായി കളിച്ച മൂന്നു ടി20 പരമ്പരകളിലും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സഞ്ജുവായിരുന്നു. ഇവയില്‍ ഇംഗ്ലണ്ടിനെതിരേയുള്ള അവസാന പരമ്പരയില്‍ അദ്ദേഹം ബാറ്റിങില്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തു.
അതിനു ശേഷം ടി20 ടീമില്‍ സഞ്ജുവിന്റെ സ്ഥാനവും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എസ്ആര്‍എച്ചിനൊപ്പം ഇഷാന്‍ ബാറ്റിങില്‍ സ്‌ഫോടനാത്മക ഇന്നിങ്‌സുകളുമായി കൈയടി നേടിയിരിക്കുന്നത്.

നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ദേശീയ ടീമിന്റെ ഭാഗമല്ലെങ്കിലും അദ്ദേഹത്തിനു മുന്നില്‍ വാതില്‍ പൂര്‍ണമായി അടഞ്ഞിട്ടില്ല. എസ്ആര്‍എച്ചിനായി ഈ ഐപിഎല്ലില്‍ കസറിയാല്‍ ഇന്ത്യന്‍ ടീമിലേക്കു ഇഷാന് ഇനിയും മടങ്ങിയെത്താം. പ്രായവും അദ്ദേഹത്തിനു അനുകൂല ഘടകമാണ്.
2023നു ശേഷം ദേശീയ ടീമിനു വേണ്ടി ഒരു മല്‍സരത്തില്‍ പോലും ഇഷാന്‍ കളിച്ചിട്ടില്ല. ദേശീയ ടീമിന്റെ ഭാഗമല്ലാതിരുന്ന സമയത്തു ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തയ്യാറാവാതെ അദ്ദേഹം മാറി നിന്നിരുന്നു. ഇതാണ് താരത്തിനു വിനയായത്.
ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്നതോടെ ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്നും ഇഷാന്‍ പുറത്താക്കപ്പെടുകയും ചെയ്തു. ഇതിനു ശേഷം ദേശീയ ടീമിലേക്കു ഒരിക്കല്‍ പോലും അദ്ദേഹം പരിഗണിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഈ സീസണിലെ ഐപിഎല്‍ ഇഷാന്റെ തിരിച്ചുവരവിനു വഴിയൊരുക്കിയേക്കും.