For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഫിഫ്റ്റിയടിച്ചിട്ടും സഞ്ജു പിന്നില്‍!! ഞെട്ടിച്ചത് ഇഷാന്‍, പന്തിന്റെ കാര്യം പോക്കാ...

ഐപിഎല്ലിന്റെ 18ാം സീസണിലെ ആദ്യ റൗണ്ടിലെ പോരാട്ടങ്ങള്‍ അവസാനിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സും പഞ്ചാബ് കിങ്‌സും തമ്മില്‍ ഇന്നു (ചൊവ്വ) നടക്കാനിരിക്കുന്ന മല്‍സരത്തോടെ 10 ഫ്രാഞ്ചൈസികളും ആദ്യ റൗണ്ട് പൂര്‍ത്തിയാക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ആദ്യ റൗണ്ട് മല്‍സരങ്ങളില്‍ ഏറ്റവുമധികം ശ്രദ്ധിച്ചത് പ്രധാനപ്പെട്ട വിക്കറ്റ് കീപ്പര്‍മാരുടെ പ്രകടനം തന്നെയായിരിക്കും.

കാരണം ഈ വര്‍ഷം ടി20 ഫോര്‍മാറ്റിലുള്ള ഏഷ്യാ കപ്പും അടുത്ത വര്‍ഷം ഐസിസിയുടെ ടി20 ലോകകപ്പുമെല്ലാം വരാനിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പറുടെ റോളിലേക്കു തീപാറുന്ന മല്‍സരം തന്നെയാണ് ഇപ്പോള്‍ നടക്കുന്നത്. ഐപിഎല്ലിന്റെ ആദ്യ റൗണ്ടിനു ശേഷം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ആരൊക്കെയാണ് ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ളതെന്നു നേക്കാം.

ISHAN KISHAN

സര്‍പ്രൈസ് ഹീറോയായി ഇഷാന്‍

നിലവില്‍ ഒരു ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്ത ഇടംകൈയന്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനാണ് ഐപിഎല്ലിന്റെ ആദ്യ റൗണ്ടിനു ശേഷം ശേഷം സര്‍പ്രൈസ് ഹീറോയായിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് വിട്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലേക്കുള്ള വരവ് അദ്ദേഹം ശരിക്കും ആഘോഷിച്ചിരിക്കുകയാണ്. കിടിലന്‍ സെഞ്ച്വറി കുറിച്ചാണ് എസ്ആര്‍എച്ചിന്റെ ഓറഞ്ച് കുപ്പായത്തില്‍ ഇഷാന്‍ തുടങ്ങിയിരിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സുമായി ഹോംഗ്രൗണ്ടില്‍ റണ്‍മഴ കണ്ട പോരാട്ടത്തില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി ഇഷാന്‍ പുറത്താവാതെ 106 റണ്‍സ് അടിച്ചെടുത്തു. വെറും 47 ബോളുകള്‍ മാത്രമേ അദ്ദേഹത്തിനു ഇതിനായി വേണ്ടിവന്നുള്ളൂ. 11 ഫോറും ആറു സിക്‌സറും ഇഷാന്റെ ഗംഭീര ഇന്നിങ്‌സിലുണ്ടായിരുന്നു.

ഇന്ത്യന്‍ കുപ്പായത്തില്‍ വീണ്ടും ടി20യില്‍ കളിക്കാന്‍ താന്‍ പൂര്‍ണ സജ്ജനാണെന്നു മുഖ്യ കോച്ച് ഗൗതം ഗംഭീറിനും സെലക്ടര്‍മാര്‍ക്കുമെല്ലാം താരം കാണിച്ചുകൊടുക്കുകയും ചെയ്തു. 2023ലാണ് ഇഷാന്‍ അവസാനമായി ദേശീയ ടീമിനായി കളിച്ചത്. കഴിഞ്ഞ വര്‍ഷം ഒരു ഫോര്‍മാറ്റിലും ഇഷാന് ടീമിലേക്കു വിളിയെത്തുകയും ചെയ്തില്ല. എന്നാല്‍ ഈ ഐപിഎല്ലോടെ തന്റെ അന്താരാഷ്ട്ര കരിയര്‍ തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.

Take a Poll

ഇതിനായുള്ള ആദ്യത്തെ ചുവട് വിജയകരമായി ഇഷാന്‍ പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ മല്‍സരത്തിലെ സെഞ്ച്വറി അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നു തെളിയിക്കാന്‍ തുടര്‍ന്നുള്ള കളിയിലും അദ്ദേഹത്തിന് ഫോം ആവര്‍ത്തിക്കേണ്ടതുണ്ട്. അതിനു കഴിഞ്ഞാല്‍ അധികം വൈകാതെ തന്നെ ടീം ഇന്ത്യയിലേക്കു ഇഷാന്റെ മടങ്ങിവരവ് കാണാന്‍ സാധിക്കുമെന്നുറപ്പാണ്.

2023ന്റെ അവസാനത്തോടെയാണ് ഇന്ത്യന്‍ ടീമില്‍ നിന്നും ഇഷാന്‍ പുറത്തായത്. ഇന്ത്യന്‍ ടീമിന്റെ സൗത്താഫ്രിക്കന്‍ പര്യടനത്തിനിടെ ടെസ്റ്റ് പരമ്പരയ്ക്കു തൊട്ടുമുമ്പ് അദ്ദേഹം ടീം വിടുകയായിരുന്നു. മുഖ്യ കോച്ചായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ അനുവാദത്തോടെയായിരുന്നു ഇത്. പക്ഷെ അതു കഴിഞ്ഞ് ഇഷാനെക്കുറിച്ച് ഏറെ നാള്‍ ആര്‍ക്കും ഒന്നും അറിയില്ലായിരുന്നു.

സൗത്താഫ്രിക്കയില്‍ ദേശീയ ടീമിനൊപ്പമില്ലാത്തതിനാല്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി ഇഷാന്‍ കളിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ താരം അതിനു തയ്യാറായില്ല. ജാര്‍ഖണ്ഡ് ടീം ഇഷാനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു.

ബിസിസിഐയുമായി വാര്‍ഷിക കരാറുള്ള കളിക്കാര്‍ ദേശീയ ടീമിനൊപ്പം മല്‍സരങ്ങളിലാതിരിക്കുമ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്നതു നിര്‍ബന്ധമാണ്. പക്ഷെ ഇഷാന്‍ ഇതു ലംഘിക്കുകയായിരുന്നു. ഇതു ബിസിസിഐയെ ക്ഷുഭിതരാക്കുകയും ചെയ്തു. പുതിയ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ചപ്പോള്‍ ഇഷാന്‍ അതില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു.

അതിനു ശേഷം ഒരിക്കല്‍പ്പോലും അദ്ദേഹത്തിനു ഇന്ത്യന്‍ ടീമില്‍ അവസരവും ലഭിച്ചിട്ടില്ല. ബിസിസിഐയുടെ നടപടിക്കു ശേഷം ഇഷാന്‍ ആഭ്യന്തര ക്രിക്കറ്റിലെ സജീവ സാന്നിധ്യമായി മാറുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ആഭ്യന്തര ടൂര്‍ണമെന്റുകളിലെല്ലാം അദ്ദേഹം കളിച്ചിരുന്നു. ഇവയില്‍ ശ്രദ്ധേയമായ പ്രകടനം ഇഷാന്‍ കാഴ്ചവയ്ക്കുകയും ചെയ്തു.

ജുറേലിനും താഴെ സഞ്ജു

നിലവില്‍ ടി20യില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ മലയാളി താരം സഞ്ജു സാംസണാണ്. അവസാനമായി ഇന്ത്യ കളിച്ച മൂന്നു ടി20 പരമ്പരകളിലും ടീമിന്റെ ഓപ്പണറും വിക്കറ്റ് കീപ്പറുമെല്ലാം അദ്ദേഹമായിരുന്നു. പക്ഷെ ഐപിഎല്ലിന്റെ ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ അദ്ദേഹം മൂന്നിലേക്കു വീണിരിക്കുകയാണ്.

SANJU SAMSON

ആദ്യ കളിയില്‍ ഫിഫ്റ്റിയടിച്ചിട്ടും സഞ്ജു പിന്നിലായി പോയെന്നതാണ് നിരാശാജനകം. അദ്ദേഹത്തെ ഓവര്‍ടേക്ക് ചെയ്ത് രാജസ്ഥാന്‍ റോയല്‍സിലെ ടീമംഗം കൂടിയായ യുവതാരം ധ്രുവ് ജുറേലാണ് ഇപ്പോള്‍ രണ്ടാംസ്ഥാനത്ത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയില്‍ തകര്‍പ്പന്‍ ഫിഫ്റ്റി കുറിക്കാന്‍ അദ്ദേഹത്തിനായിരുന്നു. 35 ബോളില്‍ അഞ്ചു ഫോറും ആറു സിക്‌സറുമടക്കം 70 റണ്‍സാണ് ജുറേല്‍ അടിച്ചെടുത്തത്.

എന്നാല്‍ കളിയില്‍ സഞ്ജുവിനു നേടാനായത് 66 റണ്‍സാണ്. 37 ബോളുകളിലാണ് അദ്ദേഹം ഇത്രയും റണ്ണെടുത്തത്. ഏഴു ഫോറും നാലു സിക്‌സറും ഇതിലുള്‍പ്പെടും. വെറും നാലു റണ്‍സിന്റെ വ്യത്യാസത്തിലാണ് ജുറേലിനു പിന്നില്‍ സഞ്ജു മൂന്നാമനായിരിക്കുന്നത്.

അതേസമയം, റിഷഭ് പന്താണ് ആദ്യ റൗണ്ടില്‍ ഏറ്റവും ദുരന്തമായി മാറിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നായകനായ ശേഷം ആദ്യമായി ഇറങ്ങിയ അദ്ദേഹം ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ആറു ബോളുകള്‍ നേരിട്ട ശേഷം പൂജ്യത്തിനു പുറത്താവുകയായിരുന്നു. ടി20യില്‍ ഇന്ത്യന്‍ ടീമിലേക്കു റിഷഭിനു ഉടനെയൊന്നും തിരിച്ചുവരാന്‍ സാധിച്ചേക്കില്ല.

നിലവില്‍ ടി20 ടീമിന്റെ ഭാഗമല്ലെങ്കിലും കെഎല്‍ രാഹുലും ഈ ഫോര്‍മാറ്റിലേക്കു മടങ്ങി വരാന്‍ ആഗ്രഹിക്കുന്നയാളാണ്. പക്ഷെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരമായ അദ്ദേഹത്തിനു ഭാര്യയുടെ പ്രസവത്തെ തുടര്‍ന്നു ആദ്യ കളിയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരികയായിരുന്നു. അടുത്ത മല്‍സരത്തില്‍ രാഹുല്‍ ടീമിലേക്കു തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Story first published: Tuesday, March 25, 2025, 13:48 [IST]
Other articles published on Mar 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+