ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ ലേലത്തിന്റെ ആദ്യ ദിനം പൂര്‍ത്തിയാവുമ്പോള്‍ പ്രധാന താരങ്ങളെല്ലാം ഇതിനോടകം ടീമുകളിലേക്കെത്തിക്കഴിഞ്ഞു. റിഷഭ് പന്ത് 27 കോടിയെന്ന എക്കാലത്തേയും ഉയര്‍ന്ന ഐപിഎല്‍ ലേലത്തുകയില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിലേക്കെത്തിയപ്പോള്‍ 26.75 കോടിക്കാണ് ശ്രേയസ് അയ്യര്‍ പഞ്ചാബ് കിങ്‌സിലേക്കെത്തിയത്. ആരാധകര്‍ പ്രതീക്ഷിച്ചപോലെ ഇഷാന്‍ കിഷനും കെ എല്‍ രാഹുലും ജോസ് ബട്‌ലറുമെല്ലാം പുതിയ തട്ടകത്തിലേക്ക് എത്തിപ്പെട്ടു.
ആദ്യ ദിവസത്തെ പിഴവുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് രണ്ടാം ദിനം ശക്തമായ തിരിച്ചുവരവ് നടത്താനാവും ടീമുകള്‍ ശ്രമിക്കുക. 10 ടീമുകളും തങ്ങളുടെ കണക്കുകള്‍ കൂട്ടിയും കിഴിച്ചു രണ്ടാം ദിനത്തില്‍ ലേലത്തെ നേരിടാനൊരുങ്ങുകയാണ്. പ്രതീക്ഷിക്കാത്ത പലരും വലിയ പ്രതിഫലം ഇത്തവണ ലേലത്തില്‍ വാങ്ങി. എന്നാല്‍ വലിയ പ്രതിഫലം പ്രതീക്ഷിച്ച ചിലര്‍ക്ക് ഈ നിലവാരത്തിനൊത്ത് ഉയരാനും സാധിച്ചില്ല. ഇത്തരത്തില്‍ പ്രതിഫലത്തില്‍ ഇടിവ് നേരിട്ട താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
കെ എല്‍ രാഹുല്‍
ഇന്ത്യയുടെ സൂപ്പര്‍ താരവും ലഖ്‌നൗ സൂപ്പര്‍ കിങ്‌സ്, പഞ്ചാബ് കിങ്‌സ് നായകനുമായ കെ എല്‍ രാഹുലിന് പ്രതീക്ഷിച്ച പ്രതിഫലം ലേലത്തില്‍ നേടാനായില്ല. രണ്ട് കോടി അടിസ്ഥാന വിലയിലെത്തിയ രാഹുലിനെ 14 കോടിക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സ് വാങ്ങിയത്. 20 കോടിക്ക് മുകളിലേക്ക് രാഹുലിന്റെ പ്രതിഫലം പോകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ 14 കോടിയിലേക്കൊതുങ്ങി. അവസാന സീസണില്‍ 17 കോടി പ്രതിഫലം വാങ്ങിയ താരമാണ് രാഹുല്‍ എന്നാല്‍ ഇത്തവണ കഴിഞ്ഞ തവണത്തേതിലും മൂന്ന് കോടി കുറവ് പ്രതിഫലമാണ് രാഹുലിന് ലഭിച്ചത്.
മിച്ചല്‍ സ്റ്റാര്‍ക്ക്
അവസാന സീസണില്‍ 24 കോടിയിലധികം വാങ്ങി റെക്കോഡിട്ട താരമാണ് ഓസീസ് ഇടം കൈയന്‍ പേസറായ മിച്ചല്‍ സ്റ്റാര്‍ക്ക്. എന്നാല്‍ ഇത്തവണ രണ്ട് കോടി അടിസ്ഥാന വിലയിലെത്തിയ സ്റ്റാര്‍ക്കിന് 11.75 കോടി മാത്രമാണ് ലഭിച്ചത്. പകുതിയിലധികം പ്രതിഫലം താരത്തിന് ഇത്തവണ കുറഞ്ഞിട്ടുണ്ട്. അവസാന സീസണില്‍ കെകെആറിനൊപ്പം ഫൈനലില്‍ തിളങ്ങാന്‍ സ്റ്റാര്‍ക്കിനായിരുന്നു. എന്നാല്‍ ആകെയുള്ള ഇക്കോണമി നിരാശപ്പെടുത്തുന്നതാണ്. ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സാണ് സ്റ്റാര്‍ക്കിനെ കൊണ്ടുവന്നത്. ഡല്‍ഹിയെ സംബന്ധിച്ച് സ്റ്റാര്‍ക്കിനെ ലഭിച്ച തുക ലാഭകരമാണെന്ന് പറയാം.

മഹിപാല്‍ ലോംറോര്‍
ഇത്തവണ വലിയ പ്രതിഫലം ലഭിച്ചേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട അണ്‍ക്യാപ്പ്ഡ് താരമാണ് മഹിപാല്‍ ലോംറോര്‍. എന്നാല്‍ 50 ലക്ഷം അടിസ്ഥാന വിലയിലെത്തിയ താരത്തെ വാങ്ങാന്‍ ഇത്തവണ അധികമാരും താല്‍പര്യം കാട്ടിയില്ല. ഇതോടെ 1.7 കോടിക്ക് മഹിപാല്‍ ഗുജറാത്തിലേക്കെത്തി. പ്രതീക്ഷിച്ച നേട്ടം പ്രതിഫലത്തില്‍ നേടിയെടുക്കാന്‍ മുന്‍ ആര്‍സിബി താരമായ മഹിപാലിന് സാധിച്ചില്ലെന്ന് തന്നെ പറയാം.
ഇഷാന്‍ കിഷന്‍
മുന്‍ മുംബൈ ഇന്ത്യന്‍സ് താരവും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. 11.25 കോടിക്കാണ് ഇഷാനെ ഹൈദരാബാദ് വാങ്ങിയത്. ഓപ്പണറായി തകര്‍ത്തടിക്കാനും കെല്‍പ്പുള്ള ഇഷാന് 15 കോടിയിലധികം പ്രതിഫലം പ്രതീക്ഷിച്ചെങ്കിലും ഇത്തവണ താരത്തിന്റെ പ്രതിഫലം അല്‍പ്പം കുറഞ്ഞു. ഇഷാന്റെ പ്രതിഫലത്തില്‍ ഇത്തവണ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. എന്തായാലും നിലവിലെ പ്രതിഫലം ഇഷാന്‍ പ്രതീക്ഷിച്ച അത്ര ഉയര്‍ന്നില്ലെന്നതാണ് വസ്തുത.