ഐപിഎല്ലിന്റെ ഇതുവരെയുള്ള 17 സീസണുകളെടുക്കുകയാണെങ്കില്‍ താന്‍ ഒരുമിച്ച് ഓപ്പണ്‍ ചെയ്യാനിഷ്ടപ്പെടുന്ന അഞ്ചു താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരവും ഇന്ത്യയുടെ വെടിക്കെട്ട് ബാറ്ററുമായ ഇഷാന്‍ കിഷന്‍. ചില മുന്‍ ഇതിഹാസങ്ങള്‍ മാത്രമല്ല, നിലവില്‍ മല്‍സരരംഗത്തുള്ള ചിലരും ഇശഷാന്റെ ഫേവറിറ്റ് ലിസ്റ്റിലുണ്ട്.
മുംബൈ ഇന്ത്യന്‍സുമായുള്ള ദീര്‍ഘകാലത്തെ ബന്ധമവസാനിപ്പിച്ച് ഈ ഐപിഎല്‍ സീസണിലാണ് എസ്ആര്‍എച്ചിനൊപ്പം അദ്ദേഹം ചേര്‍ന്നിരിക്കുന്നത്. പുതിയ ടീമിനൊപ്പമുള്ള ആദ്യ കളിയില്‍ തന്നെ കിടിലന്‍ സെഞ്ച്വറിയുമായി ഇഷാന്‍ ഇതു ആഘോഷിക്കുകയും ചെയ്തിരുന്നു. രാജസ്ഥാന്‍ റോയല്‍സുമായുള്ള ഹോം മാച്ചിലാണ് അദ്ദേഹം അപരാജിത സെഞ്ച്വറിയോടെ ടീമിന്റെ ഹീറോയായി മാറിയത്.

5 പേര്‍ ആരെല്ലാം?
ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഓപ്പണറും ഇന്ത്യന്‍ റണ്‍മെഷീനുമായ ഇതിഹാസ ബാറ്റര്‍ വിരാട് കോലി, വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം ക്രിസ് ഗെയ്ല്‍ എന്നിവരെയെല്ലാം തന്റെ അഞ്ചു ഫേവറിറ്റ് ഓപ്പണര്‍മാരില്‍ നിന്നും ഇഷാന്‍ കിഷന്‍ തഴഞ്ഞിരിക്കുകയാണ്. കോലി ഓപ്പണറായി 4411ഉം ഗെയ്ല്‍ 4480ഉം റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്.
ഇവരെക്കൂടാതെ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റലുമധികം റണ്‍സ് വാരിക്കൂട്ടി മറ്റു ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (6362 റണ്‍സ്), ഡേവിഡ് വാര്‍ണര്‍ (5910 റണ്‍സ്), കെഎല്‍ രാഹുല്‍ (4183) എന്നിവരെയും ഇഷാന്‍ പരിഗിണിച്ചില്ല.
ക്രിക്ക് ഫാന്റസി ബോസെന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് തനിക്കു ഏറ്റവും പ്രിയപ്പെട്ട അഞ്ചു ഓപ്പണിങ് ബാറ്റര്‍മാരെ ഇഷാന്‍ തിരഞ്ഞെടുത്തത്. മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ പേരാണ് അദ്ദേഹം ആദ്യം പറഞ്ഞത്.
ഒരാള്‍ തീര്‍ച്ചയായും വീരേന്ദര്‍ സെവാഗാണ്. നമ്മള്‍ വര്‍ഷം മുഴുവന്‍ ബാറ്റിങ് ഫോളോ ചെയ്തിട്ടുള്ള ബാറ്ററാണ് അദ്ദേഹം. സച്ചിന്‍ സാറാണ് (സച്ചിന്‍ ടെണ്ടുല്‍ക്കര്‍) അടുത്തയാള്‍. അദ്ദേഹം അതിശയിയിപ്പിക്കുന്ന താരമാണ്. തുടര്‍ന്നു ഞാന്‍ തിരഞ്ഞെടുക്കുക രോഹിത് ഭായിയെയാണ് (രോഹിത് ശര്‍മ).
പുതുതലമുറയിലെ കളിക്കാരിലേക്കു വരുമ്പോള്‍ ശുഭ്മന്‍ ഗില്ലിനെ ഞാന്‍ തിരഞ്ഞെടുക്കും. അവന്‍ വളരെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അഞ്ചാമായി ഞാന്‍ തിരഞ്ഞെുക്കുന്ന ഓപ്പണിങ് ബാറ്റര്‍ അഭിഷേക് ശര്‍മയാണെന്നും ഇഷാന്‍ വ്യക്തമാക്കി.
തുടക്കം ഗംഭീരമാക്കി
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓറഞ്ച് കുപ്പായത്തിലെ തുടക്കം ഗംഭീമാക്കിയിരിക്കുകയാണ് ഇഷാന്‍ കിഷന്‍. രാജസ്ഥാന്‍ റോയല്‍സുമായുള്ള കളിയില്‍ തന്റെ ഫേവറിറ്റ് പൊസിഷനായ ഓപ്പണിങ് ലഭിച്ചില്ലെങ്കിലും മൂന്നാമനായി അദ്ദേഹം കത്തിക്കയറി. വെറും 47 ബോളില്‍ പുറത്താവാതെ ഇഷാന്‍ അടിച്ചെടുത്തത് 106 റണ്‍സാണ്. ഐപിഎല്‍ കരിയറില്‍ അദ്ദേഹത്തിന്റെ ആദ്യ സെഞ്ച്വറി കൂടിയായിരുന്നു ഇത്.

കഴിഞ്ഞ മെഗാ ലേലത്തിനു മുമ്പ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയ അഞ്ചു താരങ്ങളില്‍ ഇഷാന്‍ ഉള്‍പ്പെട്ടിരുന്നില്ല. തുടര്‍ന്നാണ് അദ്ദേഹം ലേലത്തിന്റെ പൂളിലേക്കു വന്നത്. തുടര്‍ന്നു 11.25 കോടി രൂപയ്ക്കു അദ്ദേഹത്തെ എസ്ആര്‍എച്ച് സ്വന്തമാക്കുകയും ചെയ്തു. ഇഷാനെ തിരികെ വാങ്ങാന്‍ മുംബൈയും ഒരു നീക്കം നടത്തിയിരുന്നെങ്കിലും ഇതു വിജയിച്ചില്ല.
അതേസമയം, ഈ ഐപിഎല്ലില്‍ വന്‍ റണ്‍വേട്ട നടത്തി ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്താന്‍ തയ്യാറെടുക്കുകയാണ് ഇഷാന്‍. 2023 നവംബറിനു ശേഷം മൂന്നു ഫോര്‍മാറ്റുകളിലും അദ്ദേഹം ടീമിനു പുറത്താണ്. കഴിഞ്ഞ വര്‍ഷം ദേശീയ ടീമിനു വേണ്ടി ഒരു മല്‍സരം പോലും ഇഷാന്‍ കളിച്ചിട്ടില്ല.