Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ബട്‌ലര്‍- ഇഷാന്‍ ഓപ്പണിങ്!! നയിക്കാന്‍ ശ്രേയസ്, ഈ ഇലവനോടു മുട്ടാന്‍ ആരുണ്ട്?

ഐപിഎല്ലിന്റെ റീട്ടെന്‍ഷന്‍ ലിസ്റ്റ് പുറത്തുവന്നതോടെ ക്രിക്കറ്റ് പ്രേമികള്‍ മെഗാ താരലേലത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. അടുത്ത മാസം അവസാനത്തോടെയായിരിക്കും ലേലം നടക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് നിലനിര്‍ത്തിയ കളിക്കാരുടെ ലിസ്റ്റ് പത്തു ഫ്രാഞ്ചൈസികളും ബിസിസിഐക്കു സമര്‍പ്പിച്ചത്. പല പ്രധാനപ്പെട്ട താരങ്ങളെയും ടീമുകള്‍ തങ്ങള്‍ക്കൊപ്പം നിലനിര്‍ത്തിയപ്പോള്‍ ചില വമ്പന്‍ കളിക്കാരെ ഒഴിവാക്കുകയും ചെയ്തു.

കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ഇക്കൂട്ടത്തിലുണ്ടെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. റിഷഭ് പന്ത്, കെല്‍ രാഹുല്‍ എന്നിവരും തഴയപ്പെട്ട താരങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിവിധ ഫ്രാഞ്ചൈസികള്‍ ഒഴിവാക്കിയ മികച്ച താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഒരു കിടിലന്‍ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്താല്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു പരിശോധിക്കാം.

JOS BUTTLER

ഓപ്പണിങില്‍ ആരൊക്കെ?

ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലറും ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും ചേര്‍ന്നായിരിക്കും ടീമിനായി ഓപ്പണ്‍ ചെയ്യുക. രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും വലിയ മാച്ച് വിന്നര്‍മാരില്‍ ഒരാളായ ബട്‌ലര്‍ തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഒഴിവാക്കപ്പെട്ടത്. പരിക്കു കാരണം അടുത്ത സീസണില്‍ നിന്നും അദ്ദേഹം പിന്‍മാറിയേക്കുമെന്നും ഇതു പരിഗണിച്ചാണ് റോയല്‍സ് നിലനിര്‍ത്താതിരുന്നതെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍.

മുംബൈ ഇന്ത്യന്‍സില്‍ നിന്നാണ് ഇഷാന്‍ തെറിച്ചത്. അഞ്ചു കളിക്കാരെ ലേലത്തിനു മുമ്പ് അവര്‍ നിലനിര്‍ത്തിയപ്പോള്‍ അദ്ദേഹത്തെ കൈവിടാനായിരുന്നു ടീം മാനേജ്‌മെന്റിന്റെ തീരുമാനം. ഇതോടെയാണ് ലേലത്തിന്റെ പൂളിലേക്കു ഇഷാനും വന്നിരിക്കുന്നത്. മെഗാ ലേലത്തില്‍ വലിയൊരു തുക തന്നെ താരത്തിനു ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

നയിക്കാന്‍ ശ്രേയസ്

ഒഴിവാക്കപ്പെട്ടവരുടെ ഇലവനില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുക സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലായിരിക്കും. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനായ അദ്ദേഹത്തെ നിലനിര്‍ത്താന്‍ ഫ്രാഞ്ചൈസി തയ്യാറായില്ല. ഇലവനു വേണ്ടി നാലാം നമ്പറില്‍ കളിക്കുക ശ്രേയസ് അയ്യരായിരിക്കും. ഇലവനെ നയിക്കുന്നതും അദ്ദേഹം തന്നെയാണ്.

കെകെആറിനെ കഴിഞ്ഞ സീസണില്‍ വളരെ മികച്ച രീതിയിലാണ് ശ്രേയസ് നയിച്ചത്. എന്നിട്ടും അദ്ദേഹത്തെ കൈവിടുകയെന്ന ഞെട്ടിക്കുന്ന തീരുമാനം കെകെആര്‍ സ്വീകരിക്കുകയായിരുന്നു. മെഗാ ലേലത്തില്‍ ഏറ്റവും വലിയ തുക ലഭിക്കാന്‍ പോവുന്ന താരങ്ങളില്‍ ഒരാളായിരിക്കും അദ്ദേഹമെന്ന കാര്യമുറപ്പാണ്.

SHREYAS IYER

ശ്രേയസിനു ശേഷം അഞ്ചാമനായി കളിക്കുക ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകനായ അദ്ദേഹവും തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഒഴിവാക്കപ്പെട്ടത്. 2016 മുതല്‍ ഡിസിക്കായി കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് റിഷഭ്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഫ്രാഞ്ചൈസി നിലനിര്‍ത്തുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

ലോവര്‍ ഓര്‍ഡറില്‍ ഇവര്‍

ആറ്, ഏഴ് സ്ഥാനങ്ങളില്‍ ബാറ്റിങിനു ഇറങ്ങുക ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍മാരായ ഗ്ലെന്‍ മാക്‌സ്വെല്ലും മാര്‍ക്കസ് സ്റ്റോയ്‌നിസുമായിരിക്കും. ബാറ്റും ബോളും കൊണ്ട് മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താന്‍ ശേഷിയുള്ള താരങ്ങളാണ് ഇരുവരും.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരൂ ടീമിന്റെ ഭാഗമായിരുന്നു മാക്‌സി. കഴിഞ്ഞ സീസണിലെ മോശം പ്രകടനം കാരണം അദ്ദേഹത്തെ ആര്‍സിബി ഒഴിവാക്കുകയായിരുന്നു. എന്നാല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ താരമായിരുന്നു സ്‌റ്റോയ്‌നിസ്. ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ താരം നടത്തിയിരുന്നെങ്കിലും സ്ഥാനം നിലനിര്‍ത്താന്‍ ഇതു മതിയായിരുന്നില്ല.

ബൗളിങ് ലൈനപ്പ്

ബൗളിങ് ലൈനപ്പിലേക്കു വരികയാണെങ്കില്‍ ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്‍ ജോടികളായ ആര്‍ അശ്വിനും യുസ്വേന്ദ്ര ചഹലും ചേര്‍ന്നാണ് സ്പിന്‍ വിഭാഗം കൈകാര്യം ചെയ്യുക. രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമായ ഇരുവരും പുറത്താക്കപ്പെടുകയായിരുന്നു.

ഇനി മെഗാ ലേലത്തില്‍ പുതിയൊരു ടീമിലേക്കു ചേക്കേറാനായിരിക്കും ഇരുവരുടെയും പ്ലാന്‍. ഇലവന്റെ പേസ് ബൗളിങ് നിരയില്‍ ഇന്ത്യയുടെ മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ് എന്നിവരാണുള്ളത്. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നാണ് ഷമിക്കു ചീട്ടുകീറിയത്. അര്‍ഷ്ദീപിനെ പഞ്ചാബ് കിങ്‌സും കൈവിടുകയായിരുന്നു.

ഒഴിവാക്കപ്പെട്ടവരുടെ ബെസ്റ്റ് 11

ജോസ് ബട്‌ലര്‍, ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്.

Story first published: Friday, November 1, 2024, 13:24 [IST]
Other articles published on Nov 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+