For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: സഞ്ജുവിനെക്കാള്‍ കേമനോ വിഷ്ണു? ടി20യില്‍ കിടിലന്‍; മിന്നല്‍ സെഞ്ച്വറി ഞെട്ടിച്ചു

കേരള ക്രിക്കറ്റില്‍ നിന്ന് ദേശീയ തലത്തിലേക്കും അന്താരാഷ്ട്ര തലത്തിലേക്കും പേരെടുത്ത നിലവിലെ ഏക താരം സഞ്ജു സാംസണാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജുവിന് വലിയ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ ഈ ആരാധക പിന്തുണ വളരെയധികം സഹായിക്കുന്നുണ്ടെന്നതാണ് വസ്തുത. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായി വന്ന് ആ ടീമിന്റെ നായകനായി വളരാന്‍ സഞ്ജുവിനായി.

എന്നാല്‍ കേരളത്തിലെ ക്രിക്കറ്റ് താരങ്ങളിലെ പലരുടേയും പ്രതിഭ സഞ്ജുവിന് മുന്നില്‍ ഒതുക്കപ്പെടുകയാണ്. ഇത്തരത്തിലൊരു താരമാണ് വിഷ്ണു വിനോദ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി അടക്കം കളിച്ചിട്ടുള്ള വിഷ്ണു കടന്നാക്രമിച്ച് കളിക്കാന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാളാണ്. എന്നാല്‍ സഞ്ജുവിലേക്ക് മാത്രമായി കേരള ക്രിക്കറ്റിലെ താര പ്രഭയെ ഒതുക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ടി20യില്‍ വേണ്ടത്ര അവസരം ലഭിച്ചാല്‍ സഞ്ജുവിനെക്കാള്‍ ഒരുപടി മുകളിലാണ് വിഷ്ണുവെന്ന് പറയാം. കാരണങ്ങള്‍ എന്തൊക്കെയെന്ന് അറിയാം.

സഞ്ജുവിനെക്കാള്‍ സ്ഥിരതയുള്ള താരം

വിഷ്ണു വിനോദ് സഞ്ജുവിനെക്കാള്‍ സ്ഥിരതയുള്ള താരമാണ്. രണ്ട് പേരുടേയും ഏകദേശം ഒരുപോലെയുള്ള ബാറ്റിങ് ശൈലിയാണ്. കടന്നാക്രമിച്ച് കളിക്കാനാണ് സഞ്ജുവിനും വിഷ്ണുവിനും ഇഷ്ടം. എന്നാല്‍ സഞ്ജു മത്സരത്തിന്റെ സാഹചര്യം നോക്കാതെ തന്റെ ശൈലിയേയും ഭാഗ്യത്തേയും മാത്രം വിശ്വസിച്ച് കടന്നാക്രമിക്കുന്ന താരമാണ്. എന്നാല്‍ വിഷ്ണു അത്തരത്തിലുള്ള താരമല്ല. സഞ്ജുവിനെക്കാള്‍ ഉത്തരവാദിത്തം കാട്ടുന്ന താരമാണ് വിഷ്ണു.

മുംബൈ ഇന്ത്യന്‍സിനൊപ്പം ചില കാമിയോകള്‍ കാഴ്ചവെച്ച് കൈയടി നേടാന്‍ വിഷ്ണുവിനായിരുന്നു. പരിക്ക് വേട്ടയാടിയില്ലായിരുന്നെങ്കില്‍ കൂടുതല്‍ അവസരങ്ങളോടെ കസറാന്‍ വിഷ്ണുവിന് സാധിക്കുമായിരുന്നു. കേരള ക്രിക്കറ്റില്‍ നിന്ന് സഞ്ജുവിന് ലഭിക്കുന്നതുപോലെയുള്ള പിന്തുണ വിഷ്ണുവിന് ലഭിക്കുന്നില്ലെന്നതാണ് വസ്തുത. അങ്ങനെ ലഭിച്ചാല്‍ സഞ്ജുവിനെക്കാള്‍ വലിയ കരിയര്‍ നേരത്തെ തന്നെ നേടിയെടുക്കാന്‍ പ്രതിഭയുള്ള താരമാണ് വിഷ്ണു.

sanju samson

വിഷ്ണുവിന്റെ കണക്കുകള്‍ മോശമല്ല

30 പിന്നിട്ട വിഷ്ണുവിന് സഞ്ജു സാംസണിന്റെ അത്ര മത്സരങ്ങള്‍ കളിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ കളിക്കാന്‍ ലഭിച്ച അവസരങ്ങളിലെല്ലാം തന്റേതായ പ്രകടനം കാഴ്ചവെക്കാന്‍ വിഷ്ണുവിന് സാധിച്ചിട്ടുണ്ട്. 61 ടി20യില്‍ നിന്ന് 34.58 ശരാശരിയിലും 142.69 സ്‌ട്രൈക്ക് റേറ്റിലും 1591 റണ്‍സാണ് വിഷ്ണു നേടിയത്. ഒരു സെഞ്ച്വറിയും 8 അര്‍ധ സെഞ്ച്വറിയും വിഷ്ണു നേടിയിട്ടുണ്ട്. മികച്ച ടൈമിങ്ങുള്ള ബാറ്റ്‌സ്മാനാണ് വിഷ്ണു.

സഞ്ജുവിന് 278 ടി20 മത്സരം കളിച്ചുള്ള അനുഭവസമ്പത്തുണ്ട്. 29 ശരാശരിയും 134 സ്‌ട്രൈക്ക് റേറ്റും സഞ്ജുവിന് അവകാശപ്പെടാനാവും. മൂന്ന് സെഞ്ച്വറിയും 46 അര്‍ധ സെഞ്ച്വറികളും സഞ്ജു നേടിയിട്ടുണ്ട്. സഞ്ജുവിന് ലഭിച്ചതിന്റെ പകുതി അവസരങ്ങള്‍ വിഷ്ണുവിന് ലഭിച്ചിരുന്നെങ്കില്‍ സൂപ്പര്‍ താരമായി മാറാനും ഇന്ത്യന്‍ ടീമിന്റെ ഭാഗമായി മാറാനുമുള്ള സാധ്യത കൂടുതലായിരുന്നുവെന്ന് പറയാം. അത്രത്തോളം പ്രതിഭാശാലിയായ താരമാണ് വിഷ്ണു.

കെസിഎല്ലില്‍ വെടിക്കെട്ട് സെഞ്ച്വറി

കേരള ക്രിക്കറ്റ് ലീഗില്‍ വെടിക്കെട്ട് സെഞ്ച്വറി നേടി വിഷ്ണു വിനോദ് എല്ലാവരുടേയും കൈയടി നേടിയിരിക്കുകയാണ്. 33 പന്തിലാണ് താരം സെഞ്ച്വറി നേടിയത്. തുടക്കം മുതല്‍ കടന്നാക്രമിച്ച വിഷ്ണു 308 സ്‌ട്രൈക്ക് റേറ്റിലാണ് മിന്നിച്ചത്. 45 പന്തില്‍ 139 റണ്‍സടിച്ച താരം 17 സിക്‌സുകളും 5 ഫോറുമാണ് പറത്തിയത്. ഐപിഎല്‍ മെഗാ ലേലം വരാനിരിക്കെ വിഷ്ണുവിന്റെ പ്രകടനം എല്ലാവരേയും ഞെട്ടിക്കുന്നതാണെന്ന് പറയാം.

അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സ് വിഷ്ണു വിനോദിനെ ടീമിലെടുത്താലും അത്ഭുതപ്പെടാനാവില്ല. ടി20യില്‍ കസറാന്‍ വിഷ്ണുവിന് കഴിവുണ്ട്. മികച്ചൊരു ടീമിനും പരിശീലക സംഘത്തിനും ഒപ്പമെത്തിയാല്‍ വിഷ്ണുവിന് ടി20യില്‍ തന്റെ കരുത്ത് എന്താണെന്ന് കാട്ടിക്കൊടുക്കാന്‍ സാധിക്കുമെന്ന് തന്നെ പറയാം.

Story first published: Saturday, September 14, 2024, 6:32 [IST]
Other articles published on Sep 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+