സിഡ്‌നി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. രണ്ടാം റൗണ്ട് പോരാട്ടങ്ങള്‍ മുന്നേറവെ ആരാധകരുടെ പ്രതീക്ഷക്കൊത്ത് പല സൂപ്പര്‍ താരങ്ങളും മികവ് കാട്ടുന്നുണ്ട്. പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും കപ്പടിക്കാന്‍ സാധിക്കാത്ത ആര്‍സിബിക്ക് ഇത്തവണ വലിയ പ്രതീക്ഷ നല്‍കുന്ന തുടക്കമാണ് ലഭിച്ചിരിക്കുന്നത്. വിരാട് കോലി കളിക്കുന്ന ആര്‍സിബിക്ക് വലിയ ആരാധക പിന്തുണയുണ്ടെങ്കിലും കിരീട ഭാഗ്യം ഇതുവരെ ഉണ്ടായിട്ടില്ല.
ആര്‍സിബിക്കൊപ്പം ഇത്തവണ അര്‍ധ സെഞ്ച്വറി പ്രകടനമടക്കം നടത്തി ഞെട്ടിക്കാന്‍ കോലിക്ക് സാധിച്ചിരിക്കുകയാണ്. കോലിയും ആര്‍സിബിയും മികച്ച തുടക്കം ലഭിച്ചതിന്റെ ആവേശത്തില്‍ നില്‍ക്കുമ്പോള്‍ ആരാധകരെ ഞെട്ടിക്കുന്ന പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബാഷ് ലീഗ് ടീമായ സിഡ്‌നി സിക്‌സേഴ്‌സ്. രണ്ട് വര്‍ഷത്തേക്ക് വിരാട് കോലിയെ സിഡ്‌നി സിക്‌സേഴ്‌സ് സ്വന്തമാക്കിയെന്ന പോസ്റ്റാണ് ടീം പങ്കുവെച്ചത്.
ഔദ്യോഗിക പേജില്‍ നിന്ന് സിഡ്‌നി സിക്‌സേഴ്‌സ് പങ്കുവെച്ച പോസ്റ്റ് ആരാധകരെ ശരിക്കും ആശയക്കുഴപ്പത്തിലാക്കി. കോലി ആര്‍സിബി മതിയാക്കി ബിബിഎല്‍ കളിക്കാന്‍ പോവുകയാണോ എന്നടക്കമുള്ള പല അഭ്യൂഹങ്ങളും പ്രചരിച്ചു. ഇതിന്റെ വസ്തുത എന്താണെന്ന് പരിശോധിക്കാം.
സിഡ്‌നി സിക്‌സേഴ്‌സിന്റെ ഏപ്രില്‍ ഫൂള്‍
വിരാട് കോലിയെ രണ്ട് വര്‍ഷത്തെ കരാറില്‍ ടീമിലേക്കെത്തിച്ചെന്ന സിഡ്‌നി സിക്‌സേഴ്‌സിന്റെ പോസ്റ്റ് ആദ്യം വളരെ വൈറലായി. എന്നാല്‍ ടീം ഏപ്രില്‍ ഫൂളാക്കിയതാണെന്ന് പിന്നീട് വ്യക്തമായി. വിരാട് കോലി ബിബിഎല്ലില്‍ കളിക്കാന്‍ പോകുന്നുവെന്നത് എല്ലാവരേയും ഞെട്ടിച്ച വാര്‍ത്തയാണെങ്കിലും ഇത് വെറും മോഹം മാത്രമാണെന്ന് പറയാം. വിരാട് കോലിക്ക് ബിബിഎല്ലില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും നിലവിലെ നിയമപ്രകാരം അദ്ദേഹത്തിന് കളിക്കാന്‍ സാധിക്കില്ല.
ബിസിസി ഐയുടെ നിയമ പ്രകാരം ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ മാത്രമെ കളിക്കാന്‍ സാധിക്കൂ. മറ്റൊരു ലീഗിലും കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് എന്‍ഒസി നല്‍കില്ല. അതുകൊണ്ടുതന്നെ കോലിക്ക് ഒരിക്കലും ബിബിഎല്ലില്‍ കളിക്കാന്‍ സാധിക്കില്ല. നിലവില്‍ വിരമിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് പോലും വിദേശ ലീഗുകളില്‍ കളിക്കാന്‍ ബിസിസി ഐ അനുമതിയില്ല. ഇതിന്റെ പേരില്‍ പല താരങ്ങളും വിമര്‍ശനം ഉയര്‍ത്തിയിട്ടും മാറ്റം വരുത്താന്‍ ബിസിസി ഐ തയ്യാറായിട്ടില്ല.
അതുകൊണ്ടുതന്നെ കോലി ഉള്‍പ്പെടുന്ന ഇന്ത്യയുടെ ഒരു താരത്തിനും ബിബിഎല്‍ ഉള്‍പ്പെടുന്ന വിദേശ ലീഗുകളില്‍ കളിക്കാന്‍ സാധിക്കില്ല. കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ പോലും താരങ്ങള്‍ക്ക് പ്രത്യേക അനുമതി ആവശ്യമാണ്. അതുകൊണ്ടുതന്നെ സിഡ്‌നി സിക്‌സേഴ്‌സിന് കോലിയെ കൊണ്ടുവരാന്‍ ആഗ്രഹമുണ്ടെങ്കിലും അത് നടക്കില്ലെന്ന് തന്നെ പറയാം.

ഇത്തവണ ആര്‍സിബി വലിയ പ്രതീക്ഷയില്‍
ഇത്തവണ ആര്‍സിബി വലിയ പ്രതീക്ഷയിലാണുള്ളത്. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ എംഎസ് ധോണിയും രോഹിത് ശര്‍മയുമെല്ലാം ഐപിഎല്‍ കിരീടം നേടിയിട്ടുണ്ടെങ്കിലും വിരാട് കോലിക്ക് ഇതുവരെ ഐപിഎല്‍ കിരീടത്തിലേക്ക് എത്താനായിട്ടില്ല. എന്നാല്‍ ഇത്തവണ ടീം കപ്പിലേക്ക് എത്താന്‍ സാധ്യത കൂടുതലാണ്. രജത് പാട്ടീധാറിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇത്തവണ ആര്‍സിബി ഇറങ്ങുന്നത്. ആദ്യത്തെ രണ്ട് മത്സരത്തിലും തകര്‍പ്പന്‍ പ്രകടനമാണ് ടീം കാഴ്ചവെച്ചത്.
മിക്ക സീസണുകളിലും ആര്‍സിബിയുടെ ബൗളിങ് നിര അല്‍പ്പം മോശമാണ്. എന്നാല്‍ ഇത്തവണ സംതുലിതമായ ടീമിനെ സൃഷ്ടിക്കാന്‍ ആര്‍സിബിക്ക് സാധിച്ചിട്ടുണ്ട്. ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ പേസ് നിരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. ആര്‍സിബിയുടെ ബാറ്റ്‌സ്മാന്‍മാരെല്ലാം മികച്ച ഫോമിലാണുള്ളത്. അതുകൊണ്ടുതന്നെ ഇത്തവണ ആര്‍സിബി കിരീടത്തിലേക്കെത്താന്‍ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം.