ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ രാജസ്ഥാന്‍ റോയല്‍സിന്റെ ദയനീയ പ്രകടനം തുടരുകയാണ്. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് 100 റണ്‍സിനാണ് രാജസ്ഥാന്‍ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 217 റണ്‍സ് അക്കൗണ്ടില്‍ ചേര്‍ത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന് 117 റണ്‍സാണ് ആകെ നേടാനായത്. മുംബൈയുടെ ആധിപത്യ ജയത്തോടെ രാജസ്ഥാന്റെ പ്ലേ ഓഫ് മോഹങ്ങളും അവസാനിച്ചിരിക്കുകയാണ്. 11 മത്സരത്തില്‍ നിന്ന് മൂന്ന് ജയം ഉള്‍പ്പെടെ 6 പോയിന്റാണ് രാജസ്ഥാനുള്ളത്.
ശേഷിക്കുന്ന മൂന്ന് മത്സരം ജയിച്ചാലും രാജസ്ഥാന് പ്ലേ ഓഫിലേക്കെത്താന്‍ സാധിക്കില്ലെന്ന് ഉറപ്പിച്ച് പറയാം. ഇത്തവണ തൊട്ടതെല്ലാം രാജസ്ഥാന് പിഴച്ചു. മെഗാ ലേലത്തിന് മുമ്പ് ജോസ് ബട്‌ലര്‍, ട്രന്റ് ബോള്‍ട്ട്, യുസ് വേന്ദ്ര ചഹാല്‍ എന്നിവരെ ഒഴിവാക്കിയതിന് വലിയ വിലയാണ് രാജസ്ഥാന് നല്‍കേണ്ടി വന്നിരിക്കുന്നത്. നിലനിര്‍ത്തിയ ദ്രുവ് ജുറേലും ഷിംറോന്‍ ഹെറ്റ്‌മെയറും റിയാന്‍ പരാഗുമെല്ലാം ടീമിന്റെ അന്തകന്മാരാവുന്നതാണ് കാണാനാവുന്നത്.
രാജസ്ഥാന്റെ നായകനായ സഞ്ജു സാംസണിന് പരിക്കേറ്റതാണ് ടീമിനെ വലിയ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. ആദ്യ മൂന്ന് മത്സരങ്ങളിലും നായകനല്ലാതെ സഞ്ജു കളിച്ചു. പിന്നീട് നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയതിന് പിന്നാലെ വീണ്ടും പരിക്കേറ്റതോടെ ടീമിന് പുറത്തായി. ടീമിന് കരുത്തായി ഡഗൗട്ടില്‍ സഞ്ജു ഉണ്ടായിരുന്നെങ്കിലും കളത്തിലെ സഞ്ജുവിന്റെ വിടവ് നികത്താന്‍ രാജസ്ഥാന് സാധിച്ചില്ലെന്ന് തന്നെ പറയാം. എന്നാല്‍ മുംബൈക്കെതിരായ തോല്‍വിക്ക് പിന്നാലെ സഞ്ജുവിനെതിരേ വിമര്‍ശനം ഉയരുകയാണ്.
ടീം തോറ്റപ്പോള്‍ സഞ്ജു ചിരിച്ചു
രാജസ്ഥാന്‍ റോയല്‍സ് തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് മുംബൈക്കെതിരേ നടത്തിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം നനഞ്ഞ പടക്കമായി. തോല്‍വിക്ക് ശേഷം രാജസ്ഥാന്‍ ടീമാകെ നിരാശയോടെയാണ് കാണപ്പെട്ടത്. ഡഗൗട്ടിലിരുന്ന സഞ്ജുവിനെ ആദ്യം ഭാവ വ്യത്യാസമില്ലാത്ത മുഖ ഭാവത്തിലാണ് കണ്ടത്. എന്നാല്‍ ഒരുവശത്തേക്ക് മുഖം മാറ്റി സഞ്ജു ചെറുതായി ചിരിക്കുന്നതും മത്സര ശേഷം കാണാനിടയായി. ഇതാണ് വിമര്‍ശനത്തിന് വഴി തുറന്നിരിക്കുന്നത്.

ടീമിന്റെ തോല്‍വി സഞ്ജു ആഗ്രഹിക്കുന്നുവെന്നും ടീമിനുള്ളിലെ ഭിന്നത തുറന്ന് കാട്ടുന്നതാണ് ഇതെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്. സഞ്ജു ടീമിന്റെ നായകനാണ്. ടീമില്‍ പല പ്രശ്‌നങ്ങളുണ്ടെങ്കിലും സീനിയര്‍ താരമെന്ന നിലയിലും പ്രധാന താരമെന്ന നിലയിലും ഇത്തരമൊരു പ്രതികരണം സഞ്ജു നടത്താന്‍ പാടില്ലായിരുന്നു. സഞ്ജുവിനെ വളര്‍ത്തിയത് രാജസ്ഥാനാണ്. രാഹുല്‍ ദ്രാവിഡുമായി സഞ്ജുവിന് അഭിപ്രായ ഭിന്നതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതുകൊണ്ടുതന്നെ രാജസ്ഥാന്റെ തോല്‍വി സഞ്ജുവിനെ സംബന്ധിച്ച് സന്തോഷം നല്‍കുന്നുണ്ടാവാം. തന്റെ വാക്കുകള്‍ കേള്‍ക്കാതെ ടീമില്‍ നടത്തിയ വലിയ അഴിച്ചുപണികളാണ് രാജസ്ഥാന്റെ തോല്‍വിക്ക് കാരണമായിരിക്കുന്നത്. ഇതില്‍ വസ്തുതയുണ്ടെങ്കിലും സഞ്ജു ടീമിന്റെ തോല്‍വിയില്‍ നിരാശ കാണിക്കാത്തത് നന്ദികേടാണെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. സഞ്ജുവിന് ആദ്യം അവസരം നല്‍കിയത് ദ്രാവിഡാണെന്ന് മറക്കരുതെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
സഞ്ജുവിനെ പിന്തുണച്ചും ആരാധകര്‍
സഞ്ജു സാംസണെ അവഗണിച്ച് റിയാന്‍ പരാഗിനെ നായകനാക്കാനുള്ള നീക്കമാണ് രാജസ്ഥാന്‍ നടത്തുന്നത്. സഞ്ജു പരിശീലനമടക്കം നടത്തിയിട്ടും കളിപ്പിക്കാന്‍ ദ്രാവിഡ് തയ്യാറാവുന്നില്ല. ഇതില്‍ നിന്ന് തന്നെ സഞ്ജുവിനെ തഴയാനുള്ള നീക്കം വ്യക്തമാണ്. രാജസ്ഥാന്റെ തോല്‍വി സഞ്ജു ആഘോഷിക്കുകയല്ല ചെയ്തത്. തനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കാത്തതിന്റെ നിരാശ സഞ്ജുവിനുണ്ടായിരുന്നു.
മത്സര ശേഷം സ്വാഭാവികമായും സാഹചര്യം ഉള്‍ക്കൊണ്ടുകൊണ്ട് സഹതാരങ്ങളോട് പെരുമാറുകയാണ് സഞ്ജു ചെയ്തത്. ഇതിനെ തെറ്റായി വ്യാഖാനിക്കപ്പെട്ടതാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും സഞ്ജു രാജസ്ഥാനില്‍ അസ്വസ്തനാണെന്ന് തന്നെയാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്.