ലോകമെമ്പാടുമുള്ള സഞ്ജു സാംസണിന്റെയും രാജസ്ഥാന്‍ റോയല്‍സിന്റെയും ആരാധകര്‍ ഭയന്നതു തന്നെ സംഭവിച്ചേക്കും. വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ ക്യാപ്റ്റന്‍ കൂടിയായ സഞ്ജുവിനെ ടീമില്‍ കണ്ടേക്കില്ലെന്നു നിര്‍ണായക സൂചന നല്‍കിയിരിക്കുകയാണ് റോയല്‍സിന്റെ പുതിയ പോസ്റ്റ്. റോയല്‍സ് തങ്ങളുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ ഹാന്റിലില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ആരാധകരെ മുഴുവന്‍ ആശങ്കയിലാക്കുകയും ചെയ്തിരിക്കുകയാണ്. സഞ്ജു ടീമില്‍ തുടരില്ലെന്നു തന്നെയാണ് ഇതു നല്‍കുന്ന സൂചനയെന്നാണ് ആരാധകരുടെ സംശയം.
മേജര്‍ മിസ്സിങ് (Major Missing 😭💗) എന്ന കുറിപ്പോടെയാണ് പൊട്ടിക്കരയുകയും ഹൃദയത്തിന്റെയും ഇമോജികളോടൊപ്പം ഒരു വീഡിയോ റോയല്‍സ് പങ്കുവച്ചിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് ടീമിനോടൊപ്പമുള്ള സഞ്ജുവിന്റെ വ്യത്യസ്തമായ ആഹ്ലാദ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയതാണ് ഈ വീഡിയോ. ജോസ് ബട്‌ലറെയും കോച്ച് കുമാര്‍ സങ്കക്കാരയെയും മറ്റു ചില ടീമംഗങ്ങളെയുമെല്ലാം ഈ വീഡിയോയില്‍ സഞ്ജുവിനൊപ്പം നമുക്കു കാണാം. 28 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ളതാണ് ഈ വീഡിയോ.

ഐപിഎല്ലിന്റെ അടുത്ത സീസണിനു ഇനി മാസങ്ങള്‍ ശേഷിക്കവെ റോയല്‍സ് ഇങ്ങനെയൊരു വീഡിയോ ഈ സമയത്തു പുറത്തിറക്കിയതിനു പിന്നില്‍ എന്താണെന്നാണ് എല്ലാവരുടെയും മനസ്സില്‍ ഉയരുന്ന ചോദ്യം. മെഗാ താരലേലം ഈ വര്‍ഷം അവസാനത്തോടെ ഉണ്ടായേക്കുമെന്നാണ് വിവരം. അതിനു മുമ്പ് നിലനിര്‍ത്തുന്ന കളിക്കാരുടെ ലിസ്റ്റും ഫ്രാഞ്ചൈസികള്‍ പുറത്തുവിടും. ലേലത്തിനു മുമ്പ് സഞ്ജുവിനെ റോയല്‍സ് കൈവിടാനുള്ള തയ്യാറെടുപ്പിലാണോയെന്ന സംശയമാണ് പുതിയ വീഡിയോ നല്‍കുന്നത്.
എക്‌സിലൂടെ പങ്കുവച്ച രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ പോസ്റ്റ്
സഞ്ജുവിന്റെ കൂടുമാറ്റവുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഇതില്‍ കഴമ്പുണ്ടെന്ന സൂചന നല്‍കുന്നതാണ് റോയല്‍സിന്റെ പുതിയ പോസ്റ്റ്. ചെന്നൈ സൂപ്പര്‍ സിങ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, ഡല്‍ഹി ക്യാപ്പിറ്റല്‍സ് തുടങ്ങി പല ടീമുകളുമായി ചേര്‍ത്തും അദ്ദേഹത്തിന്റെ പേരില്‍ ഗോസിപ്പുകള്‍ വരുന്നുണ്ട്. റോയല്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ ലേലത്തിലെ കളിക്കാരുടെ പൂളില്‍ സഞ്ജുവിനെ തീര്‍ച്ചയായും നമുക്കു കാണാന്‍ സാധിക്കും. വലിയ ഡിമാന്റ് തന്നെ ലേലത്തില്‍ അദ്ദേഹത്തിനുണ്ടാവുമെന്ന കാര്യമുറപ്പാണ്.
2013ല്‍ റോയല്‍സിനൊപ്പം ഐപിഎല്‍ കരിയര്‍ ആരംഭിച്ച അദ്ദേഹം 11 വര്‍ഷത്തിനിടെ വെറും രണ്ടു ഫ്രാഞ്ചൈസികള്‍ക്കായി മാത്രമേ കളിച്ചിട്ടുള്ളൂ. റോയല്‍സിനെക്കൂടാതെ ഡല്‍ഹി ക്യാപ്പിറ്റസല്‍സാണ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ്) മറ്റൊരു ടീം. റോയല്‍സിനു രണ്ടു വര്‍ഷം ഐപിഎല്ലില്‍ നന്നും വിലക്ക് ലഭിച്ചപ്പോഴായിരുന്നു ഇത്.

വിലക്കിനു ശേഷം റോയല്‍സ് മടങ്ങിയെത്തിയപ്പോള്‍ സഞ്ജുവിനെയും അവര്‍ ഒപ്പം കൂട്ടുകയും ചെയ്തു. 2021 മുതല്‍ റോല്‍സിനെ നയിക്കുന്നത് അദ്ദേഹമാണ്. 2020ലെ സീസണിനു ശേഷം സ്റ്റീവ് സ്മിത്ത് നായകസ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ടതോടെയാണ് പകരം സഞ്ജുവിനു ഈ റോളിലേക്കു പ്രൊമോഷന്‍ ലഭിച്ചത്. ക്യാപ്റ്റനായുള്ള ആദ്യത്തെ സീസണില്‍ ടീമിനെ പ്ലേഓഫിലെത്തിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു.
എന്നാല്‍ 2022ല്‍ സഞ്ജു നയിച്ച റോയല്‍സ് ഫൈനലിലേക്കു കുതിച്ച് എല്ലാവരെയും ഞെട്ടിച്ചു. അന്നു ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനോടു അവര്‍ കീഴടങ്ങുകയായിരുന്നു. 2023ല്‍ പക്ഷെ റോയല്‍സ് പ്ലേഓഫ് കണ്ടില്ല. നേരിയ വ്യത്യാസത്തില്‍ അഞ്ചാമതാവുകയായിരുന്നു. എന്നാല്‍ അവസാന സീസണില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ റോയല്‍സ് രണ്ടാം ക്വാളിഫയറില്‍ തോറ്റാണ് പുറത്തായത്.