അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ 23ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്തിന് തട്ടകത്തില്‍ പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. നായകനും ഓപ്പണറുമായ ശുബ്മാന്‍ ഗില്ലിനെ തുടക്കത്തിലേ നഷ്ടമായി. രണ്ട് റണ്‍സെടുത്ത ഗില്ലിനെ ജോഫ്രാ ആര്‍ച്ചര്‍ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 14 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് സൃഷ്ടിച്ചത്.
ഗില്‍ മടങ്ങിയ ശേഷം ജോസ് ബട്‌ലറാണ് ക്രീസിലെത്തിയത്. ഏഴ് വര്‍ഷത്തോളം രാജസ്ഥാന്‍ റോയല്‍സിന്റെ നട്ടെല്ലായിരുന്ന ബട്‌ലര്‍ ഈ സീസണില്‍ ഗുജറാത്തിലേക്കെത്തുകയായിരുന്നു. രാജസ്ഥാനെതിരേ കളിക്കുകയെന്നത് ബട്‌ലറെ സംബന്ധിച്ചും അല്‍പ്പം വൈകാരികമായ പ്രശ്‌നമാണ്. രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിനൊപ്പം വലിയ കൂട്ടുകെട്ടുകള്‍ സൃഷ്ടിച്ച ബട്‌ലര്‍ക്ക് വലിയ ആത്മബന്ധവും ഉണ്ടായിരുന്നു. ഇപ്പോള്‍ സഞ്ജുവിനെ എതിരിട്ട് കളിക്കേണ്ടി വന്നിരിക്കുകയാണ്.
ബട്‌ലര്‍ ക്രീസിലെത്തിയതിന് പിന്നാലെ സഞ്ജു സാംസണ്‍ ഒരുക്കിയ ഫീല്‍ഡിങ് ബട്‌ലറെ അപമാനിക്കുന്നതാണെന്നും സഞ്ജു ബട്‌ലറെ ചെറുതാക്കി കാണിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ആരാധകരെ ചൊടിപ്പിച്ചത് എന്താണെന്ന് അറിയാം.
ബട്‌ലര്‍ക്ക് അടുത്ത് ഫീല്‍ഡറെ നിര്‍ത്തി
ജോസ് ബട്‌ലര്‍ ക്രീസിലെത്തിയപ്പോള്‍ രണ്ട് സ്ലിപ്പിനെ സഞ്ജു കൊണ്ടുവന്നു. നേരിടുന്ന ആദ്യ പന്തില്‍ എഡ്ജാവാനുള്ള സാധ്യത വിലയിരുത്തി രണ്ട് സ്ലിപ്പ് ഫീല്‍ഡര്‍മാരെ പരിഗണിക്കുന്നത് തെറ്റാണെന്ന് പറയാനാവില്ല. എന്നാല്‍ ഇതിന് ശേഷം സഞ്ജു നടത്തിയ നീക്കമാണ് രസകരം. ജോഫ്രാ ആര്‍ച്ചറിന്റെ ഓവര്‍ ആയതിനാല്‍ ബാറ്റ്‌സ്മാന് എളുപ്പമാവില്ലെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ബട്‌ലര്‍ക്ക് അടുത്തേക്ക് സഞ്ജു ഫീല്‍ഡറെ വിന്യസിക്കുകയായിരുന്നു.
ഷോര്‍ട്ട് ലെഗ് ഫീല്‍ഡറായി നിന്ന നിതീഷ് റാണയെ കയറ്റി ഇട്ട് ബട്‌ലറെ സമ്മര്‍ദ്ദത്തിലാക്കാനാണ് സഞ്ജു ശ്രമിച്ചത്. എന്നാല്‍ സഞ്ജുവിന്റെ നീക്കം ബട്‌ലറെ അപമാനിക്കുന്ന തരത്തിലാണെന്നായിരുന്നു ഒരു വിഭാഗം പറയുന്നത്. സഞ്ജു ബട്‌ലറെ ചെറുതാക്കി കാണിക്കാനും വിലകുറച്ച് കാണിക്കാനുമാണ് ശ്രമിച്ചത്. രാജസ്ഥാന്‍ ഒഴിവാക്കിയ ബട്‌ലര്‍ക്ക് ഇത്ര നിലവാരമേ ഉള്ളൂ എന്ന് കാണിക്കാനായി മനപ്പൂര്‍വ്വമാണ് ഇത്തരമൊരു ഫീല്‍ഡ് ഒരുക്കിയതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
സഞ്ജുവും ബട്‌ലറും തമ്മില്‍ മികച്ച ബന്ധം
സഞ്ജു സാംസണും ജോസ് ബട്‌ലറും തമ്മില്‍ അടുത്ത സൗഹൃദമാണുള്ളത്. ഇത്തവണ ഏറ്റവും പ്രയാസപ്പെട്ടെട്ടുത്ത തീരുമാനം ബട്‌ലറെ ഒഴിവാക്കുന്നതായിരുന്നുവെന്നാണ് സഞ്ജുവടക്കം പറഞ്ഞത്. ഏറെ നാള്‍ ഇതിന്റെ നിരാശയുണ്ടായിരുന്നു. ഇംഗ്ലണ്ട് പരമ്പരക്കിടെ ബട്‌ലറോടൊപ്പം ഭക്ഷണം കഴിക്കാന്‍ പോയിരുന്നുവെന്നും ബട്‌ലറോട് തന്റെ നിരാശ തുറന്ന് പറയുകയും ചെയ്തുവെന്നും സഞ്ജു ജിയോ ഹോട്ട്‌സ്റ്റാറില്‍ സംസാരിക്കവെ പറഞ്ഞു.

ഏത് സമയത്തും സമീപിക്കാവുന്ന മൂത്ത സഹോദരനാണ് ബട്‌ലറെന്നാണ് സഞ്ജു പറയുന്നത്. ഏഴ് വര്‍ഷത്തോളം ടീമിന്റെ നെടുന്തൂണായിരുന്നു ബട്‌ലര്‍. സഞ്ജുവും ബട്‌ലറും ചേര്‍ന്ന് ഏറെ കാലം രാജസ്ഥാനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിരുന്നു. പരസ്പരം വളരെയധികം സംസാരിച്ചിരുന്നുവെന്നും ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും സഞ്ജുവും ബട്‌ലറും പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ സഞ്ജു മനപ്പൂര്‍വ്വം ബട്‌ലറെ അപമാനിക്കുവെന്ന് കരുതാനാവില്ല.
ബട്‌ലര്‍ മികച്ച ഫോമില്‍
ദ്രുവ് ജുറേലിനെ നിലനിര്‍ത്താനാണ് ജോസ് ബട്‌ലറെ രാജസ്ഥാന്‍ ഒഴിവാക്കിയത്. എന്നാല്‍ ഇത് മണ്ടത്തരമാണെന്നാണ് ആദ്യ മത്സരങ്ങളിലെ പ്രകടനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. മൂന്നാം നമ്പറിലാണ് ബട്‌ലര്‍ ഗുജറാത്തിനായി കളിക്കുന്നത്. സ്ഥിരതയോടെ കളിക്കാന്‍ താരത്തിനാവുന്നുണ്ട്. ദ്രുവ് ജുറേലിനെക്കാളും ഇംപാക്ട് സൃഷ്ടിക്കാന്‍ ബട്‌ലര്‍ക്ക് സാധിക്കുന്നുണ്ടെന്ന് തന്നെ പറയാം. രാജസ്ഥാനെതിരേ ഭേദപ്പെട്ട തുടക്കം നല്‍കാന്‍ ബട്‌ലര്‍ക്ക് സാധിച്ചിട്ടുണ്ട്.