ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ സായ് സുദര്‍ശന്റെ ഗംഭീര ബാറ്റിങ് പ്രകടനം തുടരുകയാണ്. മിന്നും ഫോമില്‍ കളിക്കുന്ന സായ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയാണ് നേടിയത്. 37 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 56 റണ്‍സാണ് സായ് സുദര്‍ശന്‍ നേടിയത്. 65, 84*, 6, 103, 74, 63, 49, 5, 82, 56 എന്നിങ്ങനെയാണ് ഐപിഎല്ലിലെ അവസാന 10 ഇന്നിങ്‌സിലെ സായ് സുദര്‍ശന്റെ സ്‌കോര്‍.
ഈ സ്‌കോറില്‍ നിന്ന് തന്നെ താരത്തിന്റെ സ്ഥിരത എത്രത്തോളമെന്ന് വ്യക്തമാവും. ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ നിലവില്‍ തലപ്പത്താണ് സായിയുള്ളത്. അവസാന സീസണിലും മികവ് കാട്ടാന്‍ സായിക്കായിരുന്നു. ഇതോടെ സായ് സുദര്‍ശനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന്റെ ഓപ്പണര്‍മാര്‍ സഞ്ജു സാംസണ്‍, യശ്വസി ജയ്‌സ്വാള്‍, അഭിഷേക് ശര്‍മ എന്നിവരെല്ലാമാണ്.
ഇവരെല്ലാം അതിവേഗം റണ്‍സുയര്‍ത്തുന്നവരും മികച്ച റെക്കോഡുള്ളവരുമാണ്. എന്നാല്‍ ഇവരെക്കാളൊക്കെ മികച്ച ടി20 ഓപ്പണറാണോ സായ് സുദര്‍ശന്‍. ഗുജറാത്ത് ഓപ്പണറുടെ പ്രധാന കരുത്തും ദൗര്‍ബല്യവും എന്തൊക്കെയാണെന്ന് നോക്കാം.
സ്ഥിരതയില്‍ മറ്റുള്ളവരെക്കാള്‍ കേമന്‍
സായ് സുദര്‍ശന് നിലവിലെ ഇന്ത്യയുടെ മറ്റ് ഓപ്പണര്‍മാരെക്കാള്‍ സ്ഥിരതയുണ്ടെന്ന് നിസംശയം പറയാം. മിക്ക മത്സരങ്ങളിലും ശരാശരി പ്രകടനമെങ്കിലും സായ് സുദര്‍ശനില്‍ നിന്ന് പ്രതീക്ഷിക്കാം. സ്ഥിരതയുടെ കാര്യത്തില്‍ മറ്റ് താരങ്ങളെക്കാള്‍ വിശ്വസ്തന്‍ സായിയാണ്. എന്നാല്‍ സായിക്ക് വലിയ ഇംപാക്ട് സൃഷ്ടിക്കാനുള്ള കഴിവ് കുറവാണെന്ന് പറയാം. ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുകയും ടീമിന്റെ സഹതാരങ്ങള്‍ക്കെല്ലാം ആത്മവിശ്വാസം നല്‍കുകയെന്നതും എളുപ്പമുള്ള കാര്യമല്ല.
സായിക്ക് ഇത്തരമൊരു കഴിവ് അവകാശപ്പെടാനാവില്ല. സഞ്ജു സാംസണ്‍ ക്രീസില്‍ നിന്നാല്‍ ആദ്യത്തെ ആറ് ഓവറില്‍ സൃഷ്ടിക്കുന്ന ഇംപാക്ടിന്റെ പകുതിപോലും സൃഷ്ടിക്കാന്‍ സായ് സുദര്‍ശന് കഴിവില്ല. ഇക്കാര്യത്തില്‍ ജയ്‌സ്വാളും അഭിഷേകുമെല്ലാം സായ് സുദര്‍ശനെക്കാള്‍ ഒരുപടി മുകളിലാണ്. സായ് സ്ഥിരതയോടെ കളിക്കാന്‍ ശേഷിയുള്ളവനാണെങ്കിലും നിലവിലെ ഇന്ത്യയുടെ ടി20 ഓപ്പണര്‍മാരെക്കാള്‍ ഇംപാക്ട് സൃഷ്ടിക്കുന്നവനാണെന്ന് പറയാനാവില്ല.

പവര്‍പ്ലേയ്ക്ക് ശേഷം സ്‌ട്രൈക്ക് റേറ്റ് കുറയുന്നു
സായ് സുദര്‍ശന്‍ വലിയ സ്‌കോറിലേക്ക് ഉയരാന്‍ ശേഷിയുള്ള താരമാണ്. എന്നാല്‍ പവര്‍പ്ലേയ്ക്ക് ശേഷമുള്ള താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് മോശമാണെന്ന് തന്നെ പറയാം. അര്‍ധ സെഞ്ച്വറിയിലേക്ക് മികച്ച സ്‌ട്രൈക്ക് റേറ്റിലെത്താന്‍ പലപ്പോഴും സായിക്ക് സാധിക്കാറുണ്ട്. എന്നാല്‍ ഇതിന് ശേഷം സായിക്ക് കാര്യമായ സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ സാധിക്കാറില്ലെന്നതാണ് വസ്തുത. ലഖ്‌നൗവിനെതിരേ 32 പന്തിലാണ് സായ് സുദര്‍ശന്‍ അര്‍ധ സെഞ്ച്വറി നേടിയത്. 37 പന്തില്‍ 56 റണ്‍സെടുത്താണ് പുറത്തായത്.
പവര്‍പ്ലേയ്ക്ക് ശേഷവും അതിവേഗം റണ്‍സുയര്‍ത്താന്‍ സഞ്ജുവിനും ജയ്‌സ്വാളിനും അഭിഷേകിനും കഴിവുണ്ട്. ക്രീസില്‍ നില്‍ക്കുന്ന സമയത്തോളം മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ ഇവര്‍ക്കാവും. തുടര്‍ച്ചയായി വലിയ ഷോട്ടുകള്‍ കളിക്കുകയും വിക്കറ്റ് പോകുമോയെന്ന് ഭയമില്ലാതെ കളിക്കുകയും ചെയ്യാന്‍ സായ് സുദര്‍ശനെക്കാള്‍ കഴിവ് നിലവിലെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്കുണ്ട്. സായ് സുദര്‍ശന്റെ ക്ലാസിക് ശൈലിയെക്കാള്‍ ഇന്ത്യക്ക് ഉപകരിക്കുന്നത് നിലവിലെ ഓപ്പണര്‍മാരുടെ വെടിക്കെട്ട് ശൈലിയാണ്.
സായ് സുദര്‍ശനെ ടി20 ഓപ്പണറാക്കിയേക്കില്ല
സഞ്ജു സാംസണും യശ്വസി ജയ്‌സ്വാളും അഭിഷേക് ശര്‍മയുമുള്ളപ്പോള്‍ സായ് സുദര്‍ശനെ ടി20 ഓപ്പണറാക്കില്ലെന്നുറപ്പാണ്. എന്നാല്‍ സായിയുടെ മികവിനെ അവഗണിക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറായേക്കില്ല. അതുകൊണ്ടുതന്നെ ടെസ്റ്റിലേക്ക് താരത്തിന് വിളിയെത്താനാണ് സാധ്യത. വരാനിരിക്കുന്ന ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ സായ് സുദര്‍ശന് അവസരം ലഭിക്കാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ ടി20യില്‍ ഇത്തരമൊരു അവസരം സായ് സുദര്‍ശന് ലഭിക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം.